ഈ വർഷത്തെ(2018) കേരള സംഗീത നാടക അക്കാദമി ലഘുനാടക മത്സരത്തിൽ പെരുമ്പാവൂർ, മുടക്കുഴ രംഗം നാടകവേദിക്ക് വേണ്ടി ശ്രീ. മണിയപ്പൻ ആറന്മുള രചനയും സംവിധാനവും നിർവഹിച്ച 'ഒരുവൾ' മികച്ച രണ്ടാമത്തെ നാടകവും നല്ല നടിക്കുമുള്ള (സ്നേഹ) പുരസ്കാരങ്ങൾ കരസ്ഥമാക്കി. മണിയപ്പൻ ചേട്ടനൊപ്പം ഈ നാടകത്തിൽ ഒന്നിച്ചു പ്രവർത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.
ശ്രീ. സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി ചെയർമാനായിരുന്ന കാലത്ത് ഇറ്റ്ഫോക്കിനോട് അനുബന്ധിച്ച് കേരളത്തിലെ അമേറ്റർ നാടക കലാകാരന്മാർക്കായി ഒരു രാജ്യാന്തര തിയേറ്റർ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടിരുന്നു. ആ ക്യാമ്പിൽ വച്ചാണ് മണിയപ്പൻ ചേട്ടനെ ആദ്യമായി പരിചയപ്പെടുന്നത്. കൊമേർഷ്യൽ നാടകവേദിയിൽ നിന്നും അമേറ്റർ രംഗത്തെത്തിയ സംവിധായകൻ. അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ നിരവധി അവാർഡുകൾ നേടിയ കലാകാരൻ. സുഹൃത്ത് കണ്ണൻ നായർ വിധികർത്താവായി പോയ സംസ്ഥാന ബൈബിൾ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയത് മണിയപ്പൻ ചേട്ടൻ സംവിധാനം ചെയ്ത നാടകത്തിനായിരുന്നു. ആ നാടകത്തെക്കുറിച്ചുള്ള കണ്ണന്റെ വാതോരാതെയുള്ള വിശേഷങ്ങളും കേട്ടിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് നാടകമത്സരത്തിലും നിരവധി പുരസ്കാരങ്ങൾ. അപ്പോഴൊക്കെ ഞാൻ ആലോചിക്കുമായിരുന്നു; "അറുപതിനോടടുത്ത പ്രായത്തിലും എങ്ങനെയാണ് പുതുതലമുറയോട് ഈ മനുഷ്യൻ അരങ്ങിൽ പൊരുതി നിൽക്കുന്നതെന്ന്..." ഒപ്പം കൂടെ വർക്ക് ചെയ്യണമെന്ന കലശലായ മോഹവും.
ഈ സാഹചര്യത്തിലാണ് 'ഒരുവൾ' നാടകം, അക്കാദമി ഏകാങ്ക നാടക മത്സരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്. ഹസിമേ, എന്റെ നാടകം ഏകാങ്ക നാടകമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ തിയേറ്റർ മ്യൂസിക് നീ ചെയ്യണമെന്ന് മണിയപ്പൻ ചേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ തികഞ്ഞ അസൂയയാണ് ആദ്യം തോന്നിയത്. കാരണം കഴിഞ്ഞ എട്ട് വർഷമായി അമേറ്റർ നാടകമത്സരത്തിനും ഇറ്റ്ഫോക്കിനും നിരന്തരം നാടകം അയച്ചു നിരസിക്കപ്പെടുന്നത് ശീലമായി മാറിയിരിക്കുമ്പോഴാണ് ചേട്ടന്റെ വിളി. മണിയപ്പൻ ചേട്ടനോടുള്ള ബഹുമാനത്തിലും ഒന്നിച്ചു വർക്ക് ചെയ്യാനുള്ള താത്പര്യത്തിലുമാണ് നിലവിൽ റിഹേഴ്സൽ നടന്നുകൊണ്ടിരുന്ന നാടകം നിർത്തിവച്ചിട്ട് 'ഒരുവൾ' നാടകത്തിനായി പെരുമ്പാവൂരിലേക്ക് ട്രെയിൻ കേറുന്നത്. ആദ്യ റൺത്രൂവിൽ തന്നെ നാടകത്തോട് വല്ലാത്ത അടുപ്പം തോന്നി. വളരെ ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നും സഹൃദയരായ കുറെ സുഹൃത്തുക്കൾ നേതൃത്വം നൽകുന്ന രംഗം നാടകവേദിയിലെ അണിയറക്കാർ നാടകം അരങ്ങിലെത്തിക്കാൻ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി തൊഴുത്തായി വിഭാവനം ചെയ്തു പണിഞ്ഞ ബൈജുചേട്ടന്റെ സ്ഥലമായിരുന്നു റിഹേഴ്സൽ വേദി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓടുന്ന നടന്മാർ വൈകുന്നേരം 7മണിക്ക് ജോലി കഴിഞ്ഞ് എത്തിയിട്ടാണ് റിഹേഴ്സൽ ആരംഭിക്കുക. അടുത്ത ദിവസം രാവിലെ ജോലിക്ക് പോകുകയും വേണം. ഇതിനിടയിലാണ് റിഹേഴ്സൽ പുരോഗമിക്കുന്നത്.
