Skip to main content

"അമേരിക്കയിലേക്കൊരിന്ത്യൻ കത്ത്"


പ്രിയപ്പെട്ട അമേരിക്കൻ സുഹൃത്തേ, 

                 ഇന്നലെ വെറുതെ ലെറ്റർ ബോക്സ് പരതിയപ്പോഴാണ് നിങ്ങളുടെ കത്ത് കിട്ടിയത്. ചിലന്തി വലയും പൊടിയുമല്ലാതെ ആ ബോക്സിനകത്ത് കത്തുകളൊന്നും ഇപ്പോൾ തീരേ വരാറില്ല. ആറുമാസം മുൻപ് നിങ്ങളയച്ച കത്തു തന്നെയാണ് ആ ബോക്സിനെ തേടിയെത്തിയ അവസാന എഴുത്ത്.
          നിങ്ങൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അവിടെയിപ്പോൾ നല്ല തണുപ്പാണല്ലേ? അലസനായി നെരിപ്പോടിനു മുന്നിലിരുന്ന് സാഹിത്യവും മദ്യവും ഒന്നിച്ചു അകത്താക്കുകയാകും. ഇവിടെയും മഴക്കാലം തുടങ്ങി. കാലാവസ്ഥ എത്രയൊക്കെ മാറിയെന്നു പറഞ്ഞാലും ഈ വർഷവും പ്രതീക്ഷിച്ച മഴ നൽകി ഇടവപ്പാതി അനുഗ്രഹിച്ചു. എഴുത്തും വായനയുമൊക്കെ നന്നായി നടക്കുന്നുണ്ടെന്നറിഞ്ഞതിൽ ആനന്ദം, ഒപ്പം അമേരിക്കക്കാരനായ നിങ്ങൾ ഓഷോയെ വായിക്കാൻ തുടങ്ങിയെന്നറിഞ്ഞതിൽ ഒരിന്ത്യക്കാരന്റെ സന്തോഷം രേഖപ്പെടുത്തുന്നു. ഓഷോയെ പരിചയപ്പെടുത്തിയതിന്റെ പേരിൽ നിങ്ങൾ നൽകിയ 'നന്ദി' ഞാൻ തിരികെ അയക്കുന്നു. കാരണം നിങ്ങളാണല്ലോ അന്നാ കാമിയെൻസ്കയുടെയും ഗുസ്താവോ അഡോൾഫോ ബക്കെറുടെയും റോബർട്ടോ ജുവറോസിന്റെയുമൊക്കെ ലോകത്തിലേക്ക് എന്നെ കൈപിടിച്ച് നടത്തിയത്.
                              നിങ്ങളുടെ കഴിഞ്ഞ കത്തിലെ മൂന്നു നാലു തെറ്റുകൾ തിരുത്താൻകൂടി ഈ ഇടം ഞാൻ വിനിയോഗിക്കുന്നു. ഞങ്ങളിവിടെ വളരെ സമാധാനത്തിലാണ് കഴിയുന്നത്. നിങ്ങൾ കരുതുംപോലെ ഞങ്ങളെല്ലാവരും മാംസാഹാരപ്രിയരല്ല. ഞാനിപ്പോൾ ബീഫ് മാത്രമല്ല, കോഴിയും ആടുമെല്ലാം ഉപേക്ഷിച്ചു. മറ്റൊരു തമാശ നിങ്ങൾക്ക് കേൾക്കണോ; ഞാൻ മത്സ്യം കഴിച്ചിട്ട് ആറു മാസമായി. അതൊന്നും നിങ്ങൾ ധരിച്ചിരിക്കുംപോലെ ആരും നിർബന്ധിച്ചിട്ടല്ല, വേണ്ടാത്തത് കൊണ്ടാണ്. മാംസത്തിന് പുറകെ മത്സ്യവും അധികാരികൾ നിരോധിക്കുമെന്ന് നിങ്ങളന്ന് പറഞ്ഞില്ലേ! അതൊക്കെ നിങ്ങളുടെ ഈ നാടിനെക്കുറിച്ചുള്ള തെറ്റായ തോന്നലുകളാണ്. ഇതൊരു വലിയ ജനാധിപത്യ സംവിധാനം നിലവിലുള്ള രാജ്യമാണ്. ഇവിടെ ജനങ്ങളുടെ താത്പര്യങ്ങൾക്കേ അധികാരികൾ പ്രാധാന്യം നൽകൂ. അലങ്കാര മത്സ്യനിരോധനവും ആഹാര മത്സ്യനിരോധനവും തമ്മിൽ നിങ്ങൾ കൂട്ടിക്കുഴയ്‌ക്കണ്ട. ഞങ്ങളാരും തന്നെ അങ്ങനെ ചിന്തിക്കുന്നില്ലല്ലോ? അല്ലെങ്കിലും അലങ്കാരമത്സ്യങ്ങളെ തണുത്ത വെള്ളത്തിൽ ശ്വാസം മുട്ടിച്ച് പ്രദർശിപ്പിക്കുന്നത് നിരോധിക്കേണ്ടത് തന്നെയാണ്. അവയ്‌ക്കെത്ര നേരമിങ്ങനെ കണ്ണാടിപ്പെട്ടിക്കുള്ളിൽ വിറച്ചു കഴിയാനാകും?
