Skip to main content

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ'. അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്. 


                             റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെടുത്തവ. കാമുകിയോടുള്ള മാംസനിബദ്ധമായ അനുരാഗം മുതൽ പ്രപഞ്ചത്തിലെ സർവ്വവസ്തുക്കളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രണയംവരെ പകർന്നു നൽകുകയാണ് എഴുത്തുകാരൻ. യാത്രകൾക്കിടയിൽ നമ്മൾ സ്വയം മറന്നു നിന്ന പ്രകൃതികാഴ്ചകളിൽ മനസിനെ നിശ്ചലമാക്കി വാക്കുകളെ പ്രേത്യേക രീതിയിൽ പെറുക്കി അടുക്കുകയാണ് ഈ കലാകാരൻ. എപ്പോഴോ കണ്ടു മറന്ന കാഴ്ചകളുടെ നവമായ ചിത്രങ്ങൾ മനസ്സിൽ ഉദ്ധീപിപ്പിക്കപ്പെടുന്നു, ഇയാൾ സൃഷ്ടിക്കുന്ന അക്ഷരങ്ങളുടെ പ്രേത്യേക അടുക്കുകളിലൂടെ കടന്നു പോകുമ്പോൾ.

പ്രണയത്തിന്റെയും വിരഹത്തിന്റെയും സർവ തീവ്രതകളും ആവാഹിക്കുന്നുണ്ട് ആശ്‌ളേഷമെന്ന ആദ്യ കവിതയിൽ;      
ഭൂമിക്കടിയിൽ വേരുകൾ കൊണ്ട്
കെട്ടിപ്പിടിക്കുന്നു, ഇലകൾ തമ്മിൽ 
തൊടുമെന്നു പേടിച്ച് നാം അകറ്റിനട്ട മരങ്ങൾ

വാഗ്ദാനമെന്ന് പേരിടപ്പെട്ട കുഞ്ഞുകവിതയിലൂടെ എഴുത്തുകാരൻ പറയുന്നതിങ്ങനെ:              
തിരകളിൽ വായിച്ചു:
എത്രവട്ടം തിരിച്ചയക്കപ്പെട്ടാലും 
നിന്നിലേക്ക്
നിരന്തരം വന്നുകൊണ്ടേയിരിക്കും
എന്ന (എന്റെ) വാഗ്ദാനം!

ആരു പറഞ്ഞു? എന്ന കവിതയിലോ; 
ആരുപറഞ്ഞു മനുഷ്യന്
പറക്കാനാവില്ലെന്ന്?
എങ്കിൽ
പ്രണയത്തിൽപെട്ട നാൾമുതൽ
നിന്റെ പാദങ്ങൾ
ഭൂമിയിൽ തൊട്ടതിന്റെ തെളിവുകൾ 
അവർ ഹാജരാക്കട്ടെ.

ശത്രുതയുടെയും രക്തച്ചൊരിച്ചിലിന്റെയും വക്കിൽ നിന്നും പ്രണയം കണ്ടെടുത്ത കാഴ്ചയാണ്  ശ്വാസക്കാറ്റിനാൽ എന്ന കവിത;   
ഇനി നമുക്ക് പരസ്പരം എങ്ങനെ കൊല്ലാനാകും?
നീ ശ്വസിച്ചുവിട്ട അതേ പ്രാണവായുതന്നെ
ഞാനും ശ്വസിക്കയാൽ,
കത്തി ഒളിപ്പിച്ച് പല്ലിറുമ്മി നാം
അടുത്തടുത്തു നിന്ന നിമിഷങ്ങളിൽ.

തൊട്ടടുത്ത പേജിലെ ചങ്ങാതിയെന്ന കവിതയിങ്ങനെ; 
ഇന്ന്  മഴയായി വന്ന് തളിർപ്പിക്കരുതേ,
നാളെ വെയിലായ് വന്നിട്ടുണക്കുവാനാണെങ്കിൽ.

ഏകാന്തതയെന്ന കവിത ചോദിക്കുന്നു;
ഏകാന്തത ഇത്രമേൽ കൂടെയുള്ളപ്പോൾ 
ഞാനെങ്ങനെ ഒറ്റയ്ക്കാവും?

വിരുന്നെന്ന കവിതയോ;
ക്ഷമിക്കണം
വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട്
ഞാനെഴുതിയ കത്തിൽ
ഒരു പിശകു പറ്റി.
ധൃതിയിൽ സംഭവിച്ചതാണ്.
എനിക്ക് വീടില്ല.