മലയോരഗ്രാമത്തിലെ നിരക്ഷരക്രൈസ്തവ കുടുംബത്തിലെ അംഗമായ കത്രീനയെ ചുറ്റിയാണ് നാടകം നടക്കുന്നത്. പെരുമ്പാവൂരിലെ ജിഷയുടെ മരണം അടിച്ചേൽപ്പിച്ച ആഘാതത്തിൽ നിന്നും ഉടലെടുത്ത രചനയാണ് മണിയപ്പന്റെ "ഒരുവൾ". എഴുത്തിന്റെ മൂർച്ചകൂട്ടുന്നതോ, നിർഭയയിലൂടെയും സൗമ്യയിലൂടെയും തുടർന്ന് ഇങ്ങേയറ്റത്തെത്തി നിൽക്കുന്ന ആസിഫ വരെയുള്ള എണ്ണമറ്റ രക്തസാക്ഷികൾ. പെണ്ണായിപിറന്നുപോയെന്ന കാരണത്താൽ കത്രീന അനുഭവിക്കേണ്ടി വരുന്ന യാതനകൾ അതിഭീകരമാണ്. ചുറ്റിലും പുരുഷ ശബ്ദത്തിന്റെ താക്കീതുകൾ. "പെണ്ണാണ്, നീ വെറും പെണ്ണ്". ചുറ്റിലുമുള്ള ആൺസമൂഹം അവളെ എത്തിക്കുന്നത് ഫെമിനിസത്തിനുമപ്പുറമുള്ള വല്ലാത്തൊരു മാനസിക തലത്തിലേക്കാണ്. പെണ്ണായിപിറന്നുപോയതിനാലേറ്റ അപമാനങ്ങളെല്ലാം മറന്നുകൊണ്ട് അതിജീവനത്തിനായി കത്രീന പൊരുതിക്കൊണ്ടേയിരിക്കുന്നു. കത്രീനയുടെ ശവത്തിലെ സ്ത്രീത്വത്തെ പോലും അധികാരികളും മതവും ഭയപ്പെടുന്നു.
അരങ്ങിലെ പകർന്നാട്ടത്തിൽ ഇരുത്തം വന്ന അഭിനേത്രിക്ക് മാത്രം ഊളിയിട്ടിറങ്ങാൻ കഴിയുന്ന ശാരീരിക മാനസീക സാമൂഹിക പ്രേത്യേകതകൾ ഉൾച്ചേർന്ന പെണ്ണുടലാണ് കത്രീനയുടേത്. അതിലേക്ക് അനായാസം ഇഴുകിച്ചേരാൻ സ്നേഹയെന്ന നടിക്കായി.
നാടകഗാത്രത്തിലെ ചർച്ചും കരിമ്പിൻകാടും കത്രീനയുടെ വീടുമെല്ലാം അരങ്ങിന്റെ ഭാഷയാക്കി മാറ്റിയിരിക്കുന്ന സെറ്റിന്റെ ക്രാഫ്റ്റ് മതി മണിയപ്പൻ എന്ന സംവിധായകന്റെ ഉൾക്കാഴ്ച മനസ്സിലാക്കാൻ. കരിമ്പിൻ കാടുകൾക്കിടയിൽ കിടന്നു തഴച്ചു വളരുന്ന കമ്മ്യൂണിസം, ടോർച്ചു വെളിച്ചത്തിലവയെ അകറ്റുന്ന ജന്മി മതമേധാവികൾ എന്നിവയുടെ ദൃശ്യഭാഷ പ്രേത്യേകം എടുത്തുപറയേണ്ടവയാണ്. പ്രിയ ഗുരുനാഥൻ അഷ്റഫ് മാഷിന്റെ ലൈറ്റ് ഡിസൈൻ നാടകത്തിന്റെ ഹൈലൈറ്റ് തന്നെയാണ്.
