പെണ്ണെ നീ കാമത്തിന്‍റെ അവസാന രതിയെന്ന്,
നിന്‍റെ ശരീരം അവന്‍റെ പൗരുഷത്തിന്‍റെ
മേച്ചിൽപുറമെന്ന്,
അവന്‍റെ സ്ഖലനം നീ അടിവയറ്റിൽ
പേറണമെന്ന്…..
അവന്‍റെ വാരിയെല്ലിൽ നിന്നെ ഉയർത്തിയതെന്ന്
ദൈവവചനം.
നീ കൊടുത്ത വിവേകത്തിന്‍റെ കനി തിന്നാണത്രേ
ദൈവത്തെ അവൻ ചോദ്യം ചെയ്തതെന്ന്…..
എത്ര സമർത്ഥമായാണ് നിന്നെ വെറും പെണ്ണാക്കി
അവനും ദൈവവും അവരുടെ
നിഴലിനു പിന്നിലേക്ക് മാറ്റി നിർത്തിയത്…….
(അരുണ്‍ ജി.എം.)
"ജീവനോടെ കത്തിയെരിഞ്ഞവള്‍"
ജീവനോടെ കത്തിയെരിഞ്ഞവളോ?
തികച്ചും
അവിശ്വസനീയമായ ഈ പേര് കണ്ണുകളെ കവര്‍ന്നെടുത്തപ്പോഴാണ് ഡി.സി.ബുക്സിന്‍റെ പുസ്തകമേളയില്‍ നിന്നും ഈ
പുസ്തകം വാങ്ങിയത്. നാല്പത്തിഅഞ്ചാം വയസ്സില്‍ യൂറോപ്പിലിരുന്ന് താന്‍ ജനിച്ച
പലസ്തീന്‍ വെസ്റ്റ്‌ബാങ്കിലെ ഒരു കുഗ്രാമത്തിലെ
പുരുഷകേന്ദ്രീകൃത നിയമങ്ങള്‍ തന്നെ എങ്ങനെ വേട്ടയാടിയെന്ന് സൗദ
അക്ഷരങ്ങളിലൂടെ പെറുക്കിയടുക്കുമ്പോള്‍
അത് സിനിമക്കഥകളെപ്പോലും വെല്ലുന്ന അതിശയോക്തി നിറഞ്ഞ അനുഭവമായി വായനക്കാരനെ
നൊമ്പരപ്പെടുത്തും.
ഇസ്രായേല്‍-പലസ്തീന്‍ വംശജരുടെ പകപോക്കലും ഇസ്രായേല്‍ കടന്നു
കയറ്റവുമേ ഇത്രനാളും മാധ്യമങ്ങള്‍ എന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുള്ളൂ.
എന്നാല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പലസ്തീനിലെ വെസ്റ്റ്‌ബാങ്കിലെ ഗ്രാമപ്രദേശത്ത് സ്വന്തം വംശജരുടെ കിരാതമായ
പുരുഷനിയമങ്ങള്‍ക്ക് ബലിയായി ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ
അനുഭവങ്ങളാണ് "ജീവനോടെ കത്തിയെരിഞ്ഞവള്‍" എന്ന ആത്മകഥയിലൂടെ സൗദ
വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ആടുകളെ മേയ്ക്കാന്‍ പുല്‍മേടുകളിലേക്ക് പോകുന്ന
പതിനഞ്ചുവയസുകാരി കൊച്ചുസൗദയ്ക്കറിയാം,
തന്‍റെ ആടുകള്‍ക്കുള്ള സ്ഥാനം പോലും സ്വന്തം വീട്ടില്‍
തനിക്കില്ലെന്ന്. കാരണം താനൊരു പെണ്ണാണ്, വെറും പെണ്ണ്.
സൗദയുള്‍പ്പടെയുള്ള നാല് സഹോദരിമാര്‍ക്കിടയില്‍ പിറന്ന ഇളയഅനുജന്‍ രാജകുമാരനാണ്.