                            ബീഫ് കൈവശം വച്ചതിന്റെ പേരിൽ യുപിയിൽ മുഹമ്മദ് അഖ്‌ലാഖിനെ നിങ്ങൾ പറഞ്ഞപോലെ ICU യിലെ കണ്ണാടിപ്പെട്ടിയിലൊന്നും കിടത്തി കഷ്ടപ്പെടുത്തിയില്ല. നേരിട്ട് മർദിച്ച് ഉടലോടെ അയക്കുകയായിരുന്നു. അതുപോലെ ഹരിയാനയിലെ രണ്ടു സ്ത്രീകളെ ബീഫ് കഴിച്ചതുകൊണ്ടാണ് ബലാത്സംഗം ചെയ്തത്. നോക്കൂ സുഹൃത്തേ, അവർക്കു കഴിക്കാൻ മറ്റെന്തെങ്കിലുമുണ്ടായിരുന്നോ എന്നതോ 14 ഉം 20 ഉം വയസുള്ള മുസ്‌ലിം സഹോദരികളാണ് അവരെന്നതോ ബീഫ് കഴിച്ചതിന്റെ ന്യായീകരണമോ സർക്കാരിനെ സംബന്ധിക്കുന്ന വിഷയമോ ആകുന്നില്ല. ഞങ്ങളിവിടെ വളരെ സമാധാനത്തിലാണ് കഴിഞ്ഞു വരുന്നത്. നിങ്ങൾ കരുതുംപോലെയൊന്നുമല്ല കാര്യങ്ങൾ.
                                       മനുഷ്യനേക്കാൾ വിലയിവിടെ മൃഗങ്ങൾക്കാണെന്ന് പറയുന്ന നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ; ഈ നാടിന്റെ സംസ്കാരത്തെക്കുറിച്ച് നിങ്ങൾക്കൊന്നുമറിയില്ല. അല്ലെങ്കിൽ ഈ സംസ്കാരം നിങ്ങൾക്ക് പിടികിട്ടിയിട്ടില്ല. സുഹൃത്തേ, ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണ്. അഹിംസാ മനോഭാവത്തോടെ മൃഗങ്ങളെയും മനുഷ്യരെയും സമഭാവത്തിൽ കരുതപ്പെടുന്ന സംസ്കാരം ഈ ലോകത്ത് മറ്റെവിടെയുണ്ട്. മിണ്ടാപ്രാണികളായതിനാൽ മൃഗങ്ങൾക്കല്പം പ്രാധാന്യം കൂടുതൽ നല്കുന്നുണ്ടെന്നേയുള്ളൂ. എഴുതിയതിന്റെയും കഴിച്ചതിന്റെയും പേരിൽ ഒരുകൂട്ടമാളുകൾ രണ്ടോ മൂന്നോപേരെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നത് കണ്ടാൽ നിങ്ങൾ അമേരിക്കക്കാർക്ക് തോന്നുന്ന മനോഭാവമൊന്നും ഞങ്ങൾക്ക് തോന്നില്ലാ. വാട്സാപ്പിലൂടെയും ഫെയിസ്ബുക്കിലൂടെയുമെല്ലാം അത്തരം ക്ലിപ്പുകൾ ഒരുപാട് കണ്ട് കണ്ട് മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു. നേരിട്ടുകണ്ടാലും ഒന്നിലുമിടപെടാതെ നിസ്സഹായതയുടെ മൂടുപടമണിഞ്ഞ് തന്നെത്തേടി അവർ വരുന്ന കാലത്തോളം നിലനിൽക്കാനും പഠിച്ചുകഴിഞ്ഞു. ഒഡീഷയിൽ ഭാര്യയുടെ ശവശരീരം കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാതെ ദന മാഞ്ചി ശവശരീരവുമേന്തി കിലോമീറ്ററുകളോളം നടന്നുപോയ വാർത്ത അമേരിക്കയിലിരുന്ന് നിങ്ങളറിയുമ്പോൾ യുപിയിൽ പശുക്കൾക്കായി പ്രേത്യേകം ആംബുലൻസ് സേവനം ഏർപ്പെടുത്തിയ വാർത്തയെന്തേ അറിയാതെ പോകുന്നു.
