വളരെ രസകരമായ ഒരു സംഗതി എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്താണെന്നല്ലേ? അത് കേട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങള്‍ ചിരിക്കുമോ? കരയുമോ? അതോ വിഷാധമഗ്നനായി ചുമ്മാ അങ്ങനെ നില്‍ക്കുമോ? ചിലപ്പോള്‍ ഒരു നീര്‍കുമിളയായി
എന്റെ അവസ്ഥയില്‍ നിങ്ങള്‍ പരിതപിച്ചേക്കാം. അല്ലെങ്കില്‍ കൊടുങ്കാറ്റായി എന്റെ മേല്‍ ആഞ്ഞടിക്കാം. സംഗതി ഇതാണ്; "ഞാന്‍ മരിച്ചു പോയി". ചുമ്മാ പറഞ്ഞതല്ല. ഇന്നലെയായിരുന്നു. എന്താ വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ? ആദ്യം എനിക്കും വിശ്വസിക്കാനായില്ല. സംഗതി ഞാന്‍ വിശദമാക്കാം.
ഇന്നലെ സന്ധ്യക്ക് ഞാന്‍ മഗ്രിബ് നമസ്കാരം കഴിഞ്ഞു പടച്ചതമ്പുരാനോട് അപകടമരണങ്ങളില്‍ നിന്ന് കാത്തുകൊള്ളനും ദീര്‍ഘായുസ്സിനു വേണ്ടിയും ദുആ ചെയ്തിട്ട് വീട്ടിലെത്തി. നല്ല നിലാവുള്ള രാത്രിയാണ്. നിലാവുള്ള രാത്രികള്‍ എനിക്കിഷ്ടമാണ്. എന്തെന്നാല്‍............................എന്തെന്നാല്‍............................ പ്രേതേകിച്ചു കാരണമൊന്നുമില്ല. ഇഷ്ടമാണ്. ഞാന്‍ ജന്നല്‍ തുറന്നിട്ടു. കര്ട്ടന് ഉയര്‍ത്തി വച്ചു. നിലാവെളിച്ചം തെങ്ങുകള്‍ക്കിടയിലൂടെ അരിച്ചരിച്ച് മുറിയിലെക്കെത്തി. ഹിന്ദുസ്ഥാനി ഗസലുകള്‍ മലയാളവത്കരിച്ച ഉമ്പായിയുടെ "പാടുക സൈഗാള്‍ പാടു" എന്ന പാട്ടും റെക്കോര്‍ഡറില്‍ ഇട്ടു. ഗസലുകള്‍ എനിക്കിഷ്ടമാണ്. ഗസലുകള്‍ക്ക് പറയാനുള്ളത് വിരഹത്തിന്റെയും നൊമ്പരത്തിന്റെയും വേര്‍പെടലിന്റെയും അനുരാഗത്തിന്റെയും ശീലുകളാണ്. ഉമ്പായിയുടെ മലയാള ഗസലുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഗസലുകള്‍ കേട്ട് നിലാവിനെ ആസ്വദിച്ചു കൊണ്ട് ചാരുകസേരയിലങ്ങനെ ഞാന്‍ കിടന്നു. അപ്പോഴൊക്കെ മരണത്തെപ്പറ്റി ഒരു തരിമ്പു പോലും ഞാന്‍ ചിന്തിച്ചില്ല. മനസ് നിറയെ ആഗ്രഹമായിരുന്നു. ജീവിക്കണമെന്ന ചിന്തയായിരുന്നു. ജീവിതത്തോടുള്ള പ്രേമമായിരുന്നു. ജീവിതം തന്നെ പ്രേമാമാക്കിത്തീര്ക്കാനുള്ള ബദ്ധപ്പടിലായിരുന്നു ഞാന്‍.....................
