എന്റെ കുട്ടിക്കാലം, അതെത്ര മനോഹരമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? വികാരങ്ങള്‍, പ്രതീക്ഷകള്‍, നൊമ്പരങ്ങള്‍, മരണം, ജീവിതം ഇവയൊക്കെ എന്നിലുടെയാണ് മനുഷ്യരാശിയില്‍ എത്തിക്കൊണ്ടിരുന്നത്. ഭൂഗോളത്തിന്റെ പല ഭാഗങ്ങളിലായി വിതാനിച്ചുകൊണ്ടിരുന്നവരെ പരസ്പരം കുട്ടിമുട്ടിച്ചു കൊണ്ടിരുന്നത് ഞാനായിരുന്നു. എത്ര മഹത്തരമായ ആശയങ്ങള്‍ അവര്‍ എന്നിലുടെ ലോകത്തിനു കൈമാറി. എത്ര മാത്രം കവിതകള്‍ ഞാന്‍ ഏറ്റു പാടി. ഈ ലോകത്തില്‍ എത്രയോപേര്‍ എന്നിലൂടെ സന്തോഷത്തിന്റെ പറുദീസയിലേക്ക് പോയി. എത്രയോപേര്‍ കണ്ണുനീര് കൊണ്ട് എന്റെ ആത്മാവാകുന്ന അക്ഷരങ്ങളെ കുതിര്‍ത്തു കളഞ്ഞു.എത്രപേര്‍ മാറോടടക്കി വിങ്ങിപ്പൊട്ടി. എന്റെ യവ്വനകാലത്ത് അവള് നല്കിയ ചുടുചുംബനം എന്നെ കോരിത്തരിപ്പിച്ചു കളഞ്ഞു. ഞാനത് എത്രമാത്രം ശ്രദ്ധയോടെയാണെന്നോ അവളുടെ കാമുകന് കൈമാറിയത്. അങ്ങനെ എത്രയെത്ര വേദനയില്‍ മുങ്ങിയ രസകരമായ കഥകള്‍.
മദ്യത്തില്‍ മുങ്ങി ശുഭപ്രതീക്ഷയോടെ ചീട്ടുകളിച്ചുകൊണ്ടിരുന്ന അവന്റെ കൈയ്യില്‍ എത്തിച്ചേര്‍ന്ന എനിക്ക് പറയാനുണ്ടായിരുന്നതോ മുന്ന് ദിവസം മുന്‍പ് അവന്റെ അമ്മ മരിച്ചെന്ന അശുഭ വാര്‍ത്ത. പത്താം മാസം തികഞ്ഞ അവളുടെ കയ്യില്‍ ഞാന്‍ എത്തിച്ചേര്‍ന്നപ്പോള്‍ അകമ്പടി സേവിക്കാന്‍ പട്ടാളത്തില്‍ നിന്നയച്ച അയാളുടെ വസ്ത്രങ്ങള്‍ അടങ്ങിയ പെട്ടിയും ഇന്ത്യന്‍സര്‍ക്കാരിന്റെ മരണസര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. പ്രവാസിയുടെ കരള്‍ പിളരുന്ന ജോലിഭാരവുമായെത്തിയ എന്നെ സ്വീകരിച്ചത് കാമുകന്റെ സീല്ക്കരത്തോടൊപ്പം കട്ടിലില്‍ കിടന്നു പുളയുന്ന ഭാര്യയാണ്. പോസ്റ്റ്മാനില്‍ നിന്നും എന്നെ വാങ്ങി മേശയിലേക്ക് എറിഞ്ഞിട്ടു അവള് കട്ടിലിലെക്കോടി. എന്നെ ഭദ്രമായി എത്തിക്കെണ്ടിടത്ത് എത്തിക്കുന്ന പോസ്റ്റ്മാനോട് എനിക്ക് പറയാനുണ്ടായിരുന്നത് അയാളുടെ മകളുടെ ജ്വരപ്പനി മരണത്തില്‍ കലാശിച്ച വിവരമായിരുന്നു.
