എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസങ്ങളായിരുന്നു അത്. പല ദേശങ്ങള്‍ സഞ്ചരിച്ച് പല രാജ്യങ്ങള്‍ കണ്ട് ഈ പ്രപഞ്ചത്തിന്‍റെ ഒരു കോണില്‍ ഞാനുമെത്തിയിരിക്കുന്നു. സഞ്ചരിച്ച ദേശങ്ങളെക്കാള്‍ എനിക്കീ ദേശം ഹൃദ്യമായി തോന്നി. തോന്നിയിട്ടെന്താ? പട്ടിണി മാറുമോ?
ഒരു ചെറിയ മുറി എങ്ങനെയോ തരപ്പെട്ടു. ഉണ്ടായിരുന്ന രൂപ മുഴുവന്‍മുന്‍കൂറായി നല്‍കി മുറിയുടെ താക്കോല്‍ സ്വന്തമാക്കി. താക്കോല്‍ കിട്ടിയിട്ടെന്താമൂന്നു ദിവസമായി വല്ലതും കഴിച്ചിട്ട്. കയ്യിലൊരു ചില്ലിക്കാശില്ലാ. താക്കോല്‍ മാത്രം. താക്കോല്‍ തിന്നാല്‍ വിശപ്പ് മാറുമോ? ചാര്‍ലീ ചപ്ലീനെപ്പോലെ ഷൂസ് പുഴുങ്ങാമെന്നു വച്ചാല്‍ എന്‍റെ കാലില്‍ ഒരു ഷൂ പോയിട്ട് നല്ലൊരു ചെരുപ്പ് പോലുമില്ലാ. ഇനി ഈ മുറിക്കെങ്ങനെ വാടക നല്‍കും?മുറി വേണ്ടാന്നു പറഞ്ഞു രൂപാ തിരിച്ചു വാങ്ങിയാലോ? വേണ്ടാ. ഈശ്വരന്‍ വഴികാണിക്കട്ടെ...
എത്തിച്ചേര്‍ന്നത് പഴയൊരു ട്യൂട്ടോറിക്ക് മുന്‍പില്‍. ഏതോ കാലത്ത് ചരിത്രത്തില്‍ ബിരുദം നേടിയ ബലത്തില്‍ ഒരു ശ്രമം നടത്തി. ദിവസം ഇരുന്നൂറുരൂപ. ക്ലാസ്സില്ലെങ്കില്‍ പണമില്ലാ. മറ്റൊരു തൊഴില്‍ കിട്ടുംവരെ ഇതുതന്നെ ശരണം. എന്‍റെ അവസ്ഥയറിഞ്ഞ പ്രഥമാധ്യാപകന്‍ നാളെ ക്ലാസ്സെടുക്കാനുള്ള രൂപാ ഇരുന്നൂറ് മുന്‍കൂറായി തന്നു. മുന്‍പരിചയമില്ലാതെ പണം തന്ന ആ അദ്ധ്യാപകന് നന്ദിയോതിക്കൊണ്ട് നാളെ പഠിപ്പിക്കേണ്ട രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള നോട്ടുമായി ഞാനിറങ്ങി നടന്നു. അപ്പോഴെനിക്കൊരു ലക്‌ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. എങ്ങനെയും എന്‍റെ വയറിനെ സമാധാനിപ്പിക്കണം. അതിനുള്ള
