Skip to main content

ബറാഅത്ത് രാവില്‍ ബര്‍സ


             

                               ഇന്നാണ് ബറാഅത്ത് രാവ്. അറബി മാസമായ ശഅ്ബാനിലെ പതിനഞ്ചാംരാവാണ് ബറാഅത്ത് രാവ്. ബറാഅത്തെന്നാല്‍ വിമോചനം. ഇസ്ലാമിലെ ശ്രേഷ്ടമായ അഞ്ചുരാത്രികളിലൊന്ന് ബറാഅത്ത് രാവാണ്. ഖുര്‍ആന്‍ വിശദീകരണം ഹദീസുകളിലൂടെ പറയുന്നതിങ്ങനെ; ബറാഅത്ത് രാത്രിയെന്നാല്‍ പടച്ചവന്‍റെ സന്നിധിയില്‍ യുക്തിപരമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന രാത്രി. എല്ലാ സത്യവിശ്വാസികളും നമസ്കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകുന്ന രാത്രി. മഗരിബ് നമസ്കാരത്തിനും ഇശാഹ് നമസ്കാരത്തിനും ഇടയ്ക്കുള്ള സമയം കൊണ്ട് സത്യവിശ്വാസികള്‍ മൂന്നു യാസീന്‍ (ഖുര്‍ആനിലെ ഒരദ്ധ്യായം) ഓതും. ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും  രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യുന്നത്. സത്യവിശ്വാസിയായ എന്‍റെ ഉമ്മ തികഞ്ഞ ഭക്തിയോടെ യാസീന്‍ പാരായണം ചെയ്യുകയാണ്.   
                 ഈ രാത്രിയാണ് യാദൃശ്ചികവശാല്‍ ഞാന്‍ ഉമ്മയുടെ അടുത്തിരുന്ന് ഖദീജ മുംതാസിന്‍റെ ബര്‍സ വായിക്കാന്‍ തുടങ്ങിയത്. ബര്‍സയെന്നാല്‍ മുഖം തുറന്നിട്ടവള്‍. ബര്‍സയില്‍ നായിക സബിത തുറന്നിട്ട മുഖവും മനസ്സുമായി ഇസ്ലാമിലൂടെ യാത്ര ചെയ്യുകയാണ്. ഈ യാത്രയിലൂടെ ഇസ്ലാമികചരിത്രവും നിയമവും മതാന്ധതകള്‍ക്കപ്പുറം നിന്ന് സ്ത്രീപക്ഷ കോണിലൂടെ പുനപരിശോധിക്കുകയാണ് സബിത. ഇസ്ലാമിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും തോന്നാവുന്ന, എന്നാല്‍  മതത്തിനെതിരാകുമോ എന്ന ഭയത്താല്‍ ഉള്ളിലൊതുക്കുന്നതുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു ബര്‍സയിലൂടെ ഖദീജ മുംതാസ്‌.


ദൈവേച്ഛപ്രകാരം സ്വന്തം മകനായ ഇസ്മയീലിനെ ഇബ്രാഹീം നബി, ബലി നല്‍കാന്‍ തയ്യാറാകുന്ന ത്യാഗനിര്‍ഭരമായ രംഗം സ്ത്രീപക്ഷകാഴ്ചപ്പാടിലൂടെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഖദീജ മുംതാസ്‌. സ്വന്തം മകനെ ബലി കൊടുക്കാന്‍ ഇബ്രാഹീം തീരുമാനിക്കുമ്പോള്‍ ഭാര്യയോട്‌  സമ്മതം ചോദിച്ചിരുന്നോ? അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ ഹജറാബീവി എന്തു പറയുമായിരുന്നു? അല്ലാഹു നേരിട്ട് മകനെ ബലി നല്‍കാന്‍ ഹജറായോട് അജ്ഞാപിച്ചാല്‍  അവരുടെ മറുപടി ഇതായിരിക്കില്ലേ?

