Skip to main content

"ഒസ്സാത്തി"




           "ഒസ്സാത്തി" പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി. കാരണം ഈ പേര്  ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി  കേള്‍ക്കുന്ന  പേരാണ്. "ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത്". ഉമ്മയുടെ വാക്കുകളാണ്. ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത്. ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ(ചേലാ കർമ്മം) പേറ്റന്റും ഇവർക്കായിരുന്നു. ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല. പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം. റമളാനിൽ വീട്ടിൽ സാക്കാത്ത് (ദാനം) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ(പാവങ്ങൾ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും. ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു. എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്  തേടി പല്ലൊക്കെ വെറ്റിലക്കറയുമായി ഒരു   വൃദ്ധൻ സ്‌ഥിരമായി വീട്ടിൽ വരുമായിരുന്നു."ഇത് ആരിണ് തെരിയുമാ പുള്ളേ, ഉനക്ക് സുന്നത്ത് (ചേലാ കർമ്മം) പണ്ണുന ഒസാവാക്കും". ഉമ്മ പറയുന്നത് കേട്ടയാൾ എന്നെ നോക്കി തൊള്ള കാട്ടിച്ചിരിക്കും. എന്റെ  സുന്നത്ത് കല്യാണത്തിന് വേദനയുണ്ടായപ്പോള്‍ കാലുയർത്തി ഒസ്സായുടെ നെഞ്ചിൽ ഞാൻ ചവിട്ടിയെന്ന് ആരൊക്കെയോ പറഞ്ഞെന്റെ മനസ്സിൽ ഉറച്ചു പോയതിനാൽ അയാളെ കാണുമ്പോൾ മനസൊന്ന് പിടക്കുമായിരുന്നു. അന്നൊക്കെ ഒസ്സാന്മാരെന്നത് ബാർബറിന്റെ ഇസ്ലാമികപേരായിരിക്കുമെന്നാണ് ഞാൻ കരുതിയത്‌. ഇസ്ലാമിലെ അദൃശ്യമായ താഴ്ന്നജാതിയാണതെന്ന തിരിച്ചറിവിന് വർഷങ്ങൾ പലത് കൂടി വേണ്ടി വന്നു. "അയ്യേ, അവനെ യാര് വക വൈക്കേ, അവന്‍ ഒസ്സാകുടിയിലെ ഇരുന്തില്ലിയ പെണ്ണുകെട്ടിയിരിക്കാൻ" എന്നുള്ള അടക്കം പറച്ചിലുകൾ പലതും ബാല്യത്തിലൂടെ എനിക്ക് ചുറ്റും കടന്നുപോയിട്ടുമുണ്ട്. 
                                            ഈ ഭൂതകാലത്തിലൂന്നിയുള്ള വര്‍ത്ത‍മാനകാലസാഹചര്യത്തിലാണ് പ്രിയസുഹൃത്ത് ശ്യാമ കുമളിയിൽ നിന്നും സന്ദർശിക്കാൻ വന്നപ്പോൾ ബീനയുടെ ഏറ്റവും പുതിയ നോവലായ  "ഒസ്സാത്തി" (ഡിസി ബുക്സ്) ഉപഹാരമായി സമ്മാനിച്ചത്. പേര്  പഴമകളിലേക്കുള്ള ചില ഓര്‍മകളിലേക്ക്  നയിച്ചതിനാൽ വായിക്കാനുള്ള വ്യഗ്രതയും കൂടി. പലസ്തീനിലേയും ലെബനനിലേയും പാകിസ്ഥാനിലേയും മുസ്‌ലിംസ്ത്രീകളുടെ തുറന്നുപറച്ചിലുകൾ പലതും വായിച്ച് അമ്പരന്നിരിക്കുമ്പോഴാണ് മലയാളത്തിൽ 'ബർസ' പോലെ ശക്തമായ മറ്റൊരു നോവൽ; "ഒസ്സാത്തി".
                       പേര് സൂചിപ്പിക്കുംപോലെ തന്നെ ഒസ്സാകുടുംബത്തിൽ ജനിക്കേണ്ടി വന്ന 'സൽമയുടെ' ദുരന്തജീവിത ചിത്രം. സൽമയെ വഴിയിൽ കണ്ട് ഇഷ്ടം തോന്നിയ അൻവർ തന്റെ പ്രണയം സുഹൃത്തായ പ്രദീപിനോട് പറയുമ്പോൾ അയാൾ ഈ ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പാരമ്പര്യമുള്ള മുസ്ലീങ്ങൾ ഒസ്സാ കുടുംബത്തിൽ നിന്നും പെണ്ണെടുക്കില്ലയെന്നാ അൻവറിന്റെ വിഷാദത്തെ അത്ഭുതത്തോടെയാണ് പ്രദീപ് ശ്രവിക്കുന്നത്. അപ്പോൾ ഞങ്ങളെപ്പോലെ നിങ്ങൾക്കിടയിലും ജാതിയുണ്ടോ എന്ന പ്രദീപിന്റെ മുൻപിൽ അത്രക്കില്ല എന്ന ഒഴുക്കൻ മറുപടി പറയാനേ അൻവർക്ക് കഴിയുന്നുള്ളൂ. അൻവറിന്റെ പിടിവാശിക്ക് മുൻപിൽ ഉപ്പാ അബൂബക്കർ ഹാജി നിക്കാഹിന് സമ്മതിക്കുമ്പോൾ ഡിഗ്രി ഒന്നാംവർഷ വിദ്യാർത്ഥിയായ സൽ‍മ അറിയുന്നില്ല ഭർതൃഗൃഹത്തിൽ തന്നെക്കാത്തിരിക്കുന്ന ദുരിതപർവങ്ങളുടെ കഥ. നിൽക്കക്കള്ളിയില്ലാതെ സൗദിയിലേക്ക് പോകേണ്ടി വന്ന അൻവറിലൂടെ പ്രവാസ ജീവിതത്തിന്റെ ദാരുണപരമായ അവസ്ഥയും കലാചാതുരിയോടെ ബീന വരച്ചിടുന്നുണ്ട്. 
                     സേതുവിന്റെ 'കുലത്തൊഴിലിലെ' പോലെ സൽമയ്ക്കും പാരമ്പര്യതൊഴിലിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയുന്നില്ല. എന്നാലവൾ കൂടുതൽ കരുത്താർജ്ജിക്കുന്നുണ്ട്. ഭർത്താവ് നഷ്ടപ്പെട്ട് ഭർതൃഗൃഹത്തിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നപ്പോഴും രണ്ടു പെൺമക്കളെയും നെഞ്ചോടു ചേർത്ത് പിടിച്ചവൾ സ്വപ്നം കാണുന്നുണ്ട്.  നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളിൽ നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനേകം സൽമമാർ ഉണ്ടെന്ന നോവൽ നൽകുന്ന യാഥാർഥ്യത്തിന് മുൻപിൽനിന്നും ഒഴിഞ്ഞുമാറാൻ വായനക്കാർക്കാകില്ല. മുഖവുരയിൽ ബീന, കുന്ദേരയുടെ വാക്കുകളെ കടമെടുത്ത് അത് പ്രേത്യേകം ഓർമിപ്പിക്കുന്നുമുണ്ട്. 
       
 "മറവിക്കെതിരെ ഓർമ്മകൾകൊണ്ട് നമ്മൾ സമരം ചെയ്യേണ്ടിയിരിക്കുന്നു". 

ചില ഓർമ്മപ്പെടുത്തലുകൾപോലും സമരമാണ്, ബീനയുടെ ഒസ്സാത്തിയെപ്പോലെ...

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................