യാതൊരുവിധ നിയമങ്ങളും രാപ്പകല്‍ ഭേദമന്യേ അവന് ബാധകമല്ല. എന്നാല്‍
സൂര്യാസ്തമയത്തിനുമുന്‍പ് ആടുകളെയും കൊണ്ട് വീടെത്തിയില്ലെങ്കില്‍ സൗദയെയും മറ്റു
സഹോദരിമാരെയും കാത്തിരിക്കുന്നത് ബാപ്പയുടെ തുകല്‍ബെല്‍റ്റിന്‍റെ പ്രഹരങ്ങളാണ്.
വഴിവക്കില്‍ ഏതെങ്കിലും പുരുഷനെ കണ്ണുയര്‍ത്തി നോക്കുകയോ സംസാരിക്കുകയോ ചെയ്‌താല്‍
അവള്‍ ചാര്‍മൂട്ടയായി(വേശ്യ) പ്രഖ്യാപിക്കപ്പെടും. വിറകു കീറുന്നതിനിടെ കോടലിത്തലകൊണ്ടോ വെള്ളം കോരുന്നതിനിടെ കിണറ്റിലെറിയപ്പെട്ടോ തറയില്‍ വിരിച്ച ആട്ടിന്‍തോലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ചോ തന്‍റെ ബാപ്പയോ അനുജനോ തന്നെ കൊല്ലുമെന്ന് ഭയന്നാണവള്‍ ഓരോ ദിനവും തള്ളിനീക്കുന്നത്. തന്‍റെ കുഞ്ഞനുജത്തി ചെയ്ത തെറ്റെന്താണെന്ന് ഈ നാല്പത്തിഅഞ്ചാം വയസ്സിലും സൗദക്ക് അറിയില്ല. സൗദയുടെ പതിനാറാം വയസ്സിലാണ് സ്വന്തം അനുജന്‍ ടെലഫോണ്‍ വയറുകുരുക്കി അനുജത്തിയെ രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ കൊന്നത്. പുരുഷനുണ്ടാക്കിയ നിയമത്തിനുമുന്‍പില്‍ അവന്‍ സ്ത്രീകളെ കൊല്ലുന്നതെല്ലാം ന്യായീകരിക്കപ്പെടും.
പതിനാറോ പതിനേഴോ
വയസ്സില്‍ ബാപ്പ ആരില്‍ നിന്നെങ്കിലും പുരുഷധനം വാങ്ങിയാല്‍ അയാളെ ഭര്‍ത്താവായി
സ്വീകരിച്ചുകൊണ്ട് കൂടെപോകാന്‍ വിധിക്കപ്പെട്ടവളാണ് സ്ത്രീ. പിന്നെ പിതാവിന്‍റെ
പൈശാചികമായ പീഡനങ്ങളില്‍ നിന്നും താത്കാലിക മോചനം നേടിക്കൊണ്ട് ഭര്‍ത്താവിന്‍റെ
പീഡനമുറകള്‍ ആരംഭിക്കുകയായി. അയാള്‍ക്കായി ആണ്‍കുഞ്ഞുങ്ങളെ പെറ്റുകൂട്ടേണ്ട ചുമതല
അവള്‍ക്കാണ്. ജനിക്കുന്നത് പെണ്‍കുട്ടികളാണെങ്കില്‍ കുട്ടിയുടെയും അമ്മയുടെയും
കഷ്ടകാലം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ആദ്യരാത്രി
കഴിഞ്ഞ് അടുത്തപ്രഭാതത്തില്‍ പുതുമണവാട്ടിയുടെ വെളുത്തവസ്ത്രത്തില്‍ പടര്‍ന്ന കന്യാരക്തവുമായി
മണവാളന്‍ വീടിന്‍റെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടും. താഴെകൂടിനില്‍ക്കുന്ന
ബന്ധുക്കള്‍ക്കുനേരെ അവനത് ഉയര്‍ത്തിവീശുമ്പോള്‍ ആഹ്ലാദാരവങ്ങളോടെ
വിവാഹച്ചടങ്ങുകള്‍ അവസാനിക്കും. ആ പരീക്ഷണത്തില്‍ അവള്‍ പരാജയപ്പെട്ടാല്‍ പിന്നെ
അവളെ കാത്തിരിക്കുന്നത് ചാര്‍മൂട്ടയായി പ്രഖ്യാപിച്ചുകൊണ്ടുള്ള വധശിക്ഷയാണ്.