"എന്‍റെ ജീവനും ജീവിതവും എന്‍റെ സന്തതിയും ഞാന്‍ സമ്പാദിച്ചതുമെല്ലാം നിന്റേതു  മാത്രമാണെന്ന് ഞാനറിയുന്നു. ജീവന്‍ തരുന്നതും എടുക്കുന്നതും നീ തന്നെയാണെന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമേതുമില്ല. നീ കല്പ്പിക്കുന്നതെന്നും ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. എങ്കിലും  യാ അല്ലാഹ്; എന്‍റെ രക്തവും മാംസവുമായ മകനെ കുരുതികൊടുക്കാന്‍ നീ ആജ്ഞാപിച്ചാല്‍ ഞാന്‍ അനുസരിച്ചെന്നു വരില്ല. ആയിരം തെറ്റുകള്‍ പൊറുത്തും ഒരു നന്മയ്ക്ക് ഫലം തരുന്നവനായ അല്ലാഹു, ഞാനിതുവരെ ചെയ്ത സല്ക്കര്‍മ്മങ്ങള്‍ കണക്കിലെടുത്ത്‌  എന്‍റെ അനുസരണക്കേടിനെ നീ പൊറുത്ത് തരിക. അല്ലെങ്കില്‍ സ്വര്‍ഗത്തോപ്പില്‍ ഇത്തിരി താഴ്ന്ന ഒരു പീഠം എനിക്കായി മാറ്റിവയ്ക്കുക. അതുമല്ലെങ്കില്‍, നീ ഉദ്ദേശിക്കുന്നുവെങ്കില്‍ കത്തിയാളുന്ന ജഹന്നത്തില്‍ എന്നെ തള്ളിയേക്കുക. എങ്കിലും കരുണാമയ നീ എന്നില്‍ ചൊരിഞ്ഞ ഏറ്റവും വലിയ അനുഗ്രഹമായ മാതൃഭാവത്തെ ഞാന്‍ കെടുത്തിക്കളയുമെന്ന് നീ പ്രതീക്ഷിക്കാതിരിക്കുക".