              ഞാനിപ്പോൾ മത്സ്യമാംസാദികൾ വർജിച്ചതിനു പുറമേ പച്ചക്കറികളും ഇലക്കറികളുമൊക്കെ കുറച്ചുകൊണ്ട് വരികയാണ്. ഒരർത്ഥത്തിൽ അവയും ഈ ഭൂമിയുടെ അവകാശികളല്ലേ? എന്റെ ആരോഗ്യത്തെക്കുറിച്ചോർത്ത് നിങ്ങൾ ആകുലപ്പെടേണ്ട. നമ്മുടെ അധികാരികൾക്കില്ലാത്ത എന്താകുലതയാ നിങ്ങൾക്ക്. ഞങ്ങളുടെ അധികാരികൾ ദീർഘവീക്ഷണമുള്ളവരാണ്. അവർ ഈ പ്രകൃതിയെ അതിന്റെ വൈവിദ്ധ്യത്തോടെ സംരക്ഷിക്കാൻ പാടുപെടുകയാണ്. അതിൽ കടന്നുകയറ്റം നടത്തിയത് ഈ ക്രൂരരായ ജനങ്ങളല്ലേ. പ്രകൃതിക്കുവേണ്ടി പ്രകൃതിയിൽ നിന്നും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണവ്യവസ്ഥിതി. വെറും വെള്ളം മാത്രം കുടിച്ച് വർഷങ്ങളോളം മുനിമാർ ജീവിച്ചിരുന്നതായി പുരാണഗ്രന്ഥങ്ങളിൽ പറയുന്നുണ്ടത്രേ. നിർവാണം, അതിലേക്കുള്ള യാത്ര ആരംഭിക്കണം.
                     കേന്ദ്രഅധികാരിക്കെതിരെ വാട്സാപ്പിലൂടെ വിമർശനം നടത്തിയ കർണാടക സ്വദേശിയായ ആട്ടോ ഡ്രൈവറെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ആയതിനാൽ പ്രേത്യേക ഐ.ടി. ആക്ട് വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്ത വാർത്ത ദാ... ലൈവായി ടിവിയിൽ പറയുന്നുണ്ട്. അടുത്ത കത്തിൽ നീയത് പ്രേത്യേകം പരാമർശിക്കാതിരിക്കാൻ ഞാൻ സൂചിപ്പിച്ചെന്നേയുള്ളൂ.
സുഹൃത്തേ, ഞങ്ങളിവിടെ വളരെ സമാധാനത്തിലാണ് കഴിയുന്നത്. ഇവിടത്തെ ജനാധിപത്യ സംവിധാനം വളരെ വിശാലമാണ്.
