Skip to main content

പൊതുവിടങ്ങളും ചില ചിന്തകളും

                      ഇന്നത്തെ ചർച്ചാവിഷയം സ്‌പെയ്‌സുകളെക്കുറിച്ചാണ്. "മനുഷ്യൻ തന്നിലേക്ക് തന്നെ ചുരുങ്ങി അവന്റെ ആത്യന്തികമായ സ്പെയ്സുകളെ സ്വയം നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നുവെന്ന" ഒറ്റവാക്യമാണ് ആദ്യം എന്റെ മനസിലേക്കെത്തിയത്. ചർച്ചയിൽ ക്രിയാത്മകമായും ആധികാരികമായും ഇടപെടണം. സാധാരണ ചർച്ചയിൽ എന്റെ വീക്ഷണകോണുകൾ സബ്ജക്ടിന്റെ പുറംതോടിൽ മാത്രം സ്പർശിക്കാതെ ആഴത്തിലും ആരും കടന്നുചെല്ലാത്ത പുതിയമേഖലകളിലേക്കും വെളിച്ചം വീശാറുണ്ടെന്നുള്ളത് എന്നെ കൂടുതൽ അസ്വസ്ഥനാക്കി.  പൂർണമായും ബെഞ്ചും ഡെസ്‌ക്കും നിറച്ച നിന്നുതിരിയാൻ ഇടമില്ലാത്ത ക്‌ളാസ്മുറിയിൽ നാടകപഠനം നടത്തിക്കൊണ്ടിരുന്നപ്പോഴും  നാടകാദ്ധ്യാപകനെന്ന നിലയിൽ എന്റെ ചിന്താമുഴുവൻ സ്പെയ്സുകളെക്കുറിച്ചായിരുന്നു. പൊതുവിടങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ തേടി കോളേജ് ലൈബ്രറിയിലെ  ഒരാൾക്കുമാത്രം കഷ്ടിച്ച് നടന്നുപോകാൻ കഴിയുന്നതരത്തിൽ അടുക്കിവച്ചിരിക്കുന്ന ഷെൽഫുകൾക്കിടയിലൂടെ  ശ്വാസം കിട്ടാതെ നെടുവീർപ്പിട്ട് നടന്നെങ്കിലും സ്പെയ്സുകളുടെ വിശാലതയെക്കുറിച്ചുള്ള പുസ്തകങ്ങളൊന്നും കയ്യിൽ തടഞ്ഞില്ല. കുത്തിനിറക്കപ്പെട്ട ബസ്സിൽ പണികഴിഞ്ഞു വരുന്ന ബംഗാളികളുമായി ബലപ്രയോഗത്തിലൂടെ കാലൂന്നാനുള്ള സ്ഥലം കണ്ടെത്തുമ്പോഴും പൊതുവിടങ്ങളെക്കുറിച്ചുള്ള  കാഴ്ചപ്പാട് പൂർണമായും എന്റെ  മനസ്സിൽ രൂപം കൊണ്ടിരുന്നില്ല. ജോലികഴിഞ്ഞുള്ള സായാഹ്നങ്ങളിൽ നാടകപ്രേമികളായ ചെറുപ്പക്കാർക്കൊപ്പം നാടകം ചെയ്യാൻ തയ്യാറെടുത്തപ്പോൾ റിഹേഴ്സൽ സ്‌പെയ്‌സ് ലഭിക്കാതെ നട്ടം തിരിഞ്ഞത് സ്പെയ്സുകളെക്കുറിച്ചുള്ള ചർച്ചയിൽ പ്രധാനമായും മുൻപോട്ടു വയ്‌ക്കേണ്ട ആശയമാണെന്നെനിക്ക്  തോന്നി.
           പതിവിലും നേരത്തെ അംഗങ്ങളെല്ലാവരും ചർച്ചയ്‌ക്കെത്തിയിരുന്നു. വിശാലാർത്ഥത്തിൽ നമുക്കിന്ന് പൊതുവിടങ്ങൾ കുറവാണെന്നും മനുഷ്യൻ അവനവനിലേക്ക്  തന്നെ ചുരുങ്ങികൊണ്ടിരിക്കുകയാണെന്നും  പറഞ്ഞു  ചർച്ചയ്ക്ക് തിരികൊളുത്തിയത് മെഡിക്കൽ കോളേജിലെ മനഃശാസ്ത്രവിദഗ്ധനായിരുന്നു. അധികാരികൾ പൊതുവിടങ്ങളെ ഭയക്കുന്നതിനാൽ പൊതുവിടങ്ങളെല്ലാം ലാഭകരമായി പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്ക്  പതിച്ചുനൽകിയിരിക്കുകയാണെന്നും അവയെ തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്നും രാഷ്രീയനിരീക്ഷകൻ ചൂണ്ടിക്കാട്ടി. തന്റെ കമ്പനിയിൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന  ജോലിക്ക് ശേഷമുള്ള ഇടവേളകളിൽ റീഫ്രഷ് ആകാനായി കമ്പനി ആദ്യകാലങ്ങളിൽ വിഭാവനം ചെയ്തിരുന്ന ആർട്ട്റൂം കാലാന്തരത്തിൽ ക്യാന്റീനും ഗാരേജുറൂമുമായി കയ്യേറ്റം ചെയ്യപ്പെട്ട അവസ്ഥ ഐ.