മഹത്തരം. ഒരു ഉമ്മയ്ക്ക് മാത്രം പറയാന്‍ കഴിയുന്നത്. ഒരാണിനും ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്തത്‌. ബര്‍സയിലൂടെ ഖദീജ മുംതാസ് ചോദ്യങ്ങള്‍ വീണ്ടുമുയര്‍ത്തുന്നു. 
1980-90കളില്‍ മക്കയിലെ ഹോസ്പിറ്റലില്‍ ജോലി ചെയ്ത ഖദീജയുടെ കഥാപാത്രമായ സബിതയ്ക്ക് മക്കയെക്കുറിച്ച് പറയാനുണ്ടായിരുന്നത് പുണ്യനഗരമായി മുസ്‌ലിങ്ങള്‍ ഹൃദയത്തിലേറ്റി നടക്കുന്ന  മക്കയുടെ മറ്റൊരു മുഖമാണ്. ഖദ്ദാമയുടെ വിസയിലെത്തിയ ഇന്തോനേഷ്യക്കാരിയുടെ ചുണ്ടിലെ ചായം സൗദിഡോക്ടര്‍ ബലപ്രയോഗത്തിലൂടെ തുടച്ചുമാറ്റുന്നു. അതിനെ എതിര്‍ത്ത സബിതയോട് ഡോക്ടര്‍ പറയുന്നത്; ഭര്‍ത്താവിന് കാണാന്‍ വേണ്ടി മാത്രമേ സ്ത്രീകള്‍ ചമയങ്ങള്‍ അണിയാവൂ എന്നാണ്. ഭര്‍ത്താവിന് കാണാന്‍ വേണ്ടി മാത്രമല്ല സ്വന്തം മനസംതൃപ്തിക്ക് വേണ്ടിയും സ്ത്രീക്ക് ചായങ്ങള്‍ അണിയാം. അവളൊരു പൂര്‍ണവ്യക്തി തന്നെയാണെന്ന ചിന്ത ആരും അംഗീകരിക്കുന്നില്ല, സ്വീകരിക്കുന്നില്ല. സ്ത്രീക്ക് ഇസ്ലാം പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് പറയുമ്പോള്‍തന്നെ സദാചാരനിയമങ്ങളാല്‍ ഓരോ സ്വാതന്ത്ര്യവും അദൃശ്യമായി പിടിച്ചു കെട്ടിയിരിക്കുന്നു. ജയിലില്‍ കഴിയുന്ന ഒരാള്‍ താന്‍ പൂര്‍ണ സ്വതന്ത്രനാണ് ജയിലിനകത്തെന്ന് പറയുംപോലെയാണത്.
  പെണ്‍വീട്ടുകാര്‍ക്ക്  വലിയ പെണ്‍പണം അങ്ങോട്ട്‌ നല്‍കി പെണ്ണിനെ കല്യാണം കഴിക്കുന്ന പുതുമാപ്പിളമാര്‍, ആദ്യരാത്രിയില്‍ രക്തം വന്നില്ലെന്ന പേരില്‍ കന്യകാത്വപരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ട് വരുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ സ്ത്രീക്ക് അവകാശമില്ല. വലിയ മഹര്‍ നല്‍കി തന്നെ ഭര്‍ത്താവ് വാങ്ങിയതിനാല്‍ സ്വന്തം കന്യകാത്വം തെളിയിക്കേണ്ടത്‌ അവളുടെ കൂടി ചുമതലയാണ്.  
  ഖദ്ദാമമാരെ വിലയ്ക്കെടുക്കുകയും കഠിനാധ്വാനത്തോടൊപ്പം ലൈംഗികതയ്ക്കും  ഉപയോഗിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിമ-ഉടമ സമ്പ്രദായം പരോക്ഷമായി  തുടര്‍ന്ന് പോകുന്നുണ്ടിവിടെ. പണമുള്ള പുരുഷന്‍ കൂടുതല്‍ മഹര്‍ നല്‍കി ഭാര്യമാരെ സ്വന്തമാക്കുമ്പോള്‍ ആദ്യഭാര്യക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നതും ബര്‍സ മുന്നോട്ടു വയ്ക്കുന്ന സാമൂഹികാവസ്ഥയാണ്. ഭര്‍ത്താവിനോട് സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി വാദമുഖങ്ങള്‍ നിരത്തി മുറിവേറ്റ മൃഗത്തെപ്പോലെ കൂട്ടിലവള്‍ കഴിയുന്നു. 
"സ്വര്‍ഗ കവാടത്തിലെത്തി നോക്കുമ്പോള്‍ സ്വര്‍ഗവാസികളിലധികവും പാവപ്പെട്ടവരായിരുന്നു. നരകത്തിന്‍റെ കവാടത്തില്‍ ചെന്നുനോക്കുമ്പോള്‍ അവരിലധികവും സ്ത്രീകളായിരുന്നു. ഭര്‍ത്താവിനോട് വിശ്വാസ വഞ്ചന കാണിച്ചവര്‍,  അനീതി പ്രവര്‍ത്തിച്ചവര്‍.” ഈ വരികളിലൂടെ സ്ത്രീയെ പരിഹസിച്ച് എന്നന്നേക്കുമായി ഇരുള്‍മുറിയ്ക്ക് അകത്ത്‌ ഇരുത്തനുള്ള ശ്രമമാണ് കാണുന്നത്. 
അമുസ്ലീങ്ങള്‍ ഏല്ലാം അവരുടെ കര്‍മത്തിന്‍റെ പേരില്‍ അളക്കപ്പെടില്ല, ജന്മത്തിന്‍റെ പേരില്‍തന്നെ നരകത്തിലേക്ക് തള്ളപ്പെടുമെന്ന ഡോക്റ്റര്‍ ആസിയായോട് സബിത പറയുന്നതിങ്ങനെ; "ഗാന്ധിജിയും മദര്‍ തെരേസയും കര്‍മത്തിന്‍റെ കണക്കുകള്‍ നോക്കാതെ ജന്മം കൊണ്ട് തന്നെ നരകത്തിലേക്ക് തള്ളപ്പെടുമെങ്കില്‍ എനിക്കും അവര്‍ക്ക് ലഭിക്കുന്ന ആ നരകം മതി".
ഇസ്ലാമിലെ സ്ത്രീയെക്കുറിച്ചുള്ള ബര്‍സയിലെ തുറന്നു പറച്ചില്‍ പലപ്പോഴും എനിക്കും തോന്നിയിട്ടുള്ളതാണ്. അതിനെക്കുറിച്ചാലോചിച്ച് ഞാന്‍ എന്നോട് തന്നെ വികാരം കൊണ്ടിരുന്നപ്പോള്‍ ഒരു ഗദ്ഗദം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ യാസീന്‍ ഓതിക്കൊണ്ടിരുന്ന ഉമ്മ ഇരുന്ന് വിങ്ങിപ്പൊട്ടുന്നു. എന്നെ നോക്കിക്കൊണ്ടൊരു ചോദ്യം;

എന്താ മോനെ നീ ഇപ്പൊ കൃത്യമായി നിസ്കരിക്കാന്‍ പോകാത്തത്? 

ഞാന്‍.....അത്....

ഇന്ന് ബറാഅത്ത് രാവാണ്. ദുആക്കള്‍ക്കെല്ലാം ഉത്തരം കിട്ടുന്ന രാത്രി. ഇന്നത്തെ മൂന്നു യാസീന്‍റെ പോരിശയെക്കുറിച്ചും ഈ രാവിന്‍റെ മഹത്വത്തെക്കുറിച്ചും എന്‍റെ മോന്‍ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഞാനിതൊക്കെ ഓതിയിട്ടു കാര്യമില്ല. എനിക്ക് നീ ചെയ്തു തരേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്. എന്‍റെ മോന്‍ എന്‍റെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തോളുമെന്ന പൂര്‍ണമനതൃപ്തിയോടെ ഇഹലോകം വിട്ടുപോകാനുള്ള അനുഗ്രഹം അള്ളാഹു ചെയ്യട്ടെ...അമീന്‍...
ഉമ്മ ഇങ്ങനെയൊക്കെ പെട്ടെന്ന് പറയാനുള്ള കാരണമറിയാതെ ഞാന്‍ മിഴിച്ചിരുന്നു.
മോനെ ഈ ബറാഅത്ത് രാവില്‍ ഞാനെന്‍റെ വസീഅത്ത് മോനോട് പറയുന്നു. എന്‍റെ മോനത് പൂര്‍ണപൊരുത്തത്തോടെ ഈ ഉമ്മാക്ക് ചെയ്തു തരണം.

