സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ യാത്ര പോകുന്നില്ല നിങ്ങളെങ്കിൽ, വായനയില്ല നിങ്ങൾക്കെങ്കിൽ, ജീവിതത്തിന്‍റെ ശബ്ദങ്ങൾക്കു കാതു കൊടുക്കുന്നില്ല നിങ്ങളെങ്കിൽ, തന്നെ മതിപ്പില്ല നിങ്ങൾക്കെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ആത്മാഭിമാനത്തെ കൊല ചെയ്യുന്നു നിങ്ങളെങ്കിൽ; അന്യസഹായം വേണ്ടെന്നു വയ്ക്കുന്നു നിങ്ങളെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ശീലങ്ങൾക്കടിമയാവുന്നു നിങ്ങളെങ്കിൽ, ഒരേ വഴിയിലൂടെയാണു നിങ്ങൾക്കെന്നും യാത്രയെങ്കിൽ… ദിനചര്യ മാറ്റുന്നില്ല നിങ്ങളെങ്കിൽ, നിറങ്ങൾ മാറിമാറിയുടുക്കുന്നില്ല നിങ്ങളെങ്കിൽ, അപരിചിതരോടു മിണ്ടാൻ നില്ക്കുന്നില്ല നിങ്ങളെങ്കിലും. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ നിങ്ങളുടെ കണ്ണുകളെ തിളക്കുന്ന, നിങ്ങളുടെ ഹൃദയമിടിപ്പു കൂട്ടുന്ന ആസക്തികൾക്കും വിക്ഷുബ്ധവികാരങ്ങൾക്കും ഇടം കൊടുക്കുന്നില്ല നിങ്ങളെങ്കിൽ. സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ ചെയ്യുന്ന ജോലിയിൽ, ഏർപ്പെട്ട പ്രണയത്തിൽ തൃപ്തനാവാതെ വരുമ്പോൾ ജീവിതരീതി മാറ്റുന്നില്ല നിങ്ങളെങ്കിൽ, നിശ്ചയമില്ലാത്തതൊന്നിനായി സുരക്ഷിതമായതൊന്നിനെ പണയം വയ്ക്കുന്നില്ല നിങ്ങളെങ്കിൽ, ഒരു സ്വപ്നത...