അക്ഷരങ്ങളോട് അമിതമായ പ്രണയം തോന്നുന്ന ചില ദിനങ്ങളുണ്ട് ജീവിതത്തിൽ. ഇന്ന് അത്തരമൊരു ദിനമാണ്. എന്തെങ്കിലുമൊക്കെ വായിക്കണമെന്ന കടുത്ത ആഗ്രഹം. പുസ്തകഷെൽഫിലൂടെ ഓട്ടപ്രദക്ഷിണം നടത്തി. മിക്കതും വായിച്ചവയാണ്. വായിക്കാത്ത പുസ്തകങ്ങളും കുറെ ഇരിപ്പുണ്ട്. അവയൊന്നും ഇപ്പോഴുള്ള വായനാത്വരയെ പൂർത്തികരിക്കാൻ പോന്നവയല്ലാ. പിന്നെ മൊബൈലെടുത്തു. പെട്ടെന്ന് വാട്സാപ്പ് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻസ് ഒക്കെ ഓടിച്ചുനോക്കീട്ട് ഇ-ബുക്ക്സ് പരതാൻ തുടങ്ങി. ഈ നോട്ടിഫിക്കേഷൻസിനെ ഒരിക്കലും അവഗണിക്കാൻ കഴിയില്ല. അതിങ്ങനെ ആകർഷിച്ചുകൊണ്ടേയിരിക്കും, ശബ്ദങ്ങളായും ചെയ്യുന്ന വർക്കിനിടയിലെ എത്തിനോട്ടമായും. പെട്ടെന്ന് ഓടിച്ചുകണ്ടുതീർത്താൽ പിന്നെ സമാധാനത്തോടെ മറ്റുകാര്യങ്ങളിൽ ഇടപെടാം. ഇ-ബുക്സുകളുടെ ലോകം വിശാലമാണെന്നൊക്കെ പറയാമെങ്കിലും മലയാളത്തെ സംബന്ധിച്ച് വല്ലാതെ പരിമിതമാണ്. പ്രശസ്തരുടെ കുറച്ച് ബെസ്ററ് സെല്ലേഴ്സ് മാത്രം. അവയിൽ മിക്കതും വായിച്ചവയും. വായനയ്ക്കായുള്ള ദാഹം അവസാനിക്കുന്നില്ല. പിന്നെ ഇ-പത്രങ്ങളുടെ അപ്പ്സിലൂടെ കയറിയിറങ്ങാൻ തുടങ്ങി. ആഴ്ചപ്പതിപ്പുകളോ മാസികകളോ വായിക്കാമെന്നുള്ള ആഗ്രഹമാണെങ്കിലും ഒന്നിലും ഫോക്കസ് ചെയ്യാൻ കഴിയുന്നില്ല. ഇടയ്ക്കിടെ വരുന്ന നോട്ടിഫിക്കേഷൻസ് മനസിനെ അൺഫോക്കസ്ഡ് ആക്കിക്കൊണ്ടിരുന്നു. അക്ഷരസംബന്ധിയായ ആഗ്രഹം കുറയുന്നില്ലെന്ന് കണ്ടപ്പോൾ മൊബൈലിലെ നോട്ട്പാഡ് തുറന്ന് കുറിക്കാൻ തുടങ്ങി.
"അക്ഷരങ്ങളോട് അമിതമായ പ്രണയം തോന്നുന്ന ചില ദിനങ്ങളുണ്ട് ജീവിതത്തിൽ........................................................................................................................................................................................................................................................................................................... തന്റെ പ്രവർത്തിയിൽ സ്വയം മതിപ്പൊന്നും തോന്നിയില്ലെങ്കിലും മറ്റുള്ളവർക്ക് വളരെയധികം മതിപ്പായിരിക്കുമെന്ന് ഉറപ്പുണ്ട് ..........................................................................................................................................
ക്ഷമിക്കണം. വായിച്ചുവന്ന ഫ്ളോ അങ്ങ് പോയല്ലേ. ഇടയ്ക്ക് നോട്ടിഫിക്കേഷൻസ് നോക്കാൻ പോയതായിരുന്നു. പകുതിവച്ച് കഥ മുറിഞ്ഞത് നിങ്ങളുമറിഞ്ഞിട്ടില്ല എന്നെനിക്ക് മനസിലായി. നിങ്ങൾ വലിയ തിരക്കിലാണല്ലേ. എനിക്കറിയാം കുറെ നോട്ടിഫിക്കേഷൻസ് വന്നിട്ടുണ്ട്. വേഗം ഇത് വായിച്ചുതീർത്ത് ലൈക് അടിച്ചിട്ട് വേണം അവയിലൂടെ കടന്നു പോകാൻ. നിങ്ങളുടെ മനസ് എനിക്ക് വായിക്കാൻ കഴിയുന്നുണ്ട്. നമ്മൾ പരസ്പരം ഇത്രത്തോളം മനസിലാക്കിയ സ്ഥിതിക്ക് ഇവിടെ വച്ച് പരസ്പര സമ്മതത്തോടെ ഇതവസാനിപ്പിക്കുന്നതല്ലേ ബുദ്ധി. പിരിയുമ്പോൾ വെറുതെ പിരിയണ്ട. പരസ്പരം പ്രശംസാവചനങ്ങൾ കൈമാറിപിരിയാം. അതായത് എഴുത്തുകാരനും വായനക്കാരനും വായനയിലൂടെ ഒരേ മാനസികാവസ്ഥയിൽ എത്തിച്ചേർന്ന അത്യപൂർവ നിമിഷം എന്ന് കാച്ചിയാലോ. കൊള്ളാം, കേൾക്കാനൊരു ഗുമ്മൊക്കെയുണ്ട്. എന്നാൽ പിന്നെ അവസാനിപ്പിക്കുകയല്ലേ............... നോട്ടിഫിക്കേഷൻസ്...!

Comments