Skip to main content

"ഭംഗി എന്നാല്‍ എന്താ"?

"ഭംഗി എന്നാല്‍ എന്താ"?
നിങ്ങള്‍ എന്താണുത്തരം പറയുക?സുന്ദരമെന്നോ?മനോഹരമെന്നോ? പൂവിനെപ്പോലെയെന്നോ?
അതോ പെണ്ണിനെപ്പോലെയെന്നോ?
ഞാനെന്തു പറഞ്ഞെന്നോ?
ഭംഗിയെന്നാല്‍ ഇളം മഞ്ഞുള്ള പ്രഭാതത്തില്‍ പച്ചപ്പുല്‍ പടര്‍ന്ന മൈതാനത്തിലെ അരളിച്ചെടിയുടെ ഇലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികയാണു ഭംഗി.
അദ്ദേഹത്തിന് ആ നിര്‍വചനം ഇഷ്ടപ്പെട്ടില്ല.നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
പൊന്നിന്‍ നുലുകൊണ്ടു കര തുന്നിയ വെള്ള കസവു സാരി ചുറ്റി ചുവന്ന ബ്ലവ്സും ധരിച്ചു വെളുത്തുതടിച്ച് പൊക്കം കുറഞ്ഞൊരു യുവതി, തൊട്ടല്‍ പൊട്ടുന്ന പ്രയം, അവിവാഹിത. അവള്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചന്ദനമൊക്കെ നെറ്റിയില്‍ തൊട്ട് ക്ഷേത്രത്തിനു മുന്‍പിലെ ആല്‍മരത്തിനടുത്തുകൂടി മെല്ലെ നടന്നു വരുന്നു. അവളുടെ ഇടതു
കൈയ്യില്‍ പ്രസാദമുണ്ട്. വീശിയടിക്കുന്ന ഇളം കാറ്റില്‍ പാറിപ്പറക്കുന്ന സാരിയെ അവള്‍ വലതുകൈയ്യില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു. പനിനീര്‍ ദളങ്ങള്‍ പോലുള്ള മേല്‍ ചുണ്ടില്‍ അസ്തമയ സൂര്യന്റെ ഇളം വെയിലേറ്റു പൊടിഞ്ഞു നില്‍ക്കുന്ന വിയര്‍പ്പുത്തുള്ളികള്‍. അതുകാണുമ്പോള്‍ നിങ്ങള്‍ക്കെന്താ തോന്നുക? അതും ഭംഗിയാ.....
അദ്ദേഹത്തിന് അതും ഇഷ്ടപ്പെട്ടില്ല. നിഷേധാര്‍ത്ഥത്തില്‍ വീണ്ടും തലയാട്ടി. എനിക്കു ദേഷ്യം വന്നു.
പിന്നെ എന്താണു നിങ്ങള്‍ ഭംഗിയെന്നു ഉദ്ദേശിക്കുന്നത്‌?
ഞാന്‍ പറയാം.
ഞാനൊരു ഓട്ടോക്കാരനാണെന്നു നിങ്ങള്‍ക്കറിയാമല്ലോ?‍ ഇന്നലെ രാവിലെ ഞാനൊരു ഓട്ടം പോയി.
സ്ഥലം പറയണ്ടല്ലോ. സ്ഥലത്തിനിവിടെ എന്തു പ്രസക്തി. എന്റെ യാത്രക്കാര്‍ ദാ വരുന്നു.......എന്നും പറഞ്ഞ് ഒരു വീട്ടിലേക്കു കയറിപ്പോയി. ഞാന്‍ അടുത്തുള്ള സ്കൂ‍ളിന്റെ മൈതാനത്തില്‍ ഓട്ടോ ഒതുക്കിയിട്ടു. യാത്രക്കാരെയും കാത്ത് ഞാന്‍ ഓട്ടോയില്‍ തന്നെയിരുന്നു.അടുത്ത സ്കൂളില്‍ നിന്നും കല പിലാ ശബ്ദം. ഇന്റെര്‍വെല്‍ ആണെന്നുതോന്നുന്നു. കൊച്ചു കുട്ടികള്‍ ഓടിയും, ചാടിയും, ഉന്തിയും, തള്ളിയുമെല്ലാം കളിക്കുന്നു. ഇതിനിടയില്‍ ദൂരെ നിന്നു രണ്ട് കൊച്ചുകുട്ടികള്‍ മറ്റൊരുവന്റെ രണ്ടു കയ്യും പിടിച്ച് നടത്തിച്ചുകൊണ്ടു വരുന്നു. അവന്റെ ഒരു കണ്ണ് പൂര്‍ണ്ണമായും അടഞ്ഞിരുന്നു, മറ്റേത് ഭാഗികമായും. ആ കണ്ണുകള്‍ക്ക്‌ കാഴ്ചയില്ലായെന്ന് അത് കാണുമ്പോഴെ തന്നെ മനസിലാകും. ആ കണ്ണില്‍ കൃഷ്ണമണി ഇല്ലായിരുന്നു. ഭാഗികമായി അടഞ്ഞ കണ്ണു വെളുത്തു കാണപ്പെട്ടു. അവരിലൊരാള്‍ ഓട്ടോയുടെ മുന്‍ വശത്തെ ഗ്ലാസില്‍ കൈ കൊണ്ടടിച്ച് ശബ്ദമുണ്ടാക്കി കൊണ്ട് അവനോട് പറഞ്ഞു...