ഓ..ഡോർ ബെൽ അടിക്കുന്നുണ്ട്... കഴിഞ്ഞയാഴ്ച ഓൺലൈനിൽ ഒരു ബുക്ക് ഓർഡർ ചെയ്തിരുന്നു, അതായിരിക്കണം. ബുക്ക് ഏതെന്ന് ചിന്തിച്ച് തല പുണ്ണാക്കണ്ട. "ഒരു ജനാധിപത്യ സംവിധാനത്തിൽ സമാധാനത്തോടെ എങ്ങനെ കഴിയാം?". ഇവിടത്തെ ബെസ്റ് സെല്ലറാണ് ഈ ബുക്ക്. അതിനാൽ ഒരു കൗതുകത്തിന്റെ പുറത്ത് വായിക്കുന്നെന്ന് മാത്രം. ഇവിടിപ്പോ പുസ്തകവിപണനശാലകളിലേക്കൊന്നും നേരിട്ടുപോകേണ്ട കാര്യമില്ല. മനുഷ്യർ പരസ്പരം സംസാരിക്കുന്നത് അധികാരികൾ ഭയക്കുന്നതുകൊണ്ടാണെന്ന വരട്ടുവാദമൊന്നും നിങ്ങൾ പറയണ്ട. ക്യാഷ്‌ലെസ്സ് ഇക്കോണമിയല്ലേ. 150 രൂപയുടെ പുസ്തകത്തിന് ഓൺലൈൻ പർച്ചെയ്‌സിംഗിലൂടെ ഷിപ്പിംഗ് ചാർജും ടാക്സുമായി 220 രൂപയായി അടച്ചാലെന്താ, പുസ്തകം വീട്ടിലെത്തിച്ചേരുന്നില്ലേ. പിന്നെ 5000 രൂപ മാസവരുമാനമുള്ള എനിക്ക് ശമ്പളം വരുമ്പോൾ ബാങ്ക് പൈസയൊന്നും തരാറില്ല. ഇത് മെട്രോപൊളിറ്റൻ നഗരമാണത്രേ. ഇവിടെ ബാങ്കിൽ മിനിമം 5000 രൂപ എപ്പോഴും നിലനിർത്തണം. സർക്കാരിന്റെ ബാങ്ക് തന്നെയാണ്. സമ്പാദ്യ ശീലം ജനങ്ങളിൽ വളർത്താനുള്ള സർക്കാരിന്റെ നയപരിപാടിയാണിത്. നീയതിനെ സർക്കാരിന്റെ പിടിച്ചുപറി എന്നൊന്നും വ്യാഖ്യാനിക്കണ്ട.
       വളരെ സമാധാനത്തോടെയാണ് ഞങ്ങളിവിടെ കഴിഞ്ഞു പോകുന്നത്. ഞാനിപ്പോൾ ഒരു മതഗ്രന്ഥവും വായിക്കാറില്ല. വീട്ടിലുണ്ടായിരുന്ന എല്ലാ മതഗ്രന്ഥങ്ങളും നശിപ്പിച്ചുകളഞ്ഞു. എന്റെ മതത്തിന്റെ ഗ്രന്ഥം വായിച്ചാൽ വർഗീയവാദി, വേറെ മതഗ്രന്ഥങ്ങൾ വായിച്ചാൽ ആ ആശയങ്ങളെ വളച്ചൊടിക്കാനായി പഠിക്കുന്നു എന്നൊന്നും ആരും പറയില്ലെങ്കിലും എന്റെ തോന്നൽ അങ്ങനെയായതിനാൽ എല്ലാം നശിപ്പിച്ചു.
                   സത്യത്തിൽ വളരെ സമാധാനത്തോടെയാണ് ഞങ്ങളിവിടെ കഴിയുന്നതെന്ന കാര്യം ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു. ഓരോ ജനങ്ങളെയും സർക്കാർ പ്രേത്യേകം നിരീക്ഷിച്ച് അവർക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്നുണ്ട്.
ദാ...വീണ്ടും ഡോർ ബെൽ അടിക്കുന്നുണ്ട്. അപ്പോൾ ശരി പ്രിയപ്പെട്ട സുഹൃത്തേ; ഞാൻ കത്ത് ചുരുക്കുന്നു.
ഈ നാടെനിക്ക് വളരെ സമാധാനം പ്രധാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ അവധിക്കാലം ആസ്വദിക്കാൻ ഇങ്ങോട്ടു പോരൂ. പിന്നെ അവിടത്തെ പൗരത്വമൊക്കെ കിട്ടാൻ വലിയ പ്രയാസമാണല്ലേ? വെറുതെ ചോദിച്ചതാ.
അപ്പോൾ ശരി. ഈ നാടിന്റെ സമാധാനത്തിലേക്ക് ഞാൻ മടങ്ങട്ടെ.
                   
          ജയ്‌ഹിന്ദ്‌ പ്രിയ അമേരിക്കക്കാരാ,
                           സ്നേഹപൂർവ്വം
           നിങ്ങളുടെ ഇന്ത്യൻ സുഹൃത്ത്,

ഇന്ത്യ,
14-06-2017.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...