Skip to main content

അരങ്ങിലെ പുത്തൻ പ്രവണതകളും സാധ്യതകളും

ഈ കൊറോണക്കാലത്തിൽ ഇങ്ങനെയൊരു സർഗാത്മകമായ ചർച്ച വാട്ട്സാപ്പിലൂടെ സംഘടിപ്പിച്ച പുരോഗമന കലാസാഹിത്യ സംഘത്തിന് ആദ്യമേ നന്ദി പറയുന്നു. ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന നവീനാശയങ്ങൾ  ഇനിയുള്ള നാടകപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും ചുരുങ്ങിയ വിശകലനമായി പറയാമെന്നത് ; 'ഒരു നാട്ടിൽ ജനാധിപത്യമുണ്ടോ? ' എന്നന്വേഷിക്കാൻ അവിടെ 'നാടകമുണ്ടോ? ' എന്നന്വേഷിച്ചാൽ മതിയാകും.  നാടകത്തെക്കുറിച്ച് നമ്മൾ സംസാരിച്ചു തുടങ്ങേണ്ടതും ഇവിടെ നിന്നാണെന്ന് തോന്നുന്നു.  ഒരു സക്രിയമായ ജനാധിപത്യ ഘടനയിൽ ചലിക്കുന്ന ഒരു സമൂഹത്തിന് നാടകത്തെയും നാടകാനുബന്ധപ്രവർത്തനങ്ങളെയും ഉൾക്കൊള്ളുകയും അതിലൂടെ സ്വയം നവീകരിക്കപ്പെട്ട് മുൻപോട്ട് പോകാതെയും തരമില്ല.  നാടകമെന്നത് ഒരു സാംസ്കാരികപ്രവർത്തനം എന്നതിലുപരി ഒരു സാമൂഹികപ്രവർത്തനമാണ്. ജനങ്ങളുടെ കയ്യിൽ നിന്നും പണം പിരിച്ച് ജനങ്ങളെ സേവിക്കുന്ന ജനാധിപത്യ മാതൃകയുടെ ഏറ്റവും ചെറിയ രൂപമാണ് നാടകം.  സമാനതത്പരരായ ഒരുകൂട്ടം ആൾക്കാർ ഒത്തുകൂടി ജനങ്ങളിൽ നിന്നും ചെറിയ തുകകൾ ചേർത്ത് അവർക്കായി അവതരണം നടത്തുന്നു.  
ലോകനാടകവേദിയിൽ എന്ത് നടക്കുന്നു എന്നുള്ള നമ്മുടെ അന്വേഷണമാണ് എല്ലായ്പ്പോഴും നമ്മുടെ നാടകവേദിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുള്ളത്. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ അവിടങ്ങളിൽ എന്തു നടക്കുന്നു എന്ന് നമ്മൾ കൗതുകത്തോടെ പരിശോധിക്കുന്നത് പോലെയാണ് ഏഷ്യൻ തിയേറ്ററിലും ഇന്ത്യൻ നാടകവേദിയിലും എന്തെല്ലാം പുത്തൻ പ്രവണതകളും സാധ്യതകളും നടക്കുന്നു എന്ന് അവരും ജാഗരൂകരായി നിരീക്ഷിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലേയും ഈ നൂറ്റാണ്ടിലേയും നാടകങ്ങളെ പൊതുവായി നിരീക്ഷിക്കുമ്പോൾ വന്നിട്ടുള്ള പ്രത്യക്ഷമായ ഏറ്റവും വലിയ പ്രേത്യേകത  'വാക്കുകളെ ഇല്ലാതാക്കുക' എന്നതാണ്.  വാചികാഭിനയ സാദ്ധ്യതകൾ പരമാവധി പരിമിതപ്പെടുത്തി അരങ്ങിന്റെ പുതിയ സാദ്ധ്യതകൾ തേടിപോകുക എന്നുള്ളത്. സാഹിത്യ സംവാദം ഒഴിവാക്കി ശരീരത്തിന്റെ പരമാവധി സാദ്ധ്യതകൾ തേടുക എന്നുള്ളത്. അത്തരം പരീക്ഷണങ്ങൾ ഇവിടെയും പുറത്തും വിവിധതരങ്ങളിൽ പരീക്ഷിക്കപ്പെട്ടു പോകുന്നുണ്ട്.
നാടകവേദിയെക്കുറിച്ചുള്ള ചർച്ചകളിൽ എല്ലായ്പ്പോഴും അർത്ഥമില്ലാതെ  കേൾക്കാറുള്ള പദമാണ് 'നാടകവേദി മരിച്ചു പോയി' എന്നുള്ളത്. ഇവിടെ എല്ലാക്കാലത്തും നാടകവേദി ശക്തമായി തന്നെ നിലകൊണ്ടിട്ടുണ്ട്. അതിലെ പ്രേക്ഷകരുടെ ഇടപെടലുകളിൽ ഏറ്റക്കുറച്ചിലുകൾ വന്നിരിക്കാം. പക്ഷെ സമകാലീന  കാലഘട്ടത്തിൽ പ്രശ്നങ്ങളോട് കൃത്യമായി ഇടപെട്ടുകൊണ്ട് നാടകം മറ്റേതൊരു കലാരൂപത്തെക്കാളും നവീകരിക്കപ്പെട്ടുകൊണ്ട്  ചലിച്ചുകൊണ്ടിരിക്കുക തന്നെയാണ്.


