ലോകപ്രശസ്ത ആഫ്രിക്കൻ അമേരിക്കൻ ജാസ് പിയാനിസ്റ്റും കറുത്തവർഗക്കാരനുമായ ഡോ. ഡോൺ ഷേർളിയും അയാളുടെ വെളുത്ത വർഗക്കാരനായ ഡ്രൈവർ ടോണി ലിപ്പും അമേരിക്കയുടെ തെക്ക് ഭാഗങ്ങളിലൂടെ മ്യൂസിക് പര്യാടനം നടത്തിവരുമ്പോൾ പോലിസ് കാർ തടയുന്നു. കാർ കടന്നുപോയ വഴിയിലെ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു. "Whites only within city limits after dark".
കഴിഞ്ഞ വർഷം (2018) ഓസ്കാർ പുരസ്കാരം ലഭിച്ച ചിത്രമാണ് 'ഗ്രീൻ ബുക്ക്'. വെളുത്തവൻ ഉയർന്ന ജോലിയും കറുത്തവൻ താഴ്ന്ന ജോലിയും; അവർക്കിടയിലെ സൗഹാർദ്ദങ്ങളുടെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അമേരിക്കയിലെ പ്രശസ്ത പിയാനിസ്റ്റ് ആയ കറുത്ത വർഗക്കാരനായ ഡോ. ഡോൺ ഷേർളിയും അയാളുടെ ഡ്രൈവറും വെളുത്ത വർഗക്കാരനായ ടോണി ലിപ്പിന്റെയും ഒന്നിച്ചുള്ള സംഗീത യാത്രകളുടെ കഥയാണ് 'ഗ്രീൻ ബുക്ക്'. 1962ൽ അമേരിക്കയിൽ നടന്ന യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമായ 'ഗ്രീൻ ബുക്കിന്റെ' സംവിധാനം നിർവഹിച്ചിരിക്കുന്നത് Peter Farelly ആണ്.
1950കളിൽ അമേരിക്കയിൽ 'The Negro Motorist Green Book' എന്നൊരു പുസ്തകം ലഭിക്കുമായിരുന്നു.അമേരിക്കയിലെ കറുത്ത വർഗക്കാർക്കും അമേരിക്കയിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ട കറുത്തവർഗക്കാർക്കും വേണ്ടിയുള്ള വഴികാട്ടിയാണ് പ്രസ്തുത പുസ്തകം. കറുത്തവർക്ക് വേണ്ടിയുള്ള ഭക്ഷണശാലകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സർവീസ് സ്റ്റേഷനുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, പാർക്കുകൾ എല്ലാം അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. വെളുത്തവരുടെ ഇടങ്ങളിൽ കടന്നാൽ അവർ ശിക്ഷിക്കപ്പെടുമായിരുന്നു. ആ പുസ്തകത്തിന്റെ പേരിൽ നിന്നും കടമെടുത്ത ഈ ചിത്രം വളരെയധികം കറുത്ത ഹാസ്യത്താൽ നിറഞ്ഞതാണ്.
വെളുത്തവരുടെ വലിയ പാർട്ടികളിൽ പിയാനിസ്റ്റായി ക്ഷണമുണ്ടെങ്കിലും പലതരം അവഹേളനങ്ങൾക്ക് ഡോ. ഷേർളി ബലിയാടായിട്ടുണ്ട്. അയാളുടെ ഡ്രൈവറായി യാത്ര ചെയ്യുന്ന ടോണിക്ക് ലഭിക്കുന്ന മര്യാദ പോലും പലയിടങ്ങളിൽ അയാൾക്ക് ലഭിക്കുന്നില്ല. അവർക്കിടയിലെ രസകരമായ സൗഹൃദത്തിന്റെ കഥയാണ് 'ഗ്രീൻ ബുക്ക്'. ടോറോന്റോ, ഓസ്കാർ പോലുള്ള നിരവധി മേളകളിൽ അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്.


Comments
❤️❤️