"മുക്കുപ്പിഞ്ചി മരിച്ചു". ഞാന്‍ പറഞ്ഞത് കേട്ട് ഉമ്മയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചപോലെ വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. "ഓ..ഇനി അന്ത ചേച്ചിയും സ്റ്റെല്ലയും കേക്ക്അ വില കൊടുത്ത് താന്‍ മീന്‍ വേണ്ട്തുക്ക്". ഉമ്മയുടെ വേദന അതായിരുന്നു. അല്ലെങ്കിലും മുക്കുപ്പിഞ്ചി എനിക്ക് ആരായിരുന്നു? കുട്ടിക്കാലം മുതലേ അവരുടെ മുഖമേന്റെ മനസിലുണ്ട്. ഓര്‍മവച്ച നാള് മുതല്‍ മനസ്സില്‍ പതിഞ്ഞ എണ്ണപ്പെട്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുക്കുപ്പിഞ്ചിയുടെത്. ഇന്ന് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലേക്ക് അവരുടെ നിശ്ചല ശരീരം കയറ്റുമ്പോഴും കുട്ടിക്കാലത്ത് ഞാന്‍ കണ്ട അതെ മുഖം തന്നെയായിരുന്നു. രാവിലെ വാപ്പ കടയില്‍ പോയ ഉടനെ ഉമ്മയുടെ കണ്ണുവെട്ടിച്ച് വീടിനു പുറത്തിറങ്ങി ഇക്കയുമായി മണ്ണില്‍ കിടന്നുരുളുമ്പോഴാണ് സാധാരണ അവര്‍ വരിക. "പിള്ളേ ഉമ്മ ഇല്ലിയ?" എന്ന് ചോദിച്ചോണ്ട് തലയിലെ മീന്‍കുട്ട താഴെ വച്ചിട്ട് നെറ്റിയിലെ വിയര്‍പ്പ് തുടച്ചിട്ടു താഴെയിരിക്കും."എന്ന മീനിരുക്ക്?" എന്ന് ചോദിച്ചുകൊണ്ട് ഉമ്മ വരുമ്പോഴേ ഉമ്മയുടെ മുഖം മീനിനെക്കാള്‍ ചളിച്ചിരിക്കും. ഇവര്‍ക്ക് മാത്രമാണ് ഈ ദുര്യോഗം. ഒരു വീട്ടിലും ആരും ചിരിച്ച മുഖത്തോടെ മീന്‍കാരികളെ സ്വീകരിക്കാറില്ല. മലയാളികള്‍ അങ്ങനെയാണ്. അതിരാവിലെ വീട്ടിലേക്കു വരുന്ന മീന്‍കാരികളെ കണ്ടാല്‍ അവരുടെ മുഖം ചളിക്കും. ഉച്ചക്ക് തീന്മേശയില് മീന്‍ വിഭവങ്ങള്‍ ഇല്ലെങ്കിലും മുഖം ചളിക്കും.
വളരെ മെലിഞ്ഞ വൃദ്ധയായ സ്ത്രീയാണ് മുക്കുപ്പിഞ്ചി. അവരെ ചെറുപ്പത്തില്‍ കണ്ടപ്പോഴും ഇപ്പോള്‍ കാണുമ്പോഴും ഒരുപോലെയാണ്. പ്രായം മാറാത്ത സ്ത്രീ. അന്നും ഇന്നും വാര്‍ധക്യത്തില്‍ തന്നെയാണ്. അവരുടെ മുക്ക് അല്പം ചപ്പി കീറിയതുപോലെയാണ് ഇരിക്കുന്നത്. അവര്‍ മീന്‍ വില്‍ക്കുന്ന ഏതോ വീട്ടുകാര്‍ ഇട്ട പേരാണിത്. ഇപ്പോള്‍ ആ പേര് അവരുടെ പ്രധാന തിരിച്ചറിയലായി മാറിക്കഴിഞ്ഞു. പണ്ടൊക്കെ അവര്‍ മീനുമായി മുറ്റത്ത് എത്തുമ്പോള്‍ ഞാന്‍ ഉമ്മയോട് വിളിച്ചു പറയും, "ഉമ്മാ മുക്കുപ്പിഞ്ചി വന്തിരിക്കിയാ?" അവര്‍ അതുകേട്ടു ചിരിക്കും. ഇപ്പോള്‍ അത് ആലോചിച്ചപ്പോള്‍ വലിയ ജാള്യത തോന്നുന്നു. രാവിലെ തന്നെ തല നിറയെ മീനുമായി വീട്ടിലെത്തുന്ന മീന്കാരികളെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എവിടന്നു ചിന്തിക്കാന്‍. ഭര്‍ത്താവിനു ഓഫീസില്‍ പോകേണ്ട തിരക്ക്, ഭാര്യക്ക് മക്കളെ സ്കൂളില്‍ അയക്കേണ്ടതും ഭക്ഷണം പാകം ചെയ്യേണ്ടതുമായ തിരക്ക്. വീട്ടിലെ കൊച്ചുമക്കള്‍ പോലും ചളിച്ച മുഖത്തോടെയാണ് മീന്‍കാരികളെ നോക്കുന്നത്. അവരുടെ വല്ലാത്ത തിരക്ക് പിടിച്ച സമയത്തിനിടക്കു വരുന്ന മീന്‍കാരികളെ ശ്രദ്ധിക്കാന്‍ എവിടുന്ന സമയം. ഒരു വീട്ടിലും മീന്കാരികള് വന്നയുടന്‍ പറഞ്ഞു വിടുന്ന ഏര്പ്പടില്ല. പത്തു പതിനഞ്ചു മിനിട്ട് ഇരുത്തി മുശിപ്പിച്ചിട്ടെ വീട്ടുകാര്‍ മീനിനു അടുത്തേക്ക് ചെല്ലു. മീന്‍ നാറിയ മീനാണെന്ന് മീന്‍ കാണും മുന്‍പ് തന്നെ ഒരു കമന്റ് എല്ലാ വീട്ടമ്മമാരും പാസാക്കും. എന്നിട്ട് അവര്‍ പറയുന്ന വിലയാണ് അതിനെക്കാള്‍ നാറിയതെന്നു അവര്‍ ഒരിക്കലെങ്കിലും അലോചിച്ചിരിക്കുമോ? ഇതിനിടയില്‍ എങ്ങാനും അവര്‍ രണ്ടുദിവസം വന്നില്ലെങ്കില്‍ മൂന്നാം ദിനം അവരെ കാത്തിരിക്കുന്നത് വീട്ടമ്മമാരുടെ ശകാരമാണ്. നിനക്ക് കൃത്യനിഷ്ടയില്ല, നിന്റെ കയ്യില്‍ നിന്നും മീന്‍ വാങ്ങി വേറെ മീന്കാരികളോന്നും മീന്‍ തരുന്നില്ല. , ഇങ്ങനെയാണെങ്കില്‍ നീ വരണ്ട...അങ്ങനെ ശകാരം നീളും. ഒരാഴ്ച മീന്‍ കൊണ്ട് വരാതിരുന്ന സ്റ്റെല്ലയോടു ഉമ്മാ പറഞ്ഞതാണിത്. അതിനവരുടെ മറുപടി അതിനെക്കാള്‍ രസകരം. "പോന വാരം തിങ്കള്കിളമയ് കണവന് തണ്ണിപോട്ട് പോട്ട് ആസ്പത്രിയിലെ ഇരന്തിട്ടാര്. അതുതാന്‍ ഉമ്മാ ഏള്നാള് വര മുടിയലെ". ഉമ്മാ പതുക്കെ സംഭാഷണം മാറ്റും."ഓ അപ്പടിയ...സരി, എന്ന മീന്ഇരുക്ക് ?".
സ്വന്തം ഭര്‍ത്താവിനെപ്പറ്റിയും മക്കളെപ്പറ്റിയും വ്യാകുലരാകുന്ന സ്ത്രീകള്‍ ആരെങ്കിലും ഈ മീന്‍കാരി സ്ത്രീകളെപ്പറ്റി ചിന്തിച്ചിരിക്കുമോ? അവരുടെ ഭര്ത്താക്കന്മാരെപ്പറ്റിയോ മക്കളെപ്പറ്റിയോ ചിന്തിച്ചിരിക്കുമോ? ഇവര്‍ അതിരാവിലെ നമ്മുടെ വീട്ടുമുറ്റത്ത് എത്തുമ്പോള്‍ ഇവരുടെ മക്കള്‍ എങ്ങനെ സ്കൂളില്‍ പോകും? ഭര്ത്താക്കന്മാര് എങ്ങനെ ഭക്ഷണം കഴിക്കും? മരിച്ച മുക്കുപ്പിഞ്ചിയുടെ വീട്ടില്‍ ആരെല്ലാം ഉണ്ടായിരുന്നോ എന്തോ? അവരുടെ മരണം എത്രപേരുടെ ജീവിതം മുട്ടിച്ചിരിക്കും. അവരുടെ മക്കള്‍, ചിലപ്പോള്‍ വൃദ്ധരായ അച്ഛനും അമ്മയും, ശരീരം തളര്‍ന്ന സഹോദരങ്ങള്‍ കാണാം. ആലോചിക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നു. അവരുടെ നിശ്ചലമായ മുഖം മാത്രം മനസിലേക്ക് ഓടിയെത്തുന്നു. അപ്പോള്‍ അടുക്കളയില്‍ നിന്നും ഉമ്മാ പറയുന്നത് കേട്ടു. "അണ്ണയ്ക്ക് മുക്കുപ്പിഞ്ചിക്കെ കൂടെ മോളും വന്തിരുന്താ. വലിയ പെണ്ണ് താന്‍. ആനാല്‍ കെട്ടികൊടുക്കയില്ലേ. ഇനി നാളെയിലെ ഇരുന്ത് അവോവരുവാളായിരിക്കും മീന്‍ വിക്കിത്ക്ക്"......
Comments