Skip to main content

'ഇന്ത്യ 350 സിസി'

            വായനയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ വളരെ രസകരമാണ്. ഒഴിവുദിനങ്ങളിൽ ഒരുവരിപോലും വായിക്കാനാകാതെ അലസമായി തള്ളിനീക്കുമ്പോൾ വളരെ തിരക്കുകൾക്കിടയിലിരുന്നാകും ഒരു പുസ്തകം വായിച്ചു തീർക്കുക. രണ്ടു പേജ് വായിക്കുമ്പോൾ തന്നെ പലപ്പോഴും ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ ചില പുസ്തകങ്ങൾ 300ഉം400ഉം പേജൊക്കെ ഒറ്റയിരുപ്പിൽ ഇരുന്ന് വായിച്ചു തീർക്കാനാകും. അൻപതുപേജുകളുള്ള ഒരു ബുക്ക് വായിച്ചു തീർക്കാൻ മാസങ്ങൾ വേണ്ടി വരുമ്പോൾ അഞ്ഞൂറ് പേജുള്ള പുസ്തകങ്ങൾ ഏതാനും മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത അനുഭവവും നമുക്കുണ്ടാകാം. 
ചിലപുസ്തകങ്ങൾ നമ്മളെ വൈകാരികമായി സ്വാധീനിക്കുമ്പോഴാണ് വായനയിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്. അങ്ങനെ വായനയിലേക്ക് വഴുതിവീണ് മണിക്കൂറുകൾ കൊണ്ട് വായിച്ചു തീർത്ത പുസ്തകമാണ് ഷെരിഫ് ചുങ്കത്തറയുടെ പെൻഡുലം ബുക്സ്  പ്രസിദ്ധീകരിച്ച 'ഇന്ത്യ 350സിസി'. 

       ഓൺലൈൻ വായനകൾക്കിടയിലാണ് ഈ പുസ്തകത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ധാരാളം യാത്ര വിവരണങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും   പേരിലെ പുതുമ തന്നെയാണ് ഈ പുസ്തകത്തിലേക്ക് ആകർഷിച്ചത്. ഷെരീഫെന്ന യുവാവ് തന്റെ റോയൽ എൻഫീൽഡ് 350സിസി ബൈക്കിൽ കണ്ട കാഴ്ചകൾ നമ്മോട് പകർന്നു നൽകുകയാണ്. യാത്രവിവരണ പുസ്തകങ്ങളിൽ ഏറ്റവും അപ്ഡേറ്റഡും സമകാലീന ഇൻഡ്യയെയുമാണ് 2018 മാർച്ചിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിലൂടെ അനുഭവിക്കാൻ കഴിയുക. 
                     രണ്ട് ഇന്ത്യൻ യാത്രകളാണ് 400പേജുകളിലായി ഷെരിഫ് പകർത്തി വയ്ക്കുന്നത്. ഒരു യാത്ര        ബാംഗ്ലൂരിൽ തുടങ്ങി തെലുങ്കാന വഴി കൊൽക്കത്തയിൽ എത്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മണിപ്പുർ, നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ്, ആസ്സാം, മേഘാലയ എന്നിവയിലൂടെ കടന്ന് ബീഹാർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് വഴി ഹിമാചലിൽ അവസാനിക്കുന്ന യാത്രയാണ്. രണ്ടാമത്തെതോ   കേരളത്തിൽ തുടങ്ങി കർണാടക, ആന്ത്രപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന  തുടങ്ങിയ മധ്യസംസ്ഥാനങ്ങൾ വഴി  ഹിമാലയൻ താഴ്‌വരയിൽ പ്രവേശിച്ച് ഹിമാചലിലൂടെ ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ ചുറ്റി മധ്യപ്രദേശ്, ഗുജറാത്ത്, ഗോവയിലൂടെ കേരത്തിൽ മടങ്ങിയെത്തിയ യാത്രയാണ്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നുപോയ ഒരാളുടെ യാത്ര വിവരണം.