ഓട്ടോ......ഓട്ടോ.....,
അവന്‍ വലതു കൈ ആകാംക്ഷയോടെ നീട്ടി പതുക്കെ ഒട്ടോയെ തടവി........
എന്നിട്ട് പതുക്കെ പറഞ്ഞു....
ഓട്ടോ.......ഓട്ടോ....,
അവര്‍ നടന്നു ഓട്ടോയുടെ പിറകിലെത്തി. അപ്പോഴും ഒരാള്‍ ഓട്ടോയെ അടിച്ചു ശബ്ദമുണ്ടാക്കിയിട്ട് പറഞ്ഞു...
ഓട്ടോ....ഓട്ടോ.....
അവന്‍ വീണ്ടും രണ്ടു കൈ കൊണ്ടും ഓട്ടോയെ വീണ്ടും തടവിനോക്കി. എന്നിട്ട് വീണ്ടും പതുക്കെ പറഞ്ഞു....
ഓട്ടോ.......ഓട്ടോ....,
ഞാന്‍ ഓട്ടോയില്‍ നിന്നും വെളിയിലിറങ്ങി. എന്നെക്കണ്ടയുടനെ അവനെ ഉപേക്ഷിച്ചിട്ട് അവര്‍ ക്ലാസിലേക്കു ഓടിപ്പോയി. പേടിച്ചായിരിക്കാം.
ഞാന്‍ അവനോടു ചോദിച്ചു.
എന്താ പേര്?
ശബ്ദം കേട്ട ദിക്കിലേക്കു ഷേക്ക് ഹാന്‍ഡിനായി അവന്‍ ഇരുക്കൈകളും നീട്ടി. ഞാനവന്റെ കൈകളില്‍ പിടിച്ചിട്ട് വീണ്ടും ചോദിച്ചു... എന്താ പേര്?
രാഹുല്‍
എത്രാം ക്ലാസില്‍?
രണ്ട്.
ഞാനവന്റെ വലതുകൈ വീണ്ടും ഓട്ടോയുടെ പുറത്തുവച്ചിട്ട് പറഞ്ഞു..ഓട്ടോ!
അവന്‍ പതുക്കെ തടവിക്കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു........ ഓട്ടോ....... ഓട്ടോ....,
അവന്റെ കൈ ഓട്ടോയുടെ റിഫ്ലക്ടറില്‍ തട്ടി. അവനതു പതുക്കെ കറക്കിവിട്ടുകൊണ്ട് ചോദിച്ചു; ഇതെന്താ?
റിഫ്ലക്ടര്‍.
റിഫ്ലക്ടറെന്നാല്‍ എന്താ?
റിഫ്ലക്ടറെന്നാല്‍ രാത്രി സമയത്ത് എതിരേ വരുന്ന വാഹനങ്ങള്‍ക്ക് നമ്മെ തിരിച്ചറിയാനായി ഉറപ്പിച്ചിട്ടുള്ള സംവിധാനമാണ്. എതിരേ വരുന്ന വാഹനത്തിന്റെ പ്രകാശമേറ്റ് ഇത് റിഫ്ലക്ട് ചെയ്യുമ്പോള്‍ അവര്‍ക്കു തിരിച്ചറിയാം എന്നൊക്കെ പറഞ്ഞാല്‍ അവനു മനസിലാകുമോ?
ഞാന്‍ ആലോചിച്ചിട്ട് എളുപ്പത്തില്‍ പറഞ്ഞു; ഭംഗിക്കുള്ളതാ?
ഭംഗി എന്നാല്‍ എന്താ?
അവന്‍ നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു.
ഞാന്‍ ആലോചിച്ചു; ഭംഗിയെന്നല്‍....... ഭംഗിയെന്നല്‍.......
എന്റെ കണ്ണുകള്‍ നിറഞ്ഞു. അതെന്തുകൊണ്ടാണെന്നു എനിക്കറിയില്ലാ. അവന്റെ മുന്‍പില്‍ തോറ്റതുകൊണ്ടോ?
അതോ അവനു പറഞ്ഞു കൊടുക്കാന്‍ കഴിയാത്തതുകൊണ്ടോ....?എനിക്കറിയില്ല.........
ഞാനവനെ എന്നോടു ചേര്‍ത്തു പിടിച്ചു. അവന്റെ തലയില്‍ പതുക്കെ തലോടിക്കൊണ്ട് ആലോചിച്ചു.
ഭംഗിയെന്നാല്‍...........
അവനോട് എന്തു മറുപടിയാ ഞാന്‍ പറയേണ്ടത്? എനിക്കിതുവരെ കിട്ടിയില്ല. ഇന്നലെ മുഴുവന്‍ ആലോചിച്ചു. ഇന്നും ആലോചിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു നിര്‍ത്തി.
ഭംഗിയെന്നാല്‍ എന്താ........................?

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...