കൊറോണകാലഘട്ടത്തിൽ lockdown ആയി വീടുകളിൽ ഒറ്റപ്പെട്ടിരുന്ന് നാടകത്തെക്കുറിച്ച് ചർച്ചചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്നത് രസകരവും അതേസമയം വിപ്ലവവുമാണ്.നമ്മളൊന്ന് എന്ന് പറയുന്നിടത്ത് നിന്നും ഒറ്റയാകുക എന്ന തത്വത്തിലേക്ക് ചിന്തകൾ എത്തി നിൽക്കുന്നു. അകലമാണ് അടുപ്പമെന്ന പുതിയ നിർവ്വചനങ്ങൾ ഉണ്ടായിരിക്കുന്നു.  നമ്മൾ എത്രയോ അരങ്ങുകളിൽ  മാനസികമായി ഒറ്റപ്പെട്ടു കൊണ്ട് ശാരീരികമായി ചേർന്നിരുന്നിട്ടുണ്ട്.  അതുപോലെതന്നെയാണ് ഈ കൊറോണക്കാലത്തിൽ നമ്മൾ ശാരീരികമായി ഒറ്റപ്പെട്ടുകൊണ്ട് മാനസികമായി കൂടുതൽ ചേർന്നിരിക്കുന്നു.  ഒറ്റപ്പെടാൻ ശ്രമിക്കുമ്പോൾ പോലും അതൊരു പൂർണാർത്ഥത്തിലുള്ള ഒറ്റപ്പെടലല്ല. ഒന്നായി അതിജീവിക്കാൻ വേണ്ടി ബോധപൂർവമുള്ള ഒറ്റപ്പെടലാണ്.  ആ ഒറ്റപ്പെടലിൽ മുഴച്ചു നിൽക്കുന്നതും ഒന്നെന്ന ഭാവം തന്നെയാണ്.  അതുകൊണ്ട് തന്നെ ഇതുവരെയുള്ള നാടക  നിർവ്വചനങ്ങൾ അപ്രത്യക്ഷമായെന്നും ഇനിയുള്ള ചിന്തകളെല്ലാം നവീനമാണെന്നും   മുൻപഠനങ്ങൾ അപ്രസക്തമെന്നും പറയാൻ കഴിയില്ല. 