പതിനേഴ്
വയസുവരെ പരപുരുഷന്‍റെ മുഖത്ത് നോക്കാത്ത സൗദ തന്നെ പെണ്ണ് ചോദിച്ചു വരുന്ന
ഉദ്യോഗസ്ഥനുമായി പ്രണയത്തിലായി. ഭാവി ജീവിതത്തിലെ ഏകപ്രതീക്ഷയായ അയാളും, തന്നില്‍
നിന്നകലാതിരിക്കാനായി ഒലിവു മരങ്ങള്‍ക്കിടയില്‍ അയാളുടെ ആഗ്രഹങ്ങള്‍ക്ക് അവള്‍
കീഴ്പ്പെടുന്നു. സൗദയുമായുള്ള ബന്ധത്തില്‍ കന്യരക്തംകണ്ട് ഭയപ്പെടുന്ന കാമുകനോട്
വിവാഹശേഷം ശരീരത്തിലെ ഏതെങ്കിലും ഭാഗം മുറിച്ച് നാട്ടുകാരെകാണിക്കാനുള്ള രക്തം
താന്‍ നല്‍കാമെന്ന് പറഞ്ഞവള്‍ ധൈര്യപ്പെടുത്തുന്നുണ്ട്. അയാളാല്‍ കൈവിടപ്പെട്ട
അഞ്ചുമാസം ഗര്‍ഭിണിയായ സൗദയെ ദുരഭിമാനം ഭയന്ന് വധിക്കാന്‍ ബന്ധുക്കള്‍ ചേര്‍ന്ന്
തീരുമാനിക്കുന്നു. ആ നിയോഗം എത്തിച്ചേരുന്നത് അവളുടെ സഹോദരി ഭര്‍ത്താവിനാണ്.
രക്ഷകര്‍ത്താക്കള്‍ വീട്ടില്‍ നിന്നും മാറി കൊല്ലാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍
പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയാണ് അയാള്‍ ചെയ്തത്. തീപൊള്ളലേറ്റ് വീട്ടില്‍
നിന്നിറങ്ങിയോടിയ സൗദ ബോധരഹിതയായി നിലംപതിക്കുമ്പോള്‍ ആരെല്ലാമോ അവളെ ആശുപത്രിയില്‍
കൊണ്ടെത്തിക്കുന്നു. അവിടെയും തന്നെ സന്ദര്‍ശിക്കാന്‍ വന്ന സ്വന്തം ഉമ്മ, അവള്‍ കാരണം കുടുംബത്തിനുണ്ടായ അപമാനം പറഞ്ഞ് മനസിലാക്കി ഗ്ലാസില്‍
വിഷംപകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. ഗര്‍ഭിണിയായ സൗദയെ ചികിത്സിക്കാതെ അവളുടെ
ദുര്‍നടപ്പുകള്‍ക്കുള്ള ശിക്ഷയാണ് ഈ പൊള്ളലേറ്റ ശരീരമെന്ന് വിധിച്ച് മരണത്തിന് വിട്ടു കൊടുക്കാനാണ് ആശുപത്രി
അധികൃതര്‍ താത്‌പര്യം പ്രകടിപ്പിച്ചത്. ആയുസിന്‍റെ
ബലം കൊണ്ടും ജാക്വിലിന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ ഇടപെടല്‍കൊണ്ടും 'സര്‍ഗീര്‍' എന്ന ദുരഭിമാനക്കൊലയ്ക്കെതിരെ സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ
ശ്രമഫലവുമായി യൂറോപ്പിലെത്തി പുഴുവരിച്ച ശരീരത്തില്‍ നിന്നും ചലനമറ്റ കൈകളില്‍
നിന്നുമൊക്കെ മോചനം നേടി സൗദയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞു.
