Skip to main content

ഓർമച്ചിത്രം വീണ്ടെടുക്കുമ്പോൾ

നമുക്കു ചുറ്റുമുള്ളവരുടെ ചിത്രങ്ങൾ നാം പകർത്തുന്നത് പലതരത്തിലാണ്. ചിലരുടെ ചിത്രങ്ങൾ വളരെക്കൂടുതൽ മൊബൈലിൽ ഉള്ളപ്പോൾ ചിലരുടേത് വളരെക്കുറച്ചേ പകർത്താറുള്ളൂ. പല നാടകങ്ങൾക്കായി പല പല ദിവസങ്ങൾ ഹരികുമാരൻ തമ്പി ചേട്ടനൊപ്പം ഒന്നിച്ചുണ്ടായെങ്കിലും ഇപ്പോൾ ചിത്രങ്ങൾ പരതിയപ്പോൾ ഒന്നുമാത്രമേ കണ്ടുകിട്ടിയുള്ളു. പുള്ളിയുമായുള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും എടുക്കാമല്ലോ എന്ന അബോധമനസ്സിന്റെ ചിന്തയാകും ചിത്രങ്ങൾ എടുക്കുന്നതിൽ നിന്നും മനസിനെ തഴഞ്ഞത്. എന്നാൽ അതുവരേയ്ക്കും അദ്ദേഹം കാത്തുനിൽക്കാത്തത് നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു.
എസ്.രാധാകൃഷ്ണൻ സാറിന്റെ റിഹേഴ്സൽ ക്യാമ്പുകളിൽ വച്ചാണ് തമ്പിചേട്ടനെ ആദ്യമായി കാണുന്നത്. ഭാരമുള്ള വലിയശരീരം കുഞ്ഞു കാലുകളിൽ പിടിച്ചുനിർത്താനാകാതെ നടന്നുപോകുന്ന കുറിയമനുഷ്യൻ. തടിച്ചശരീരമാണെങ്കിലും  കഥകളിയും കളരിയും സംഗീതവും തനിക്ക് നാടകം പോലെ വഴങ്ങുമെന്ന് പരിചയ ദിനങ്ങൾക്കിടയിൽ അദ്ദേഹം അനുഭവപ്പെടുത്തി തന്നിട്ടുണ്ട്. എപ്പോഴും തോളിൽ കയ്യിട്ടുനിർത്തി അടുപ്പം സ്ഥാപിച്ചേ സംസാരിക്കാറുള്ളൂ. അഭിനയിക്കാൻ ആരോഗ്യവും സമയവും അനുവദിക്കാത്തപ്പോൾ നാടകത്തിന്റെ ബാക്കി കാര്യങ്ങൾക്കായി ഓടി നടന്ന് ഏകോപനം നിർവഹിച്ച് ആ മനുഷ്യൻ നിർവൃതികൊണ്ടിരുന്നു. നാട്യഗൃഹത്തിന്റെ നാടകസദസ്സുകളിലും അരങ്ങിലും അണിയറയിലുമായി ഈ സഹൃദയനെ പലപ്പോഴും കണ്ടിട്ടുണ്ട്.
‎പോസ്റ്റൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഒരു ദേശം നുണപറയുന്നു" എന്ന നാടകത്തിന്റെ അരങ്ങൊരുക്കിലാണ് തമ്പിച്ചേട്ടനുമായി അവസാനം ഒന്നിച്ചു പ്രവർത്തിക്കുന്നത്. "നിന്റെ സംവിധാനത്തിൽ അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഇതല്ല, ഒരു മുഴുനീള കഥാപാത്രം എനിക്ക് നിന്റെ കീഴിൽ പൂർണമായും ചെയ്യണം" എന്നൊക്കെ പറഞ്ഞിരുന്നു. ഒന്നും നടന്നില്ല.നടക്കുംവരെ കാത്തിരിക്കാൻ അദ്ദേഹത്തിന്റെ ആസക്തി അനുവദിച്ചുമില്ല.
രണ്ടാഴ്ചമുൻപ് ലോട്ടറി ടിക്കറ്റ് നാടകാവതരണവേളയിൽ സംവിധായകൻ എസ്.രാധാകൃഷ്ണൻ സർ സൂചിപ്പിച്ചതായിരുന്നു, "വളരെ സീരീയസായി ഹരികുമാരൻ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന്". ഒന്നു കാണാൻ കഴിഞ്ഞില്ല. ഇന്ന്, നാളെ എന്നൊക്കെ കരുതി ദിനങ്ങൾ നീണ്ടുപോയി. അന്ത്യയാത്രവേളയിൽ ശാന്തികവാടം വരെ അനുഗമിക്കാനും കഴിഞ്ഞില്ല.
ആളൊഴിഞ്ഞ കൃഷ്ണപിള്ള ഹാളിന്റെ അരങ്ങിൽ വെറ്റിലയും ചവച്ച് ഏകനായിരിക്കുന്ന  തമ്പിച്ചേട്ടന്റെ രൂപം അകാരണമായി മനസ്സിൽ തെളിഞ്ഞുവരുന്നു, ഒപ്പം ലീലച്ചേച്ചിയെ ( ലീല പണിക്കർ) കളിയാക്കിക്കൊണ്ടുള്ള ലീലേ, ലീലേ എന്നുള്ള  വിളിയും......
‎                                       (ഹസിം അമരവിള)

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...