കൊറോണാനന്തര കാലഘട്ടം ചിന്തകളിൽ, അരങ്ങിൽ  വലിയ മാറ്റങ്ങൾ കൊണ്ട് വരുമെന്നതിൽ  സംശയമില്ല. നിലവിലെ കാല്പനിക കഥകൾ മാറി മനുഷ്യന്റെ അതിജീവനത്തെ അടയാളപ്പെടുത്തുന്ന ശക്തമായ നാടകങ്ങളും അങ്ങനെയുള്ള ക്ലാസ്സിക്കുകളുടെ കാലാതിവർത്തിയായ പുതിയ ദൃശ്യഭാഷകളും രൂപം കൊള്ളുമെന്നതിലും തർക്കമില്ല.  
 പക്ഷെ ലോകനാടകചരിത്രത്തിലെ മാറ്റങ്ങൾ പരിശോധിക്കുമ്പോൾ യുദ്ധങ്ങളും  മഹാമാരികളും നവഇസങ്ങൾക്ക്  വഴിയൊരുക്കുമ്പോഴും ഒരു കാലം കഴിഞ്ഞ് വീണ്ടും പഴയതിലേക്ക് നമ്മൾ നടന്നടുക്കുന്നില്ലേ എന്നൊരു സംശയവുമുണ്ട്.  മുൻകാലങ്ങളേക്കാൾ  ശക്തിയോടെ വീണ്ടും ആ പഴമയെ തിരിച്ചുപിടിക്കാനുള്ള ശ്രമം അരങ്ങിന്റെ ചരിത്രത്തിൽ,  മനുഷ്യന്റെ ചരിത്രത്തിൽ  എപ്പോഴും കാണാൻ സാധിക്കുന്നതാണ്. ഈ ഒറ്റപ്പെടലിൽ പോലും തന്നിലെ ചിന്തകളെ അവതരണമാക്കി ചെറിയ വീഡിയോകളാക്കി സമൂഹമാധ്യമങ്ങളിലൂടെ പകരാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. അവനവന്റെ ചിന്തകളെ അവതരണത്തെ അടയാളപ്പെടുത്താതെ മനുഷ്യർക്ക് കഴിഞ്ഞുകൂടാനാകില്ല.


 വ്യത്യസ്തമായ  നാടകങ്ങൾ,  വ്യത്യസ്‌ത സങ്കേതങ്ങളിൽ  അനേകമനേകം ഉണ്ടാകട്ടെ.  എല്ലാത്തരം നാടകങ്ങൾക്കും അനേകം കാഴ്ചക്കാർ ഉണ്ടാകട്ടെ.  എല്ലാം സ്വീകരിക്കപ്പെടട്ടെ. ഒറ്റയ്ക്കുള്ള ദിനങ്ങൾ മാറി കൂട്ടായി ഒന്നിച്ചിരുന്ന് നാടകങ്ങൾ കാണാനുള്ള ദിനങ്ങൾ വേഗം വന്നെത്തട്ടെ.  ഇന്നത്തെ ഒറ്റയായുള്ള അനുഭവങ്ങൾ നാടകങ്ങളായി വരും ദിനങ്ങളിലെ അരങ്ങുകൾ സർഗാത്മകമാകട്ടെ.   അലസമായി കടന്നുപോകേണ്ട ഒരു കൊറോണ ദിനത്തിൽ   ക്രിയാത്മകമായ ചർച്ചയിലേക്ക്  അവസരം നൽകിയ പുരോഗമന കലാസാഹിത്യ സംഘം  പ്രവർത്തകർക്കും  സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.

'അരങ്ങുകളിലൂടെ അതിജീവിക്കാം 
നാടകങ്ങളിലൂടെ പുതുലോകം സൃഷ്ടിക്കാം'

(കോവിഡ് ലോക്ക് ഡൗൺ ദിനത്തിൽ പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം സംഘടിപ്പിച്ച ഓൺലൈൻ നാടക ചർച്ചയ്ക്കായി തയ്യാറാക്കിയത്)

   

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)