"ഞാനിനി വീടുകൾ പണിയുന്നത് നിർത്തി. മനോഹരമായി ഞാൻ പടുത്തുയർത്തുന്ന വീടുകളിൽ എങ്ങനെ സന്തോഷമായി കഴിയണമെന്ന് ആളുകൾക്കറിയില്ല". എന്ന് 'മാസ്റ്റർ ബിൽഡർ' നാടകത്തിൽ സോൾനെസ്സ് എന്ന കഥാപാത്രത്തെക്കൊണ്ട് ഹെൻട്രിക് ഇബ്സൺ പറയിപ്പിക്കുന്നുണ്ട്.
വീട് പലർക്കും പലതാണ്. സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. സ്വന്തം വീട്ടിൽ ജനിച്ചവരേക്കാൾ അതിന്റെ മൂല്യമറിയാവുന്നത് വാടകയ്ക്ക് പത്തു പതിനഞ്ചു വീടുകൾ മാറി അവസാനം സ്വന്തമായി വീട് കരസ്ഥമാക്കുന്നവർക്കാണ്. വീടുമായി ബന്ധപ്പെട്ട് അനേകം സിനിമകളും ഹ്രസ്വ ചിത്രങ്ങളും പല ഭാഷകളിൽ വന്നിട്ടുണ്ട്. മെട്രോപൊളിറ്റൻ നഗരങ്ങളിൽ വീടിനായി ഒരു വിഭാഗം അലഞ്ഞു തിരിയുമ്പോൾ തന്നെ മറ്റൊരുവിഭാഗം ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടി അടച്ചിടുന്ന വൈപരീത്യം നമുക്ക് കാണാവുന്നതാണ്.
1988 ൽ തന്നെ ബാലുമഹേന്ദ്ര സംവിധാനം നിർവഹിച്ച 'വീട്' എന്ന ചിത്രം ചെന്നൈ നഗരത്തിൽ സ്വന്തമായി ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ കഷ്ടതകൾ ഹൃദയസ്പർശിയായി പറയുന്നുണ്ട്. 2017 ൽ ചെഴിയൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് ദേശീയ അന്തർദേശീയ തലങ്ങളിൽ അൻപതിലധികം അവാർഡുകൾ വാരിക്കൂട്ടിയ തമിഴ് ചിത്രമാണ് 'To Let'.
2007, 2008 കാലഘട്ടങ്ങളിൽ ഐ. ടി. കമ്പനികൾ നഗരം കീഴടക്കിയപ്പോൾ അവരുടെ നഗരത്തിലേക്കുള്ള കുടിയേറ്റം ബാധിച്ചത് സ്വതന്ത്രമായി ചെന്നൈയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മധ്യവർഗകുടുംബങ്ങളെയാണ്. വാടകനിരക്ക് കുത്തനെ കൂടിയതും ഐ. ടി. പ്രൊഫഷണൽസിന് സാധാരണക്കാരേക്കാൾ വിപണി മൂല്യമുള്ളതിനാൽ നഗരത്തിലെ മധ്യവർഗ വാടകക്കാർക്ക് വീടുകൾ ഒഴിഞ്ഞു കൊണ്ട് നഗരാതിർത്തികളിലേക്ക് മാറേണ്ടിയും വന്ന ഹൃദയഭേദകമായ അവസ്ഥയാണ് ടു ലേറ്റിലൂടെ ചെഴിയൻ മുന്നോട്ട് വയ്ക്കുന്ന പ്രമേയം.
സിനിമ എഴുത്തിലൂടെ ജീവിതം മുന്നോട്ട് നയിക്കുന്ന ഇളങ്കോയും ഭാര്യ അമുദയും നാലുവയസ്സുകാരൻ മകൻ സിദ്ധാർത്ഥയും ചെറുതെങ്കിലും സന്തോഷപ്രദമായാണ് നഗരത്തിലെ അവരുടെ ഇടുങ്ങിയ വാടക വീട്ടിൽ കഴിഞ്ഞു വന്നത്. ഉള്ള സൗകര്യങ്ങൾ കൊണ്ട് സന്തോഷമായി പരാതികളില്ലാതെ കഴിഞ്ഞു വന്ന അവരോട് മുകളിൽ താമസിക്കുന്ന വീട്ടുടമസ്ഥ രണ്ടു ആഴ്ചക്കുള്ളിൽ താമസം മാറണമെന്ന് പറയുമ്പോൾ സാവധാനം ഒഴുകി നീങ്ങിക്കൊണ്ടിരുന്ന ആ കുടുംബമാകെ ഉലയുകയാണ്. വീടാന്വേഷണവും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് 'ടു ലെറ്റ്' ചിത്രം സംസാരിക്കുന്നത്. ഇളങ്കോയായി സന്തോഷ് ശ്രീറാമും അമുദയായി ഷീല രാജ് കുമാറും സിദ്ധാർത്ഥയായി ധരുണും നമ്മെ വല്ലാതെ അഭിനയത്തിലൂടെ കഥാപാത്രത്തിന്റെ മാനറിസങ്ങളിലൂടെ വീർപ്പു മുട്ടിക്കും.
തീർച്ചയായും സ്വന്തം വീടുകളിലും വാടക വീടുകളിലും താമസിക്കുന്നവർ കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് 'ടു ലെറ്റ്'. അശ്രദ്ധമായി നമ്മൾ കടന്നിരിക്കുന്ന സ്വന്തം മുറികളെ ഇഷ്ടത്തോടെ ഒന്ന് ശ്രദ്ധിക്കാൻ, ചുവരുകൾ നൽകുന്ന സുരക്ഷിതത്വം മനസിലാക്കി അവയിലൂടെ വിരലുകളോടിക്കാൻ, സ്വന്തം വീടുകളെ പുറത്ത് നിന്നും പ്രണയപുരസ്സരം നോക്കിനിൽക്കാനൊക്കെ നമ്മൾ മറന്നുപോയി എന്ന് ഈ ചിത്രം ഓർമിപ്പിക്കും.

Comments