Skip to main content

അവസാനിക്കാത്ത യാത്രകൾ........

"യാത്രകളൊന്നും തന്നെ ഒരിക്കലും അവര്‍ത്തിക്കപ്പെടുന്നില്ല.
ഒരു യാത്രയും ഒരിടത്തും അവസാനിക്കുന്നുമില്ല" 
            
           ഓര്‍മകളിലൂടെ അനുഭവങ്ങളിലൂടെ പകര്‍ന്നുകിട്ടിയ പുതുസംസ്കാരങ്ങളിലൂടെ ജീവിതശൈലികളിലെ മാറ്റങ്ങളിലൂടെ യാത്രകളില്‍ കൈമാറിവരുന്ന ശീലങ്ങള്‍ പലതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.
യാത്രകള്‍ പലതരത്തിലുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ വഴികളിലൂടെയും അപ്രതീക്ഷിതമായ വഴികളിലൂടെയും മുന്നേറുന്ന യാത്രകള്‍.
കഴിഞ്ഞ പതിനഞ്ചു ദിവസത്തെ യാത്രകള്‍ അപരിചിതത്വം നിറഞ്ഞ വഴികളിലൂടെ  ലോകം അറിയാനുള്ള, പുതുഭൂമികള്‍ കാല്‍ക്കീഴിലാക്കാനുള്ള അചഞ്ചലമായ ജിജ്ഞാസ നിറഞ്ഞ ഒരു ശ്രമമായിരുന്നു.
ബൈക്കിന്‍റെ ടിക് ടിക് എഞ്ചിന്‍ ശബ്ദത്തോട് വല്ലാതെ പ്രണയം തോന്നിയ നാളുകള്‍. വഴിനീളെ പ്രകൃതിയുടെ അത്ഭുതങ്ങള്‍. കീഴടക്കാനുള്ള ഭൂമികളൊന്നും കണ്ടെത്തപ്പെട്ടില്ല. കണ്ടെത്തിയ ഭൂമികളെല്ലാം നേരത്തെ കീഴടക്കപ്പെട്ടിരിക്കുന്നു.
      കാടുകളെല്ലാം തന്നെ കാടാണെങ്കിലും ഓരോ കാടും മറ്റുള്ളവയില്‍ നിന്നും വിഭിന്നമാണെന്നും അവയ്ക്ക് അവയുടേതായ സ്വത്വബോധമുണ്ടെന്നും തിരിച്ചറിഞ്ഞത്‌ ഈ യാത്രയിലാണ്. ഗൂഗിള്‍ മാപ്പിനും സാറ്റലൈറ്റിനും കണ്ടെത്താനാകാത്ത ഇടനാഴികളും പ്രാന്തപ്രദേശങ്ങളും നമ്മുടെ നാട്ടിലുണ്ടെന്ന് മനസിലാക്കിപ്പിച്ചതും ഈ യാത്രയാണ്.
കുമളിയുടെ വന്യമായ സൌന്ദര്യവും, തേനിയിലെ തേൻമുന്തിരിച്ചാറും, മൂന്നാറിന്‍റെ മഞ്ഞും തണുപ്പും, ഗുടല്ലൂരിലെ ചുരമിറങ്ങി വരുന്ന തമിഴ്‌കാറ്റും, വാല്‍പ്പാറയിലെ വളഞ്ഞുപുളഞ്ഞ വഴികളും, അതിരപ്പള്ളിയിലെ ജലാശയങ്ങളും, കോഴിക്കോടിന്‍റെ തനത് രുചികളും, കാസര്‍ഗോഡിന്‍റെ ചരിത്രഗന്ധം പേറുന്ന കോട്ടകളും, മുരടേശ്വരത്തിന്‍റെ വിശ്വാസവും, ഗോകര്‍ണത്തിന്‍റെ പൈതൃകവും, കര്‍വാറിലെ കര്‍ണാടകന്‍ ഉഷ്ണക്കാറ്റും, മഡ്ഗാവിലെ മാമ്പഴവും, ഗോവന്‍പള്ളികളുടെ ഗൃഹാതുരത്വവും, കടല്‍ത്തീരങ്ങളുടെ വശ്യതയും കടല്‍ത്തിരമാലകളുടെ എണ്ണമറ്റ കഥകളുമെല്ലാം എന്നില്‍ നിറച്ചത്‌ ഇനിയും പല ആണ്ടുകള്‍ ഏകാന്തതയില്‍ കഴിഞ്ഞാലും പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിച്ച് ഓര്‍മകളിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള വര്‍ണവിസ്മയ കാഴ്ചകളും അനുഭവങ്ങളുമാണ്.


പറഞ്ഞതിലിനി കൂട്ടിച്ചേർക്കാനുള്ളത്: കണ്ണും മനസ്സും നിറച്ച കാഴ്ചകൾക്കപ്പുറം കരളിനെ കാർന്നുതിന്നുന്ന കാഴ്ചകളും അനവധി. മംഗലാപുരം മുതൽ കർവർ വരെ 320 കിലോ മീറ്റർ ദൈർഘ്യമുള്ള കർണാടകയിലെ എട്ടുവരി പാതയ്ക്കായി മരങ്ങളെയും മലമടക്കുകളെയും ഇടിച്ചുനിരത്തി ചെത്തിയൊതുക്കി അനുസരണ പഠിപ്പിച്ചു നിർത്തിയിരിക്കുന്ന അശാസ്ത്രീയ വികസനം ഒരു നൊമ്പരം മാത്രമായി ഹൃദയത്തിൽ അവശേഷിച്ചിരിക്കുന്നു.  

"ഭൂമിയിലെ പാതകളെല്ലാം ദൈവത്തിലെത്തിച്ചേരുന്നില്ല;
ജിജ്ഞാസയോടെ ലോകം ചുറ്റിത്തിരിയുന്നവരുടെ
പാതകളൊന്നും ദൈവത്തിലേക്കല്ലാതെ അവസാനിക്കുന്നുമില്ലാ"

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...