ശ്രമങ്ങള്‍ തേടി ഇരുന്നൂറു രൂപയുടെ പിന്‍ബലത്തില്‍ ഞാന്‍ നടന്നു. പറഞ്ഞിരുന്നു. ഞാന്‍ അതിനുള്ള ശ്രമങ്ങളില്‍ മുഴുകി. ആദ്യമായി ക്ലാസ്സെടുക്കാന്‍ പോകുകയാണ്. ആലോചിച്ചപ്പോഴേ ഞാനിരുന്ന് വിറയ്ക്കാന്‍ തുടങ്ങി. എന്തിനു വിഷമിക്കണം. ഒന്നുമറിയാത്ത മുറിയദ്ധ്യാപകര്‍ പോലും എത്ര വിദഗ്ദ്ധമായി കുട്ടികളെ പറ്റിച്ചു ജീവിക്കുന്നു. പിന്നെ ചരിത്രം ഒന്നാംക്ലാസ്സോടെ പാസായ എനിക്കാണോ പഠിപ്പിക്കാന്‍ പ്രയാസം. എങ്കിലും പത്തുമുപ്പത് കുട്ടികള്‍ക്ക് മുന്‍പില്‍ നിന്നെങ്ങനെ ക്ലാസ്സെടുക്കും. ഞാന്‍ ക്ലാസ്സെടുക്കുമ്പോള്‍ കുട്ടികള്‍
അത് കേട്ട് ചിരിക്കുമോ? ഇനി ചിരിച്ചാല്‍ തന്നെ ഞാനതെങ്ങനെ നേരിടും? രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തുനോക്കി. ജര്‍മനി, ബ്രിട്ടണ്‍, അമേരിക്ക,
ഹിറ്റ്‌ലർ, മുസോളിനി, പ്രീണനയം, ചര്‍ച്ചില്‍, പേള്‍ഹാര്‍ബര്‍, ഹിരോഷിമാ,
നാഗസാക്കി, ഇനോളാഗേ, ലിറ്റില്‍ബോയ് അങ്ങനെയങ്ങനെ
എന്‍റെ ചിന്ത മുഴുവന്‍ യുദ്ധമായി. ഉടമ്പടികള്‍, പീരങ്കികള്‍, ബോംബുകള്‍, നാടുകളെല്ലാം അരക്ഷിതാവസ്ഥ, ഭീതിപ്പെടുത്തുന്ന ദിനങ്ങള്‍...! ഹിറ്റ്‌ലർ എന്നെ ധൈര്യവാനാക്കി. എന്തും നേരിടാനുള്ള കെല്‍പ്പെനിക്കുണ്ടായി. ഞാനെന്‍റെ സുഹൃത്തിനോട് യുദ്ധത്തെക്കുറിച്ച് അരമണിക്കൂറോളം വാതോരാതെ സംസാരിച്ചു. അതെനിക്ക് ഭയങ്കരമായി ആത്മവിശ്വാസം നല്‍കി. എന്‍റെ മുഖഭാവങ്ങള്‍ സുഹൃത്ത് എനിക്ക് നേരിട്ട് കാണിച്ചു തന്നതിനാല്‍ എനിക്ക് തെറ്റുകള്‍ തിരുത്താനായി. കൈകൊണ്ടുള്ള ചില പുതിയ ചലനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും എനിക്ക് കഴിഞ്ഞു. അയ്യോ! സുഹൃത്തിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നില്ലല്ലോ. നിലക്കണ്ണാടിയാണ് അക്കാലത്തെ എന്‍റെ ഒരേയൊരു സുഹൃത്ത്. ഞാന്‍ പറയുന്നതെന്തും ക്ഷമയോടെ മടികൂടാതെ കേട്ടിരിക്കുന്ന ചങ്ങാതി.