മുൾവേലിക്ക് പറയാനുള്ളതോ;
മുൾവേലി പൂത്തിരിക്കുന്നു
അതിർത്തിയെക്കുറിച്ച് നാം വച്ച
ഒച്ചകൾക്കെല്ലാം മീതെയായി.

റൂമിക്കായി സമർപ്പിച്ച കവിത ;
മുറിവേറ്റെങ്കിലെന്ത്
നിന്റെ ചുണ്ടുകൾക്കൊപ്പം
താമസിക്കാനായില്ലേ?
പുല്ലാങ്കുഴൽ പാടുന്നു.

പ്രണയത്തെക്കുറിച്ചുള്ള വീരന്റെ ചിന്തകളെല്ലാം നമ്മെ വല്ലാതെ വികാരത്തിലാറാടിക്കും.
സമ്മാനിക്കാൻ എന്ന കവിത;
സമ്മാനിക്കാൻ ഒന്നുമില്ലയെന്ന കാരണത്താലാണ്    
  നീ കാണാൻ വരാഞ്ഞത് എന്നറിഞ്ഞു.
ചുണ്ടുകളുള്ള കാലത്തോളം കാമുകസന്നിധിയിൽ
പ്രണയിനി ദരിദ്രയാകുന്നതെങ്ങനെ?

പറയൂ എന്ന കവിതയിൽ;
രണ്ടുപേർ പ്രണയിച്ചു തുടങ്ങുമ്പോൾ 
അവരെ മാത്രമാക്കി ചുറ്റുമുള്ള ലോകം 
എങ്ങോട്ടാണ് പെട്ടെന്ന് പൊയ്ക്കളയുന്നത്?

വിചാരണ;
അടുത്തടുത്തു നിൽക്കുന്ന ചുണ്ടുകൾ
പാഴാക്കിക്കളഞ്ഞ ചുംബനങ്ങളെപ്പറ്റി
ദൈവം ചോദിക്കുമ്പോൾ 
നീ എന്ത് പറയും?
ഞാൻ എന്ത് പറയും?

അധികം സമയമെടുക്കാതെ വായിക്കാവുന്നതും സമയമെടുത്ത് ചിന്തിക്കേണ്ടതുമായ കുട്ടിക്കവിതകളുടെ കലവറയാണ് "തൊട്ടുതൊട്ടു നടക്കുമ്പോൾ". കുഞ്ഞുകവിതകൾ അവസാനിക്കുന്നതോ 'കുറിപ്പുകൾ' എന്ന് തലക്കെട്ട് നൽകിയ നാല് ശൂന്യമായ പേപ്പറുകളിൽ. ഈ കവിതകൾ വായിക്കുന്ന ആരിലും വായനാവസാനം സമാനമായി കവിതകൾ ജനിക്കുമെന്ന് മുൻകൂട്ടിമനസ്സിലാക്കി ബോധപൂർവം അവശേഷിപ്പിച്ച ശൂന്യമായ നാല് പേജുകൾ.
                 പുസ്തകം എന്നിലുണ്ടാക്കിയ മനസാന്തരത്തെക്കുറിച്ച് കാമുകിയോട് വാചാലയായപ്പോൾ അവൾ പരിഭവിച്ചു; 
ഇതൊക്കെ ഞാൻ എത്ര രാത്രികളിൽ പ്രണയത്തോടെ നിങ്ങളോട് മൊഴിഞ്ഞിട്ടുണ്ട്. അന്നൊന്നും നിങ്ങൾ ഞാൻ പറയുന്ന വരികളിൽ പ്രണയം കണ്ടിരുന്നില്ലയെന്ന്;
ധൃതിയിൽ ഞാനെന്റെ പുസ്തകത്തിലെ ശൂന്യമായ കുറിപ്പുകളിൽ എഴുതി;
"കൂട്ടമായിരിക്കുന്ന വാക്കുകൾ കാണുമ്പോൾ 
മാത്രമാണ് മനസ്സിൽ ദഹനം നടക്കുന്നത്
കേൾക്കുമ്പോഴോ അജീർണവും.
വായനയിലൂടെ പുനർജനി തേടുന്ന
വാക്കുകൾ കണ്ടെടുക്കപ്പെടേണ്ടവയാണ്
അനുഭവങ്ങളിലൂടെയും അനുഭൂതിയിലൂടെയും"...

Comments

jyothsna tv said…
മനോഹരം

JUHI WILSON said…
ചിന്തകളെ വളർത്തുവാൻ സഹായകമായഒരു പിടി കവിതകൾ.... അതിലൂടെ വളർന്ന ശാഖകളും സുന്ദരവഹം...

Popular posts from this blog

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)