                   ഷെരിഫ് തന്നിലേക്ക് നോക്കുന്നത് വളരെ ചുരുക്കമാണ്. യാത്ര വിശേഷങ്ങളും കണ്ട കാഴ്ചകളുമാണ് എഴുത്തിൽ മുന്നിട്ടു നിൽക്കുന്നത്. മറ്റു യാത്ര വിവരണങ്ങളിൽ നിന്നുള്ള ഈ പുസ്തകത്തിന്റെ പ്രേത്യേകത ഷെരിഫ് യാത്രകൾ പ്ലാൻ ചെയ്യുന്നില്ല എന്നതാണ്. തന്റെ 350സിസി ബൈക്ക് സ്റ്റാർട്ട് ചെയ്തു അങ്ങോടിച്ചുപോകുകയാണ്. ഏതൊക്കെ സ്ഥലങ്ങൾ, അവിടെ എത്രനാൾ താമസിക്കണം എന്നൊന്നും മുൻകൂട്ടി രൂപരേഖ തയ്യാറാകാത്തതിനാൽ യാത്രയിലുടനീളം ആകാംക്ഷയുടെ ഒരു അനിശ്ചിതാവസ്ഥ എഴുത്തുകാരനെ പിന്തുടരുന്നുണ്ട്. അതെ അനിശ്ചിതാവസ്ഥ തന്നെയാണ് ഷെരീഫിന്റെ ബൈക്ക്  പിന്തുടർന്നെത്തുന്ന  വായനക്കാരനും ലഭിക്കുന്നത്. പ്രധാനറോഡുകളിലൂടെയല്ലാതെ ഗലികളിലും ഇടവഴികളിലൂടെയുമുള്ള യാത്ര ഇന്ത്യൻ ഗ്രാമങ്ങളുടെ നേർക്കാഴ്ചയും വൈവിധ്യവും വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നുണ്ട്. ഓരോരോ സംസ്ഥാനങ്ങളും അവയിലെ വ്യത്യസ്ത ഗോത്രവർഗങ്ങളുടെ ആചാരങ്ങളും വളരെ വ്യക്തമായി എഴുത്തുകാരൻ രേഖപ്പെടുത്തുന്നുണ്ട്. മഹാഭാരതത്തിലും  രാമായണത്തിലും  പറയുന്ന ദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ ആ മിത്തും ദേശാനുഷ്ടാനങ്ങളും പ്രേത്യേകം പറഞ്ഞു പോകുന്നത് വായനയെ വളരെ ആഴമുള്ളതാക്കുന്നു. ഷെരീഫിന്റെ എൻഫീൽഡിന്റെ ടയർപ്പാടുകൾ പതിഞ്ഞ ദേശത്തിലെ കാഴ്ചകൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലങ്ങൾ ഉറപ്പിച്ചു വായിച്ചു തീർക്കുമ്പോൾ ഇന്ത്യ എന്ന മനസിലെ സങ്കൽപ്പങ്ങൾക്ക് ഒരുപാട് മാറ്റം വരുന്നുണ്ട്.  അതിദേശീയത കൃത്രിമമായി ഇൻജെക്ട് ചെയ്യുന്ന കാലത്ത് അതിർത്തികളില്ലാത്ത ലോകം സ്വപ്നം കാണുന്ന ഷെരീഫിന്റെ ചിന്തകൾ വളരെ പുതുമയുള്ളതാണ്. ഓരോരോ മതങ്ങളെക്കുറിച്ചുള്ള അതാത് ദേശങ്ങളിൽ നിന്നും ഉരുവം കൊണ്ട, എഴുത്തുകാരന് സ്വയംബോധ്യമായ കാഴ്ചപ്പാടുകൾ രസകരവും ചിന്തോദ്ധീപവുമാണ്. പുതിയ യാത്രകൾക്കിടയിൽ പഴയ യാത്രകളെയും സംഭവങ്ങളെയും അനുസ്മരിക്കുന്നുണ്ട്. താജ്മഹലിൽ നിൽക്കുന്ന എഴുത്തുകാരൻ തന്റെ പത്താംക്ലാസ്  പരീക്ഷ കഴിഞ്ഞു കേരളത്തിൽ നിന്നും ട്രെയിൻ കേറി ആദ്യമായി താജ്മഹലിൽ  എത്തിയ അനുഭവം ഓർമിക്കുന്നുണ്ട്. ഷെരീഫിന്റെ യാത്രഭ്രമത്തിന്റെ ആഴവും പരപ്പും മനസിലാക്കാൻ ഈയൊരു സംഭവം തന്നെ ധാരാളമാണ്. 
                യാത്രകൾ ഇഷ്ടപ്പെടുന്ന സഹൃദയന് അടുത്ത യാത്ര തുടങ്ങാനുള്ള പ്രചോദനമായി  ഇങ്ങനെ കുറിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ അവസാന താളിൽ ഷെരിഫ് തന്റെ 350 സിസി ബൈക്ക് താത്കാലികമായി ഓഫ് ചെയ്യുന്നത്; 
"എത്തിച്ചേരുക എന്നതിനേക്കാൾ പ്രധാനം യാത്ര തുടങ്ങുക എന്നതാണല്ലോ". 

പുസ്തകം വായിച്ചവസാനിക്കുമ്പോൾ മനസ്സിൽ കടന്നു വന്നത്  ഒരു ചൈനീസ് പഴമൊഴിയാണ്; "ആയിരം മൈലുകളുള്ള ഒരു യാത്ര ആരംഭിക്കുന്നതുപോലും  ഒരു ചെറിയ ചുവടുവയ്‌പ്പിലാണ്". അടുത്ത യാത്രക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഉടൻ തയ്യാറാകേണ്ടിയിരിക്കുന്നു. മനസ്സിൽ പണ്ടെപ്പോഴോ കേട്ടുമറന്ന ബാവുൽഗീതത്തിലെ വരികൾ ഒഴുകിയെത്തി...
"വള്ളം പതുക്കെ തുഴയൂ....
അത് തീരത്ത് കെട്ടിയിടരുത്.
തീരത്ത് കെട്ടിയാല്‍ 
എല്ലാത്തിനും അര്‍ഥം നഷ്ടപ്പെടും"

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...