നേരിയ ഭയം പിടികൂടിയെങ്കിലും യുദ്ധത്തിലേക്ക് പൂര്‍ണമായി ഇറങ്ങിയപ്പോള്‍ ഭീതിയെല്ലാം മറന്നുപോയി. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമൂട്ടായി തോന്നിയെങ്കിലും പിന്നീടതെനിക്ക് ആവേശമായി. ആദ്യമായി ക്ലാസ്സെടുക്കുന്ന കാര്യം ആലോചിക്കാനൊന്നും പിന്നെ സമയമില്ലായിരുന്നു. രണ്ടു മണിക്കൂര്‍ ഞാന്‍ പോലും മറന്നു ക്ലാസ്സില്‍ പടവെട്ടി യുദ്ധം ജയിച്ചു. ക്ലാസ്സ് കഴിഞ്ഞ് ഓഫീസ് മുറിയിലെത്തിയപ്പോള്‍, ഓഫീസെന്നാല്‍ വലിയ സോഫാ, അലമാര, മേശ ഇവയൊന്നുമില്ല. കാറ്റിനനുസരിച്ച് ഇളകിയാടുന്ന ഒരു ചെറിയ ഓലക്കെട്ടിടം. എന്തായാലും പ്രഥമാദ്ധ്യാപകന് എന്റെ ക്ലാസിഷ്ടമായി. ഉഗ്രന്‍ ‘വിപ്ലവപ്രസംഗക്ലാസെന്ന്’ എന്‍റെ ക്ലാസ്സിനെ പുകഴ്ത്തിയപ്പോള്‍ പഴയ വിപ്ലവനേതാവായിട്ടാണ് പുള്ളിയെ എനിക്കനുഭവപ്പെട്ടത്. നാളത്തെ ക്ലാസ്സ് റഷ്യന്‍വിപ്ലവമെന്ന് പറഞ്ഞു അതിന്‍റെ നോട്ടും ഇരുന്നൂറുരൂപയും മുന്‍കൂറായി തന്നു. ഓഫീസില്‍ നിന്നുമിറങ്ങി നടന്നപ്പോള്‍ പ്രായം അന്‍പതിനോടടുത്ത ഒരാള്‍ എന്‍റെ എവിടയോ കണ്ടു മറന്ന മുഖം...
ഇല്ലാ...കണ്ടിട്ടില്ലാ...തോന്നിയതാകാം...
ഇല്ലാ...കണ്ടിട്ടുണ്ട്. പത്താം ക്ലാസ്സില്‍ എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍...അതെ...ചന്ദ്രന്‍മാഷ് തന്നെ.
ഞാന്‍ ചോദിക്കാന്‍ തീരുമാനിച്ചു.
ചന്ദ്രന്‍ മാഷാണോ?അതെ, ആരാ? മനസ്സിലായില്ലല്ലോ?ഞാന്‍ മാഷിന്‍റെ ഒരു പഴയ വിദ്യാര്‍ഥിയാ...എന്‍റെയോ? പേരെന്താ?ഞാന്‍ പേരും നാടിന്‍റെ പേരും റ്റ്യൂഷന്‍ സെന്‍ററിന്‍റെ പേരും പറഞ്ഞു. എന്നെ ഓര്‍ക്കാന്‍ മാഷിനായില്ലാ. പക്ഷെ റ്റ്യൂഷന്‍ സെന്‍ററിന്‍റെ പേര് മാഷോര്‍ക്കാത്തത് അത്ഭുതം തന്നെ. നാടിന്‍റെ പേര് ഓര്‍മയുണ്ട്. അല്ലെങ്കിലും എങ്ങനെ ഓര്‍ക്കും? മാഷിനെ പറഞ്ഞിട്ടും ഒരു കാര്യവുമില്ലാ. ഒരു നാട്ടിലെ ഏല്ലാ ട്യൂഷന്‍ സെന്‍ററിലും മാഷ് പഠിപ്പിക്കും. അങ്ങനെഎത്രയെത്ര നാടുകളില്‍ ഇതിനകം പഠിപ്പിച്ചിട്ടുണ്ടാകും. എന്നെ ഓര്‍ക്കത്തതില്‍ അത്ഭുതമില്ലാ.
ഇവിടെ?ഓ...ഇവിടെ ഞാന്‍ ഇംഗ്ലീഷ് അദ്ധ്യാപകനാ...ഒരു പുച്ഛമട്ടില്‍ മാഷത് പറഞ്ഞു.
താനിവിടെ?ഞാന്‍ ഇന്നാണിവിടെ അദ്ധ്യാപകനായത്. ചരിത്രാധ്യാപകന്‍...മാഷ് ചിരിച്ചുകൊണ്ട് തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. നന്നായി വരും....