വിവാഹങ്ങള്‍, മരണങ്ങള്, ജനനം, പ്രണയം, കാമം, വേദന, ഗ്രിഹാതുരത്വം, പരാതികള്‍, പ്രതീക്ഷകള്‍, അങ്ങനെയങ്ങനെ ഈ ജീവിതത്തില്‍ എത്രമാത്രം അനുഭവങ്ങള്‍ ഞാന്‍ നേടി. എത്ര മാത്രം വൈരുദ്ധ്യമാണെന്നോ എന്റെ ജീവിതം. ശുഭപ്രതീക്ഷയുമായി പോസ്റ്റ്മാനെയും കാത്തു ഞാന്‍ എന്റെ സത്രത്തിലിരിക്കുമ്പോള് എന്റെ മേല്‍ കിടക്കുന്ന സഹപ്രവര്‍ത്തകരുടെ ഹൃദയങ്ങള്‍ എത്രമാത്രം വൈരുദ്ധ്യമായിട്ടാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. എത്രപേര്‍ എന്നെ ചവിട്ടിത്തേച്ചു, കീറിക്കളഞ്ഞു, മയില്‍പീലിപോലെ പുസ്തകത്തില്‍ സൂക്ഷിച്ചു, ചുടുചുംബനങ്ങള്‍ നല്കി എതിരേറ്റു, വിങ്ങുന്ന മനസുമായി നെഞ്ചിലേക്ക് ചേര്‍ത്തു. എത്രമാത്രം സ്മരണകള്‍.
എല്ലാം ഇന്ന് ഓര്‍മ്മകള്‍, ഗ്രിഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍.എന്നാലും ഇന്നും ഞാന്‍ മരിച്ചിട്ടില്ല. ഞാനിന്നു പുതുയവ്വനമാണ്, പുതുഭാവമാണ്. 2G യില്‍ നിന്നും 3G യിലേക്കുള്ള ചുവടുമാറ്റം പോലെ ഒരു അപ്ഗ്രേഡു വേര്‍ഷന്‍. എന്റെ ആത്മാവില്‍ കുത്തി വരയ്ക്കാന്‍ മഷിയില്ല, പേനയില്ല പകരം മൌസും കീബോര്‍ഡുമാണ്. മനുഷ്യ സ്പര്‍ശം ഏറ്റ് കാലാകാലങ്ങളായി കപ്പലുകളിലും വിമാനങ്ങളിലും ബസ്സുകളിലും യാത്ര ചെയ്ത എന്നെയവര്‍ ഇന്ന് ഒപ്ടിക്കല്‍ ഫൈബര്‍ എന്ന കേബിളില്‍ കുടുക്കിയിട്ടിരിക്കുന്നു. ഇന്ന് എനിക്ക് കിലോമീറ്ററുകള്‍ താണ്ടാന്‍ നിമിഷങ്ങള്‍ മതി.
എന്നാല്‍ ഇന്ന് ഞാന്‍ വികലമാണ്. എന്നില്‍ സ്നേഹമില്ല, വികരങ്ങളില്ല. വര്‍ഷങ്ങളായി ചുടു ചുംബനങ്ങളും കണ്ണീരും ഏറ്റുവാങ്ങി ഡയറികളില്‍ ഇരിക്കാറുള്ള എന്നില്‍ ഇന്ന് അവശേഷിച്ചിട്ടുള്ളത് വര്‍ഷങ്ങളായി ഡയറിയില്‍ ഇരിക്കുന്ന ഇലയുടെ അസ്ഥികൂടങ്ങള്‍ മാത്രമാണ്. അതിലെ മജ്ജ മാറ്റി അവര്‍ ഫോര്മാലിറ്റിയുടെ പുതുവസ്ത്രമണിയിച്ചു. വര്‍ഷങ്ങളായി എനിക്ക് വേണ്ടി ഇടനിലക്കാരന്റെ സ്ഥാനമഭിനയിച്ച പോസ്റ്റ്മാനെ ഇന്നാര്‍ക്കും വേണ്ട. കാരണം ഇടനിലക്കാരന് ഇല്ലാതെ തന്നെ എന്റെ നെഞ്ചില്‍ അവര്‍ കോറിയിട്ടു എന്റെ സ്ഥാനം എവിടെയാണ് എന്ന്. ഞാനിന്നു വിറക്കുകയാണ് നാളെയുള്ള എന്റെ പരിവര്ത്തനത്തെകുറിച്ചോര്ത്ത്. രണ്ടുപേരുടെ ഹൃദയങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരുന്ന ഞാനിന്നു വ്യഭിചാരിണിയാണ്. കാരണം നിമിഷനേരങ്ങള്‍കൊണ്ട് അവരെന്നെ പലര്‍ക്കും കാഴ്ച വയ്ക്കുന്നു വികാരങ്ങളില്ലാതെ, ജസ്റ്റ് ഫോര്‍വേഡ് മെസ്സേജ് ആയി...

Comments
grihathuearhwam feel cheyyippichu.
kathukal veendum ezhuthanamennu thonnunnnu.