Skip to main content

"എന്‍റെ ഹൃദ്യമായ നാടകദിനാശംസകള്‍"

ഇന്നാണ് ലോക നാടക ദിനം. എനിക്കിന്ന് എന്‍റെ പിറന്നാള്‍ ദിനത്തേക്കാള്‍ കൂടുതല്‍ സന്തോഷം തോന്നുന്നുണ്ട്. വല്ലാത്ത ശാന്തത. മനസ്സില്‍ ഒരു കാരണവുമില്ലാതെ ഊര്‍ജ്ജം തിരയടിച്ചു കയറുന്നു. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെയായി ഒരു വര്‍ഷത്തെ വിഭജിച്ച് പല ദിവസങ്ങളാക്കി പങ്കിട്ടെടുക്കുന്ന കൂട്ടത്തില്‍ ദാ...നാടകക്കാരും കണ്ടെത്തിയിരിക്കുന്നു അവര്‍ക്കായി ഒരു ദിനം. ഒന്നൊത്തൊരുമിച്ച് കൂടാന്‍, പരസ്പരം ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍, കഴിഞ്ഞ നല്ല നാടകക്കാലങ്ങള്‍ അയവിറക്കാന്‍, വരാന്‍ പോകുന്ന നാടകപ്രതീക്ഷകള്‍ സ്വപ്നം കാണാന്‍ ഒരു ദിവസം...
    ഒരു രാഷ്ട്രത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന്‍റെ കാര്യത്തില്‍ നാടകത്തിന്‍റെ പങ്ക് പരമപ്രധാനമാണ്. കാലാകാലങ്ങളായി ഇന്ന രീതിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി യഥാര്‍ഥത്തില്‍  കറങ്ങേണ്ടിയിരുന്നത് അങ്ങനെയായിരുന്നില്ലെന്ന്  മുന്‍കൂട്ടികണ്ടുകൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തി ശരിയായ പാതയിലൂടെ കൈ പിടിച്ച്കൊണ്ട് കാലത്തിനും മുന്‍പേ നടത്തുന്നതില്‍ നാടകത്തിനും നാടകക്കാര്‍ക്കുമുള്ള പങ്ക് ഒഴിവാക്കാനകാത്തതാണ്. നാടകം പ്രധാന ഉപജീവനമാക്കി  ജീവിതം മുന്‍പോട്ടുകൊണ്ട് പോകാമെന്ന് തീരുമാനിച്ചതുമുതല്‍ ഈ ദിനമെന്നില്‍ വല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ ഏതെങ്കിലും നാടകത്തില്‍ ഭാഗഭാക്കാകാതെ കടന്നു പോകുന്ന ഏകനാടകദിനവും ഇന്നത്തേതാണ്. എന്നിരുന്നാല്‍ തന്നെയും ആസ്വദിക്കാന്‍ നാടക ചര്‍ച്ചകളും നാടകക്കാഴ്ചകളും നാടകറിഹേഴ്സലുകളും ചുറ്റിലും ആവോളമുണ്ട്. 2500വര്‍ഷത്തിലധികം പഴക്കമുള്ള ഈ മഹാകലാരൂപത്തിന്‍റെ വളരെചെറിയ ഭാഗമാകാന്‍ കഴിയുന്നുവെന്നുള്ള ചിന്ത തന്നെ എന്നെ വല്ലാതെ ഉന്മാദത്തിലാക്കുന്നു.
മദ്യത്തിനും മയക്കുമരുന്നിനും പെണ്ണിനും പണത്തിനും നല്‍കാന്‍ കഴിയുന്ന ലഹരികള്‍ക്കപ്പുറമായി മനുഷ്യനെ വികാരത്തിലാറാടിച്ച് കോള്‍മയീര്‍ കൊള്ളിക്കുന്ന ഒരുപ്രത്യേകതരം ലഹരിയാണ് തിയേറ്ററിന്‍റെ മാസ്മരികത. അതൊരിക്കലും പറഞ്ഞുഫലിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ലാ. സ്വയം അനുഭവിക്കുക  തന്നെ വേണം.
ആഴത്തിലേക്ക് എടുത്തുചാടുക, മുങ്ങാംകുഴിയിട്ടും നിലവെള്ളം ചവിട്ടിയും പൊങ്ങിയും താണും തത്തിക്കളിച്ചും വെള്ളം കുടിച്ചും ആ ലഹരി നുകരണം. ആ ലഹരിയില്‍ തന്നെ ഈ ഭൂമിയുമായി അലിഞ്ഞലിഞ്ഞു ചേരണം.

"ഒരു സ്പോട്ട് ലൈറ്റിന്‍റെ വെളിച്ചത്തില്‍
ചുറ്റിലുമുള്ള ആയിരക്കണക്കിന് സദസ്യരെ നോക്കിക്കൊണ്ട്
മനസ് ശൂന്യമാക്കി ശ്വാസമടക്കിപ്പിടിച്ച് 
ഏകനായി ഇരിക്കുന്നതിലും വലിയ ആനന്ദം
ഈ ലോകത്ത്‌ മറ്റെന്താണുള്ളത്"
                       


Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...