Skip to main content

ഒഴുകി നടക്കുക... ഓര്‍ക്കുക...മനുഷ്യനാകുക...



"ഭൂമിയില്‍ ചുറ്റിക്കറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം സന്തുഷ്ടമാകും. 
വെള്ളം ഒഴുകിക്കൊണ്ടിരുന്നാല്‍ ശുദ്ധമാവുകയും അത്‌ കെട്ടിനിന്നാല്‍ മോശമാവുകയും ചെയ്യുന്നത്‌പോലെ"                                               (ഗസ്സാലി)


                        എന്നെ  ഞാനാക്കി തന്നെ നിലനിര്‍ത്തുന്നതില്‍ യാത്രകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌. ഓരോ യാത്രകളും എന്നെ നവീകരിക്കുന്നു; സ്വാര്‍ത്ഥതയുള്ള ചിന്തകളില്‍ നിന്നും, ആര്‍ത്തിപൂണ്ട മനസ്സില്‍ നിന്നും, കെട്ടിക്കിടക്കുന്ന ആന്തരീക കാഴ്ചകളില്‍ നിന്നും...
                     ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച് ഭാവിചിന്തകളില്‍ നവോന്മേഷം നിറച്ച്  സമ്പുഷ്ടമാക്കുന്നതില്‍ യാത്രകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌. അത്തരത്തിലുള്ള അവസാന യാത്രയായിരുന്നു അഞ്ചല്‍ കോളേജിലെ അധ്യാപക  വിദ്യാര്‍ഥി സുഹൃത്തുക്കളുമായുള്ള അഞ്ചു ദിവസത്തെ യാത്ര. യാത്രയുടെ ആദ്യദിനങ്ങളില്‍ അധ്യാപകന്‍റെ കുപ്പായത്തിനകത്ത് ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും സഹൃദയരായ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ കുപ്പായം മാറ്റി പുറത്തിറങ്ങേണ്ടി വന്നു. നിത്യ ജീവിതത്തില്‍ നിത്യമായി കാണുന്ന പലരെയും നാം ആഴത്തില്‍  മനസിലാക്കുന്നത് അപ്രതീക്ഷിതമായി ലഭിക്കുന്ന  യാത്രകളിലൂടെയാണ്. ഈ യാത്ര എനിക്ക് നല്‍കിയത്‌ അനുഭവങ്ങളുടെ വലിയൊരു ശേഖരമാണ്. നിത്യവും ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് വരുന്ന കൂട്ടുകാര്‍. അവരുടെ ചിരികള്‍ക്ക് പുറകില്‍ മറഞ്ഞിരിക്കുന്ന കണ്ണീരുപ്പ് കലര്‍ന്ന കഥകള്‍, അധ്യാപക ബിരുദം കരസ്ഥമാക്കുന്നതിനായുള്ള നെട്ടോട്ടത്തിനിടയില്‍ ഓരോ ദിവസവും  ജീവിതം മുന്‍പോട്ടു കൊണ്ട് പോകുന്നതിനായുള്ള പരക്കംപാച്ചിലുകള്‍, വ്യത്യസ്തമായ രോഗങ്ങളുടെ പിടിയാല്‍ മാറുന്ന കാലാവസ്ഥയില്‍ പിടിച്ചു നില്ക്കാന്‍ പ്രയത്നിക്കുന്ന സുഹൃത്തുക്കള്‍, പോക്കറ്റിന്‍റെ കനക്കുറവ് പ്രകടിപ്പിക്കാതെ മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന സൗഹൃദങ്ങള്‍....... ഇതെല്ലാമെനിക്ക് മനസിലാക്കി തന്നത് ഈ യാത്രയാണ്. 
ഓരോ യാത്രകളും വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. മനുഷ്യനെയും അവന്‍റെ സംസ്കാരത്തെയും കണ്ടെടുക്കപ്പെട്ടിട്ടുള്ളത്‌ യാത്രകളിലൂടെയാണ്. ജാതിയും മതവും വര്‍ഗ്ഗവും വര്‍ണവും സമ്പത്തും സ്വത്വബോധമെല്ലാം ഫണം വിരിച്ചാടുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യന് അവനെ തന്നെ കണ്ടെടുക്കാനും സുഹൃത്തുക്കളെ അവരുടെ കുറവുകളോടെതന്നെ മനസ്സിലാക്കി  ഒറ്റക്കെട്ടയി നിലനില്ക്കേണ്ടതിന്‍റെ ആവശ്യകത പരസ്പരം ബോധ്യപ്പെടുത്താനും ഇത്തരം യാത്രകള്‍ക്ക് കഴിയും...കഴിയണം...
 അഞ്ചുദിവസം എന്‍റെ ജീവിതം അനുഭവങ്ങള്‍ കൊണ്ട് നിറച്ച സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഈ ടൂര്‍ ഇത്രയും മനോഹരമാക്കിതന്ന ടൂര്‍ പാക്കേജുകാര്‍ക്കും ഹൃദ്യമായ നന്ദി...



വള്ളം പതുക്കെ തുഴയൂ....
അത് തീരത്ത് കെട്ടിയിടരുത്.
തീരത്ത് കെട്ടിയാല്‍ 
എല്ലാത്തിനും അര്‍ഥം നഷ്ടപ്പെടും
നിങ്ങളുടേത് എന്ന് പറയാന്‍
ഈ ഭൂമിയില്‍ ആരുമില്ലാ.
ഏല്ലാവരും അജ്ഞാതരാണ്.
അനന്തമായ ആകാശത്ത്‌ 
പ്രകാശം ഒഴുകിപരക്കുന്നു.
പ്രകൃതിയുമായി കൂടിക്കലരുക
ആത്യന്തികമായി മനുഷ്യനായി തീരുക
മനുഷ്യനായി പ്രവഹിക്കുക 
വഞ്ചിയെ ഒരിക്കലും തീരവുമായി 
ബന്ധിപ്പിക്കാതിരിക്കുക...
ഒഴുകി നടക്കുക...
ഓര്‍ക്കുക...മനുഷ്യനാകുക...
           (ബാവുല്‍ ഗീതം)

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...