റിഹേഴ്സൽ ദിനങ്ങളുടെ പകലുകളിൽ സെറ്റ് വർക്കിന്റെ പുരോഗതി വിലയിരുത്തി ആളൊഴിഞ്ഞ അരങ്ങിലിരിക്കുമ്പോൾ മണിയപ്പൻ ചേട്ടൻ തന്റെ പഴമയിലേക്ക് പോകാറുണ്ട്. ഇടയ്ക്കൊരിക്കൽ സ്വകാര്യതകളിലേക്ക് മടങ്ങിപ്പോയ ദിനം പറഞ്ഞു; "ഹസിമേ, എൺപതുകളിൽ പ്രൊഫഷണൽ നാടകരംഗത്ത് ശക്തമായി ഇടപെടാൻ എനിക്ക് കഴിഞ്ഞിരുന്നു. ക്ലബ്ബുകളും ലൈബ്രറികളുമൊക്കെയായി വല്ലാതെ നാടകത്തെ പുണർന്ന കാലം. പക്ഷെ ടെലിവിഷന്റെ വരവ് എല്ലാം മാറ്റിമറിച്ചു. ഇപ്പോൾ കാണുന്ന നാടകത്തിന്റെ ഈ ഉണർവിനും തൊണ്ണൂറുകൾക്ക് ശേഷവുമുള്ള പത്തിരുപതു വർഷത്തെ ഇടവേള, വല്ലാത്ത ഏകാന്തതയായിരുന്നു. നാടകങ്ങളുമായി ഞാനപ്പോഴും ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു. എന്നാൽ വായനശാലകളും ഗ്രാമീണ കൂട്ടായ്മകളൊക്കെ നാടകത്തിൽ നിന്നും അകന്നുപോയി. ഗ്രാമീണനാടകങ്ങൾ വല്ലാതെ നിർജീവമായിപ്പോയി. എന്റെ യൗവ്വനമെല്ലാം ആ കുത്തൊഴുക്കിന്റെ കാലത്തായിരുന്നു".
മണിയപ്പൻ ചേട്ടൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ എനിക്ക് ഹൃദയത്തിൽ വല്ലാതെ വേദന അനുഭവപ്പെട്ടു. ഇറ്റ്ഫോക്ക് ദിനങ്ങളിൽ അലസമായി മാഞ്ചുവട്ടിൽ ഇരുന്നുകൊണ്ട് പലരെയും പരിചയപ്പെടുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്; തന്റെ ചെറുപ്പത്തിൽ സമകാലീനങ്ങളായ ഒരുപാട് നല്ല നാടകങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും നേടിയിട്ട് പുതിയ കാലത്തും ആമുഖങ്ങൾ ആവശ്യമായി വരുന്ന നാടകക്കാരെക്കുറിച്ച്. കൈവിട്ടുപോകുമായിരുന്ന അരങ്ങിനെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും മുറുകെ പിടിച്ച് നെഞ്ചോടു ചേർത്ത നൂറുകണക്കിന് മണിയപ്പന്മാർ നമുക്ക് ചുറ്റുമുണ്ട്. ഒരു നാടക ചരിത്രത്തിലും ഇടംകിട്ടാത്തവർ, ഒരു പുരസ്കാരങ്ങളുടെയും തിളക്കമില്ലാതെ അരങ്ങിനെ നെഞ്ചേറ്റിയവർ. ഇവരെയൊക്കെ എവിടെ, എങ്ങനെയാണ് നാം അടയാളപ്പെടുത്തുക?
അറുപതുകളുടെ അവശതയിലും, ഈ പ്രായത്തിൽ ഇത്രയും ടെൻഷൻ അനുഭവിക്കുക കഠിനമെന്ന് ഇടയ്ക്കിടെ പറയുമെങ്കിലും ചുണ്ടിലെരിയുന്ന ബീഡിയുമായി നാടകത്തിന്റെ ഓരോരോ ഭാഗങ്ങളിലും വളരെ കൃത്യമായി ഇടപെടുന്ന മണിയപ്പൻ ചേട്ടൻ, പുതുകാലത്തോട് കലഹിച്ചുകൊണ്ടും പുതിയ യുവനാടകക്കാർക്കൊപ്പം പൊരുതിക്കൊണ്ടും അരങ്ങിൽ അത്ഭുതകാഴ്ചകളുമായി ഉറച്ചു നിൽക്കുന്ന നിങ്ങളോട് ആദരവ്. ഒപ്പം ഈ നാടകത്തിൽ കൂടെ കൂട്ടിയതിന് പെരുത്ത് സന്തോഷവും.


Comments