ഒരു രാജ്യം യാതൊരുവിധ ഉളുപ്പുമില്ലാതെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പറത്തികൊണ്ട് മറ്റുരാജ്യങ്ങളെയും അവിടത്തെ ജനങ്ങളുടെ ഇന്റര്‍നെറ്റ് - ടെലിഫോണ്‍ സംഭാഷണങ്ങളും പകര്‍ത്തിക്കൊണ്ടിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞതോ?
കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണം...ഇല്ലെങ്കില്‍ പാപഭാരത്താല്‍ പശ്ചാതപിക്കുകയെങ്കിലും വേണമെന്നത് ലോകതത്വം. ഇവിടെ കുറ്റം ചെയ്ത അമേരിക്കയ്ക്കല്ല പശ്ചാതപിക്കേണ്ടി വന്നത്. കുറ്റം വിളിച്ചു പറഞ്ഞ സ്നോടനാണ്. റഷ്യയിലെ ഷെരമെത്യോവോ വിമാനത്താവളത്തില്‍ ചെകുത്താനും ചെങ്കടലിനും മദ്ധ്യേ എത്രകാലം ആ പാവത്തിന് കഴിയേണ്ടി വരുമെന്ന് കാത്തിരുന്ന്‍ കാണാം. സ്നോടന്‍ വിളിച്ചു പറഞ്ഞ ചോര്‍ത്തലിന് ഇരയാക്കപ്പെട്ട യൂറോപ്പ്, ഇസ്രായേല്‍, റഷ്യ, ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചോര്‍ത്തലിനെതിരെ അമേരിക്കയെ ശക്തമായി ഇതുവരെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ സത്യം വിളിച്ചു പറയാന്‍ ആര്‍ജവം കാണിച്ച സ്നോടനു സംരക്ഷണം നല്‍കാനെങ്കിലും തയ്യാറാകാത്തത് അമേരിക്കയുടെ അടിമയായി എത്രകാലം വേണമെങ്കിലും ഇരിക്കാമെന്ന മറ്റു രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുടെ അടിമത്വമനസ്സ് തന്നെയാണ്. 1998 മുതല്‍ ഹോങ്‌കോങ്ങും യു.എസ്സുമായി കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ അയാളെ കൈ മാറണമെന്നാണ് യു.എസ്സ് പറഞ്ഞത്. പരസ്പരം വിവരങ്ങള്‍ ചോര്‍ത്തരുതെന്ന ലോക രാഷ്ട്രങ്ങള്‍ തമിലുള്ളകരാര്‍ അമേരിക്ക ലംഘിച്ചതിന് അവര്‍ക്ക് ഒരു ഉളുപ്പുമില്ല. അതിനെ ശക്തമായി അപലപിക്കാന്‍ ഹോങ്‌കോങ്ങിനോ യുറോപ്പിനോ ഇന്ത്യയ്ക്കോ എന്തുകൊണ്ട് കഴിയുന്നില്ല?
നെഹ്രുവിന്‍റെ ചേരിചേര പ്രസ്ഥാനത്തെപ്പറ്റി പഠിച്ച് ഇന്ത്യയില്‍ ജനിച്ചതിനു പുളകം കൊണ്ടിരുന്ന ഞാന്‍, ആ പാരമ്പര്യത്തില്‍ അഹങ്കരിച്ചിരുന്ന ഞാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ ഇന്ത്യയുടെ അമേരിക്കന്‍ സ്നേഹം കണ്ട് ഇന്ത്യക്കാരന്‍ എന്ന് അഭിമാനത്തോടെ എന്‍റെ മനസിനെപ്പോലും വിശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇനി മറ്റൊരു രാജ്യത്തിന്‍റെ ഇന്റര്‍നെറ്റ് - ടെലിഫോണ്‍ ചോര്‍ത്തല്‍ പരിപാടി കണ്ടെത്തി ആ രഹസ്യം അമേരിക്കയ്ക്കാണ് സ്നോടന്‍ നല്‍കിയതെങ്കില്‍ ലോക രാഷ്ട്രങ്ങളിലെ വാഴ്ത്തപ്പെട്ട മഹാന്മാരുടെ പട്ടികയില്‍ അയാള്‍ക്ക് ഇടം കിട്ടിയേനെ... സമാധാനത്തിലോ ശാസ്ത്രത്തിലോ ഒരു നോബല്‍സമ്മാനവും നേടി ബാക്കിയുള്ള കാലം സുഭിക്ഷമായി അയാള്‍ക്ക് കഴിയാമായിരുന്നു. മാസം ഒരു ലക്ഷത്തിനു പുറത്ത് ശമ്പളം വാങ്ങിക്കൊണ്ടിരുന്ന ആ മനുഷ്യന് ഇതിന്‍റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് ചിന്തിക്കുന്നവരും നമുക്കിടയില്‍ കുറവല്ല.
വേണ്ടതിനും വേണ്ടാത്തതിനും നിറങ്ങളും ചായങ്ങളും കൊണ്ട് കേരളത്തിലെ ചുവരുകള്‍ ലോകത്തോട് പ്രതികരിക്കുമ്പോള്‍ പത്ര സ്വാതന്ത്രിയം...അഭിപ്രായ സ്വാതന്ത്രിയം എന്ന് നാഴികയ്ക്ക് നാല്പതു വട്ടം വിളിച്ചു കൂവുന്ന കേരളത്തിലെ ചുവരുകള്‍ ഒന്നുംതന്നെ
സ്നോടനെ പകര്‍ത്താത്തത് എന്ത് കൊണ്ടാണ്?
രാജ്യ സുരക്ഷ ഭീഷണി എന്ന കള്ളനിയമത്തിന്‍റെ പിന്‍ബലത്തില്‍ അമേരിക്ക സ്നോടനെ അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ മറ്റുരാജ്യങ്ങളുടെ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയത് ആ രാജ്യങ്ങുടെ സുരക്ഷയ്ക്ക് ഭീഷണിയല്ലേ? ഓ...പ്രതിസ്ഥാനത്ത് അമേരിക്കയായതിനാല്‍ ചിലപ്പോള്‍ അങ്ങനെ അല്ലായിരിക്കും അല്ലേ?
Comments