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് വിജയിച്ച ഭാവത്തോടെയാണ് ഇരുന്നൂറുരൂപ പോക്കറ്റിലിട്ട് ഗമയില്‍ ഞാന്‍ പുറത്തേക്ക് വന്നത്. പക്ഷെ മാഷിനെക്കണ്ട എന്‍റെ അവസ്ഥ പാടെ മാറി. പത്താം ക്ലാസ്സില്‍ ഞാന്‍ പഠിച്ചിരുന്നപ്പോള്‍ മാഷ് ഭയങ്കര ഉത്സാഹവാനായിരുന്നു. അന്ന്
മാഷ് ചെറുപ്പവുമായിരുന്നു. ഒരു സര്‍ക്കാര്‍ ജോലിയാണ് ലക്ഷ്യമെന്ന് പണ്ടേ പറയും. മാഷിനൊപ്പം അന്നെന്നെ പഠിപ്പിച്ചിരുന്ന ഉണ്ണിമാഷിനും ഉദയന്‍ മാഷിനും അപ്പോഴേ സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു. അവര്‍ ഒന്നിച്ചാണ് അക്കാലത്ത് പി.എസ്.സി പരീക്ഷ എഴുതിയിരുന്നത്. മറ്റു മാഷുമാര്‍ പി.എസ്.സി മാര്‍ക്ക്‌ലിസ്റ്റില്‍ പേര് വന്നു ജോലിക്ക് പോകുമ്പോള്‍ ചന്ദ്രന്‍മാഷ് പറയും ‘എനിക്കും കിട്ടുമായിരുന്നു. പക്ഷെ ആ കണക്കാണ് എന്നെ കുഴച്ചത്. കണക്കും ഞാനും കീചകനും കംസനും പോലെയാണ്. മാഷത് ഫലിതരൂപേണ പറയുമ്പോള്‍ ഞാനന്ന് പൊട്ടിച്ചിരിച്ചിരുന്നു. കണക്കാറിയാവുന്നവരോടെല്ലാം മാഷിന് മതിപ്പായിരുന്നു. അവരെയെല്ലാം മാഷ് ബഹുമാനിച്ചിരിക്കാം. മാഷിന് ശേഷം അന്നെന്നെ പഠിപ്പിച്ച പലര്‍ക്കും സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു. ഒരു സര്‍ക്കാര്‍ ജീവനക്കാരനായ ശേഷമേ വിവാഹം കഴിക്കൂവെന്ന് സാറപ്പോഴേ
പറയുമായിരുന്നു. അപ്പോഴൊന്നും മാഷ് പഠിപ്പിക്കാന്‍ പുസ്തകത്തെ അശ്രയിക്കാറില്ലാ. ആദ്യം മുതല്‍ അവസാനം വരെ കാണാപാഠമാണ്. അതിനു മാഷിനൊരു രസകരമായ മറുപടിയും ഉണ്ട്...
'ഞാന്‍ പഠിച്ചത് ഈ പുസ്തകമാണ്. പഠിച്ച ഉടനെ റ്റ്യൂഷന്‍ പഠിപ്പിച്ചു തുടങ്ങിയതാണ്. ഇപ്പോഴും അതെ പുസ്തകം തന്നെയാണ് നിങ്ങളെ പഠിപ്പിക്കുന്നതും'.മാഷിപ്പോഴൊരു സര്‍ക്കാര്‍ ജീവനക്കാരനായി കാണുമോ? എങ്കിലിവിടെ പഠിപ്പിക്കാന്‍ വരുമോ? ചിലപ്പോള്‍ ഇവിടെ എവിടെങ്കിലും സര്‍ക്കാര്‍ ജീവനക്കാരനായി ജോലി ചെയ്യുന്നുണ്ടാകും. വെറുതെ പഠിപ്പിക്കാന്‍ വരുന്നതാകും. അങ്ങനെയാണെങ്കില്‍ മാഷിപ്പോഴൊരു വിവാഹവും കഴിച്ചു കാണും. നാളെ മാഷിനോട് ചോദിക്കണം. അല്ലെങ്കില്‍ വേണ്ട... ചിലപ്പോള്‍ ജോലി കിട്ടിയില്ലെങ്കിലോ?