എന്താണുമ്മ? പറ?

എന്‍റെ മോന്‍ വല്യആളാകും. ഉമ്മാക്കത് ഉറപ്പുണ്ട്. ധാരാളം ശിഷ്യന്മാരും ഗുരുക്കന്മാരോക്കെ നിന്‍റെ മേഖലയില്‍ നിനക്കുണ്ടാകും. റബ്ബുല്‍ ആലമീനായ പടച്ചതമ്പുരാന്‍ നിന്‍റെ ഹലാലായ ആഗ്രഹങ്ങളെല്ലാം നടത്തിതരുമാറാകട്ടെ...ആമീന്‍... അപ്പോഴും എന്‍റെ മോന്‍ എന്‍റെ വസീഅത്ത് മറക്കരുത്. ഞാന്‍ മരിക്കുമ്പോള്‍ നമ്മുടെ ഏറ്റവും അടുത്ത രക്തബന്ധുക്കളായ പുരുഷന്മാര്‍ ഒഴിച്ച് വേറൊരു പുരുഷനും എന്‍റെ മയ്യിത്ത്‌ കാണരുത്. സ്ത്രീകള്‍ കാണട്ടെ. സാരമില്ല. ജീവിച്ചിരുന്ന കാലത്ത്‌ ഞാന്‍ അന്യ പുരുഷരുടെ മുന്‍പില്‍ പോകാതെ അള്ളാഹുവിന്‍റെ പൊരുത്തം മാത്രം ആഗ്രഹിച്ച് പ്രവര്‍ത്തിച്ചു. ഈ ഇഹലോകജീവിതത്തില്‍  ഞാന്‍ കാരണം നിങ്ങള്‍ക്കൊരു ബുദ്ധിമൂട്ടും വരാതിരിക്കാന്‍ നിന്‍റെ സുഹൃത്തുക്കളുടെ മുന്‍പിലും വാപ്പയുടെ സഹപ്രവര്‍ത്തകരുടെ മുന്‍പിലും നിങ്ങള്‍ നിര്‍ബന്ധിച്ചതിനാല്‍ മാത്രം തലയില്‍ മഫ്തയോടെ ഞാന്‍ വന്നിട്ടുണ്ട്. എന്നാലും എന്‍റെ മോനെ മയ്യിത്തായ എന്നെ ഒരു പുരുഷനും നീ കാണിച്ചു കൊടുക്കരുത്".

ബര്‍സ എന്‍റെ കയ്യില്‍ നിന്നും താഴെ വീണു. എന്‍റെ ഇത്രനാളുമുള്ള വായനാറിവില്‍ സ്വരുക്കൂട്ടിയ ചിന്തകള്‍ ചിന്നിച്ചിതറി കണ്ണീരായി ഒഴുകിയിറങ്ങി. ഉമ്മയില്‍ നിന്നത് മറച്ചുപിടിക്കാന്‍ ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു മാറി. നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ നിന്നും ചരിത്രസത്യങ്ങള്‍ ഓര്‍മപ്പെടുത്തനായി ബര്‍സയിലെ ഗലിയിലേക്ക് വടിയാട്ടിവന്ന ബദൂവിയനെപ്പോലെയാണ് ഉമ്മയെ എനിക്ക് തോന്നിയത്‌.
 പ്രിയപ്പെട്ട ഉമ്മ; നിങ്ങളോട് ഞാന്‍ എന്താണ് പറയേണ്ടത്‌. എന്‍റെ ചിന്തകളെ നിങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു പുറകില്‍ നിന്നും നിങ്ങളെന്നെ പിടിച്ചുലയ്ക്കുന്നു  ബഹുമാനപ്പെട്ട ഖദീജ മുംതാസ്, ബര്‍സ സത്യമാകം, നിങ്ങളുടെ വികാരവിചിന്തനങ്ങള്‍ നിക്ഷ്പക്ഷമാകാം. പക്ഷെ എന്‍റെ ഉമ്മയുടെ വസീഅത്തിന് മുമ്പില്‍   ആ നിക്ഷ്പക്ഷതയ്ക്ക് സ്ഥാനമില്ല. ഉമ്മയാണ് സത്യം. ഉമ്മയാണ് ഇമാന്‍. 

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)