തന്‍റെ
നാല്പത്തിഅഞ്ചാം വയസ്സില്‍, 'ജീവനോടെ കത്തിയെരിഞ്ഞവള്‍' എന്ന ആത്മകഥ
പുറത്തുവരുമ്പോഴും സ്വന്തം മേല്‍വിലാസം പുറത്തറിയിക്കാന്‍ സൗദയ്ക്ക് കഴിയുന്നില്ല.
ഏതുനിമിഷവും ദുരഭിമാനകൊലയ്ക്കായി തന്‍റെ
ബാപ്പയോ അനുജനോ സഹോദരി ഭര്‍ത്താവോ തന്നെ തേടിയെത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നുണ്ട്.
ആയിരം കിലോമീറ്ററുകള്‍ക്കപ്പുറമിരുന്ന് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും
സ്വന്തം ബന്ധുക്കളെ സൗദ ഭയപ്പെടുന്നുണ്ടെങ്കില്‍ നമുക്കൂഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്
ദുരഭിമാനക്കൊലയുടെ തീവ്രത.
ജാതിയുടെ പേരിലുള്ള സമാനസംഭവങ്ങള്‍ തൊട്ടടുത്ത തമിഴ്‌നാട്ടിലെ
ഗ്രാമങ്ങളില്‍ നിന്നും ഇടയ്ക്കിടെ പത്രവര്‍ത്തകളായി എത്തിച്ചേരാറുണ്ട്.
വടക്കേഇന്ത്യയിലും ഇത്തരം വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. ദുരഭിമാനകൊല എന്ന് ഗൂഗിളില്‍ പരതിയപ്പോള്‍ ഞെട്ടിക്കുന്ന കുറെ
സംഭവങ്ങളാണ് വായിക്കാന്‍ കഴിഞ്ഞത്. നമുക്ക് ചുറ്റുമുള്ള ലോകം ഇത്രത്തോളം കലുഷിതവും
പ്രക്ഷുബ്ധവുമാണോ? ഭാവനാശാലിയായ എഴുത്തുകാരന്‍റെ
ചിന്തപഥത്തില്‍ ഉരുവംകൊള്ളുന്ന സങ്കല്‍പത്തിലധിഷ്ടിതമായ സമ്പന്നമായ കഥകളേക്കാള്‍
അത്ഭുതവും അനുഭവതീവ്രതയാല്‍ മനസിനെ കാര്‍ന്നു തിന്നുന്ന സങ്കടങ്ങളാല്‍ മാത്രം ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍
വിധിക്കപ്പെട്ടവരായി അനേകംപേര്‍ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ള കഥകളില്‍ ഹൃദയഭേദകമായ ഒരു കഥ മാത്രമാണ് സൗദയുടേത്. ഒന്നുറക്കെ ശബ്ദമുയര്‍ത്താനാകാതെ
പുറംലോകമിനിയുമറിയാതെ സ്വന്തം സ്വത്വം വെളിപ്പെടുത്താനാകാതെ ആയിരമായിരം സൗദമാര്‍ മരണവുംകാത്ത്
നമുക്കുചുറ്റുമുണ്ട്. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ വകഞ്ഞുമാറ്റി
ഒരാളെ ഇഷ്ടപ്പെട്ടത്തിന്‍റെ പേരില്‍ എട്ടും പത്തും വര്‍ഷങ്ങള്‍ക്കിപ്പുറവും
കാത്തിരുന്ന് സ്വന്തം ബന്ധുക്കളാല്‍ വെട്ടിവീഴ്ത്തപ്പെടുന്ന അനേകം ജീവനുകള്‍ക്ക്
മുമ്പില്‍ നിസ്സഹായതയുടെ മുഖംമൂടിയണിഞ്ഞു ഞാനെന്‍റെ നാലു ചുവരുകള്‍ ഉയരംകൂട്ടി
വെള്ളപൂശി ഉറപ്പുള്ളതാക്കട്ടെ...

Comments