എന്‍റെ മനസാകെ അസ്വസ്ഥമായി... റഷ്യന്‍ വിപ്ലവം വളരെ രസകരമായി തന്നെ പഠിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. സര്‍ ചക്രവര്‍ത്തിയുടെ ഭരണവും കറന്‍സ്കി ഭരണകൂടവും ഒക്റ്റോബര്‍ വിപ്ലവവും ലെനിനുമെല്ലാം വളരെ തന്മയത്തത്തോടെ ഞാന്‍ ക്ലാസ്സെടുത്തു. ക്ലാസ്സ് കഴിഞ്ഞ് ഓഫീസില്‍ എത്തി ഇരുന്നൂറു രൂപയും ചൈനീസ് വിപ്ലവത്തിന്‍റെ നോട്ടുമായി മടങ്ങാന്‍ തുടങ്ങുമ്പോള്‍ ചന്ദ്രന്‍ മാഷിന്‍റെ മുഖം ഓര്‍മയില്‍ തെളിഞ്ഞു. ഞാന്‍ പ്രഥമദ്ധ്യാപകനോട് ചോദിച്ചു.
സാര്‍, ഇവിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചന്ദ്രന്‍ മാഷില്ലേ, പുള്ളിയുടെ വിവാഹം കഴിഞ്ഞോ?ചന്ദ്രന്‍ മാഷിനെ അറിയുമോ?അതെ. മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.നേരോ? താന്‍ പഠിപ്പിച്ച കുട്ടികള്‍ അവിടെതന്നെ അദ്ധ്യാപകനായി വരുമ്പോള്‍ അവരോടൊപ്പം പഠിപ്പിക്കേണ്ട അവസ്ഥയാലോചിച്ചാണ് മാഷ് ഓരോ ട്യൂട്ടോറിയും മാറി മാറി ഇവിടെത്തിയത്. ഇവിടെത്തി അഞ്ചുകൊല്ലമായി.ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാ. ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവും അസ്തമിച്ചു. പിന്നീടൊന്നും കേള്‍ക്കേണ്ട ശക്തി എനിക്കില്ലായിരുന്നു. മനുഷ്യരെത്ര ദുര്‍ബലര്‍, ചില കാര്യങ്ങളില്‍ സ്വാര്‍ത്ഥര്‍, മറ്റുചിലപ്പോള്‍ നിഷ്കളങ്കര്‍. ആര്‍ക്കറിയാം മനുഷ്യമനസ്സ്. എന്‍റെ മനസ്സ് തത്വചിന്തകളാല്‍ നിറഞ്ഞു. പത്താംക്ലാസ്സിനു മുന്‍പിലൂടെയാണ് എനിക്ക് പോകേണ്ടത്. ചന്ദ്രന്‍ മാഷ് ക്ലാസ്സിലുണ്ടായിരുന്നു. എന്നെക്കണ്ട് ചിരിച്ചു. ഞാന്‍ ഫോര്‍മാലിറ്റിക്ക് ചിരിച്ചിട്ട് വേഗം നടന്നു. മാഷിനെ അഭിമുഖീകരിക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു. മാഷിന്‍റെ ശബ്ദം ഒരിക്കല്‍ക്കൂടി കേള്‍ക്കാനായി ഞാനവിടെ മാറിനിന്നു.