ടി. ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. മനുഷ്യർ ഒന്നിച്ചുകൂടിയിരുന്ന പൊതുവിടങ്ങളുടെ അഭാവം മാനുഷിക ചിന്തകളെ മരവിപ്പിച്ച് മനുഷ്യത്വം നഷ്ടപ്പെട്ട വെറും ചണ്ടികളായി മനുഷ്യനെ പരിണമിപ്പിച്ചിരിക്കുന്നെന്ന സത്യാവസ്ഥയിലേക്ക് ചർച്ചകളെ എത്തിച്ചത് സാമൂഹ്യപ്രവർത്തകന്റെ ഇടപെടലുകളായിരുന്നു. വിശാലമായ ഹാളിന്റെ മധ്യഭാഗത്തെ മേശക്കുചുറ്റുമിരുന്ന്  പത്രങ്ങൾ വായിച്ചുകൊണ്ടിരുന്നയിടത്തേക്ക് കമ്പ്യൂട്ടറുകൾ കടന്നുകയറിയപ്പോൾ മനുഷ്യർക്ക് പരസ്പരം കാണാനാകാതെ അവർക്കിടയിൽ ക്യാബിനുകൾ പടുത്തുയർത്തിയതിന്റെ മനഃശാസ്ത്രമാണ് പബ്ലിക് ലൈബ്രെറിയൻ മുൻപോട്ടുവച്ച ചിന്ത. ഓഫീസിലെ പൊതുവിടങ്ങളിലെല്ലാം ഫയലുകൾ കുന്നുകൂടി തൊഴിലാളികളെല്ലാം അവിടെനിന്നും പുറത്താക്കപ്പെട്ട കാഴ്ചകളാണ്  സെക്രട്ടേറിയേറ്റ്  ജീവനക്കാരന് പങ്കുവയ്ക്കാനുണ്ടായിരുന്നത്. മനുഷ്യസംസ്കാരങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിച്ച പൊതുവിടങ്ങൾ തിരികെപിടിക്കേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി ഭരണസിരാകേന്ദ്രം ഉപരോധിക്കണമെന്നും പറഞ്ഞ രാഷ്രീയ നിരീക്ഷകൻ ചർച്ചയെ ചൂടാക്കി. പൊതുവിടങ്ങളെ വെട്ടിച്ചുരുക്കുന്നതിലെ അധികാരശാസ്ത്രത്തിന്റെ ഭാഗമാണ്  ഗ്രാമങ്ങളിലെ വലിയ തിയേറ്ററുകൾ ഇടിച്ചുനിരത്തപ്പെട്ട് അവിടങ്ങളിൽ മൾട്ടിപ്ലക്‌സ്‌  സ്ക്രീനുകൾ ഇടംപിടിക്കുന്നതെന്ന് സിനിമാ നിരൂപകൻ വാചാലനായി. പൊതുവിടങ്ങൾ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ  എഴുതിത്തയ്യാറാക്കിയ തെരുവുനാടകം ചർച്ചയിൽ പങ്കെടുത്ത എല്ലാപേരെയും ഒരുപോലെ ആവേശഭരിതരാക്കിയെങ്കിലും തെരുവുകളില്ലാതെ അധികാരികൾ വിഭാവനം ചെയ്ത പുതുനഗരത്തിൽ എവിടെ അവതരിപ്പിക്കുമെന്ന ചിന്ത ഏവരെയും ആശയക്കുഴപ്പത്തിലുമാക്കി. സാമൂഹ്യ ജീവിയായ മനുഷ്യനെ കൊള്ളക്കൊടുക്കലുകളിലൂടെ മൂല്യബോധമുള്ള ഉത്തമപൗരനാക്കിത്തീർക്കുന്നതിൽ പൊതുവിടങ്ങൾക്കുള്ള പ്രസക്തി ഒഴിച്ചുകൂടാനാകാത്തതാണെന്നും പൊതുവിടങ്ങൾക്കുള്ള പ്രസക്തിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ എല്ലാവർഷവും ഇന്നേദിനം  സെമിനാറുകൾ സംഘടിപ്പിച്ച് ഡോക്യൂമെന്ററികൾ പ്രദർശിപ്പിക്കണമെന്നും അതോടൊപ്പം ഇന്നത്തെ ചർച്ചയിൽ  പങ്കെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചുകൊണ്ട്  ചർച്ച നടന്ന  ഞങ്ങളുടെ വാട്ട്സ്അപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ എല്ലാവർക്കും ശുഭരാത്രി ആശംസിച്ചു; ഒപ്പം സൈബർ സ്പെയ്സിലെ നാളത്തെ ചർച്ചാവിഷയവും: "പുതുതലമുറയുടെ അന്തർമുഖത്വവും സോഷ്യൽമീഡിയകളുടെ കടന്നാക്രമണങ്ങളും".

Comments

വളരെ മനോഹരമായ review ഹസിം...

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)