Skip to main content

കൊറോണക്കാലത്തെ വായന

കൊറോണക്കാലത്താണ് ഞാനെന്റെ വായനയെ പുനർവിചിന്തനം നടത്താൻ നിർബന്ധിതനായി തീർന്നത്. വായന എനിക്കൊരിക്കലും അലസവേളകൾ ആനന്ദപ്രദമാക്കുന്നതിനുള്ള ബദലോ,  അറിവ് നേടുന്നതിനുള്ള തുടർച്ചയോ ആയിരുന്നില്ല. ഒരു പ്രേത്യേകതരം  പ്രതികാരമാണ്  വായിക്കാൻ പ്രേരിപ്പിക്കുന്നത്.  വായിച്ചില്ലെങ്കിൽ ഈ ലോകത്ത് എനിക്കെന്നെ അടയാളപ്പെടുത്താൻ കഴിയാതെ പോകുമെന്നുള്ള ആശങ്കയിൽ നിന്നും എനിക്ക് എന്നോട് തന്നെയുണ്ടായ പ്രതികാരം.  ഇതിനെ മറ്റെങ്ങനെയാണ് വ്യക്തമാക്കേണ്ടത് എന്നറിയില്ല. ലോക്ക് ഡൗണിന്റെ ഈ  ഒൻപതാംദിനത്തിൽ  അസ്വസ്ഥത വല്ലാതെ വർദ്ധിച്ചിരിക്കുന്നു. ഈ സമയം  പരമാവധി വായിച്ചു തീർക്കണമെന്ന് അകത്തിരുന്ന് ആരോ പറഞ്ഞു കൊണ്ടിരിക്കുന്നു.  
 വായനശാലയിലെ പുസ്തകങ്ങളെല്ലാം വലിച്ചു പുറത്തിട്ടുകൊണ്ട് പ്രേത്യേക ലക്ഷ്യത്തോട് കൂടിയല്ലാതെയുള്ള വായന.  നാടകസംബന്ധമായ പുസ്തകങ്ങൾ ഒരുകാലത്തും എന്നെ ആകർഷിച്ചിട്ടില്ല.  നാടകപഠനങ്ങളും നാടകങ്ങളും  വായിച്ചിട്ടുള്ളവ തുലോം വിരളമാണ്. അതുതന്നെ  മനസ്സിനോട് മൽപിടിത്തം നടത്തി നിർബന്ധബുദ്ധിയോടെ വായിച്ചു തീർത്തവയാണ്.  വായന ആഘോഷമായിരുന്ന സർഗാത്മകമായിരുന്ന  കുട്ടിക്കാലത്തെക്കുറിച്ച്  ഓർത്തുപോകുന്നു. നിബന്ധനകളില്ലാതെ സമയപരിധികളില്ലാതെ  വായിച്ചാനന്ദിച്ച പുസ്തകങ്ങൾ.  കഴിഞ്ഞ ഒൻപതുദിനങ്ങളിലായി പത്തോളം നോവലുകൾ വായിച്ചുതീർത്തെങ്കിലും മനസ്സ് അകാരണമായി കലുഷിതമാണ്.  
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പ്രവീൺ ചന്ദ്രന്റെ ' അപൂർണതയുടെ ഒരു പുസ്തകം' ഇപ്പോൾ വായിച്ചു തീർത്തപ്പോഴാണ് മേൽവിവരിച്ച വികാരങ്ങൾ എന്റെ മേൽ പിടിമുറുക്കിയത്.  പുസ്തകം വായിച്ചു തുടങ്ങിയപ്പോഴേ കഥാപാത്രങ്ങളും സംഭവങ്ങളുമായി  എവിടെയോ ഒരു പരിചിതാവസ്ഥ  അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.  പക്ഷെ അവസാന പേജിലെ അവസാനവരിയും വായിച്ചുതീർത്തപ്പോഴാണ്  മനസിലാക്കാൻ സാധിച്ചത്  ഈ  പുസ്തകം ഞാൻ നേരത്തെ വായിച്ചതാണെന്ന്. വായിച്ച പുസ്തകത്തിലൂടെ പൂർണമായും കടന്നുപോയപ്പോഴാണ് പുനർവായിക്കുകയായിരുന്നു എന്ന സത്യം തിരിച്ചറിയുന്നത്.  വായനയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ചിന്തകൾ ഉടലെടുത്തതും അങ്ങനെയാണ്.  പുസ്തകങ്ങൾ വാങ്ങിക്കൂട്ടുമെങ്കിലും ഭൂരിപക്ഷവും പിന്നെ വായിക്കാമെന്ന് കരുതി മാറ്റിവയ്ക്കും.  മാറ്റിവയ്ക്കുന്നവ പലപ്പോഴായി വായിക്കുകയും ചെയ്യും.  പക്ഷെ വായിച്ച പുസ്തകത്തിലൂടെ പൂർണമായും കടന്നുപോയപ്പോഴാണ് അതിലൂടെ നേരത്തെ  കടന്നുപോയിട്ടുണ്ടെന്ന ബോധ്യം  എന്റെ വായനയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തേ മതിയാകൂ എന്ന തീരുമാനത്തിൽ  എത്തിച്ചേർത്തത്.  പക്ഷെ സമയമില്ലയെന്ന തോന്നൽ  കൂടുതൽ വിശദമായ ചോദ്യം ചെയ്യലിൽ നിന്നുമെന്നെ തടുക്കുന്നുണ്ട്.  കൂടുതൽ വായിക്കാനുണ്ട്...  അടുത്തപുസ്തകത്തിലേക്ക് കടക്കട്ടെ,  മാൻലിയോ അർഗ്യൂട്ടയുടെ 'ജീവിതത്തിലെ ഒരു ദിവസം' എന്നെനോക്കി  മോഹിപ്പിക്കുന്നുണ്ട്.  അതും വായിച്ചുതീർന്നതാണോ എന്നറിയില്ല, പക്ഷെ അതിലൂടെ കടന്നുപോയെ പറ്റു.  ദിവസങ്ങൾ അധികമില്ല......

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...