“ഞാന്‍ പഠിപ്പിച്ച കുട്ടിയാണിപ്പോ പോയത്. നിങ്ങളുടെ ചരിത്രാദ്ധ്യാപകന്‍ ആണല്ലേ. എന്‍റെ ഇഷ്ടവിദ്യാര്‍ഥി ആയിരുന്നു. ഞാനങ്ങ് കുറെ ദൂരെ “സ്റ്റുഡെന്‍സ് ചേംബര്‍” എന്നൊരു ട്ട്യൂട്ടോറിയലില്‍ പഠിപ്പിച്ചിരുന്നപ്പോള്‍ എന്‍റെ ഇഷ്ടശിഷ്യനായിരുന്നു. പഠിപ്പിക്കുമ്പോഴേ എനിക്കറിയാമായിരുന്നു നന്നായി വരുമെന്ന്. ഉയരും, വളരെ ഉയരും”. എന്‍റെ കണ്ണുകള്‍ ആദ്യമായി അനുസരണക്കേട് കാണിച്ചു നിറഞ്ഞൊഴുകി. ഞാന്‍ അടുത്തുള്ള ചെമ്പരത്തി മരത്തില്‍ വിഴാതിരിക്കാന്‍ പിടിച്ചു. കുറെനേരം തളര്‍ന്നിരുന്നു പോയി. മനസ്സും ശരീരവും ഒരുപോലെ പൊള്ളുന്നുണ്ടായിരുന്നു. മാഷ് എന്‍റെ പേരും ട്യൂട്ടോറിയുടെ പേരും അറിയില്ലാന്നു നുണ പറഞ്ഞതായിരുന്നു. ഇല്ലെങ്കിലിപ്പോള്‍ ഇങ്ങനെ വ്യക്തമായി പറയുമോ? ഇനിയും ഇവിടെ ഞാന്‍ പഠിപ്പിക്കുന്ന ഓരോ നിമിഷവും മാഷിനെ വേദനിപ്പിക്കുന്ന നിമിഷങ്ങളായിരിക്കും.
അപ്പോഴേക്കും ചന്ദ്രന്‍മാഷ് ക്ലാസ്സെടുക്കാന്‍ ആരംഭിച്ചിരുന്നു. മാഷ് അപ്പോഴെടുത്ത പാഠം ‘ദി മൈസര്‍’ എന്ന റൂക്കോള്‍ എന്നൊരു പിശുക്കന്‍റെ പാഠമായിരുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിച്ച അതെ പാഠം. ഞാന്‍ പത്തില്‍ പഠിച്ചിരുന്നപ്പോള്‍ മാഷ് പറഞ്ഞ വാക്കുകള്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു.
“ഇതെന്തൊരു വിധിയാണ്. ഞാന്‍ പത്തില്‍ പഠിച്ച പാഠമാണിത്. ഇപ്പോഴും അത് തന്നെ നിങ്ങളെ പഠിപ്പിക്കുന്നു. ഒരേ കാര്യം പഠിപ്പിച്ച് പഠിപ്പിച്ച് ആവര്‍ത്തനവിരസതയനുഭവപ്പെടുന്നു. ഓ...! ഈ നശിച്ച സര്‍ക്കാരിന് സിലബസെങ്കിലും ഒന്ന് മാറ്റികൂടെ. എന്നെ എന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു”. എന്‍റെ കണ്ണുനീരാല്‍ ചൈനീസ് വിപ്ലവത്തിന്‍റെ നോട്ടുകള്‍ കുതിര്‍ന്നു തുടങ്ങി. ഞാന്‍ ഓഫീസിലേക്ക് തിരിച്ചു പോയി. ഇരുന്നൂറുരൂപയും ചൈനീസ് വിപ്ലവത്തിന്‍റെ നോട്ടും തിരികെ പ്രഥമാദ്ധ്യാപകന് നല്‍കിയപ്പോള്‍ അയാളെന്നെ മിഴിച്ചുനോക്കുന്നുണ്ടായിരുന്നു. ഞാനൊന്നും പറഞ്ഞില്ലാ. പറയാനുള്ള ശേഷിയെനിക്കില്ലായിരുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. ഞാനവിടെ നിന്നിറങ്ങി ലക്ഷ്യബോധമില്ലാതെ വീണ്ടും നടന്നു തുടങ്ങി...
ജീവിതമെന്നെ പഠിപ്പിച്ച പാഠം...
Comments