ദാ വരുന്നു ദാഹം. ഒടുക്കത്തെ ദാഹം. തൊണ്ട വരണ്ടു, വായ് ഉണങ്ങി, ദാഹം...ഞാന്‍ നീട്ടി വിളിച്ചു. ഉമ്മാ വെള്ളം...ഉമ്മ ഉടനെ ഒരു ഗ്ലാസ് നിറയെ ചൂടുവെള്ളം കൊണ്ട് വന്നു. ഞാനത് കുടിച്ചിട്ട് ഗ്ലാസ് തിരികെ കൊടുത്തപ്പോള്‍ ഉമ്മ പറഞ്ഞു; മോനെ കാല് വല്ലാത്ത വേദന,ലേശം നീരുമുണ്ട്. നീ നാളെ ഡാക്ടറെ കണ്ടു കാര്യം പറഞ്ഞു മരുന്നു വാങ്ങിത്തരണം. ഞാന്‍ തല കുലുക്കി. ഉമ്മ പോകുമ്പോള്‍ ആ കതക് അടച്ചേക്കു . പിന്നെയും ഞാനങ്ങനെ ഗസലില്‍ മുഴുകി നിലാവിനെ നോക്കിക്കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ നെഞ്ചിലൊരു പുകച്ചില്‍..... ഹൃദയം ചൊറിയും പോലെ. ശ്വാസം കിട്ടുന്നില്ല. നെഞ്ചില്‍ സൂചി കുത്തിയിറക്കുമ്പോലെ. ശ്വാസം മൂക്കിനുള്ളിലേക്ക് കയറുന്നില്ല. കയറിയ ശ്വാസം പുറത്തേക്കും പോകുന്നില്ല. എവിടെയോ ഒരു ബ്ലോക്ക്.. അപ്പോള്‍ പോലും മരണത്തെപ്പറ്റി അല്പം പോലും ഞാന്‍ ചിന്തിച്ചില്ല. ഒരിറ്റ് ശ്വാസത്തിനായി ഞാന്‍ സര്‍വശക്തിയുമുപയോഗിച്ച് ശ്രമിച്ചു. ശ്വാസം കിട്ടാതെ ഞാന്‍ ചാരുകസേരയില്‍ കിടന്നു പിടഞ്ഞു. പിന്നീടു കുറെ നേരത്തേക്കൊന്നും ഓര്മയില്ലയിരുന്നു. ഓര്മ വന്നപ്പോഴാണ് അറിഞ്ഞത് ഞാന്‍ മരിച്ചുപോയെന്ന്. എനിക്കാദ്യം ചിരിയാണ് വന്നത്. പിന്നീടു കുറ്റബോധം തോന്നി. ഞാനപ്പോള്‍ മരിക്കാന്‍ പാടില്ലായിരുന്നു. നാളെ മരിച്ചാല്‍ മതിയായിരുന്നു. ഉമ്മയ്ക്കെങ്ങനെ മരുന്ന് വാങ്ങിക്കൊടുക്കും. ഡോക്ടറോട് പറഞ്ഞാല്‍ മതിയോ? ഡോക്ടര്‍ ഞാനിന്നലെ മരിച്ച വ്യക്തിയാണ്.എന്റെ ഉമ്മാക്ക് കാലു വേദനയാണ്, നീരുമുണ്ട്, മരുന്ന് കൊടുക്കുക...
കുറെ നേരം എന്റെ മനസ് ഉമ്മയെപ്പറ്റി ചിന്തിച്ച് പ്രക്ഷുബ്ധമായിരുന്നു. പിന്നെയാണ് മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്. ശഹാദത്ത് കലിമ പറയാതെയാണ് ഞാന്‍ മരിച്ചത്. ഉസ്താദ് വെള്ളിയാഴ്ച ജുമാക്ക് പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍ പറയുമായിരുന്നു; ഒരു മുസല്മാന് മരിക്കുമ്പോള്‍ ശഹാദത്ത് കലിമ പറഞ്ഞു വേണം മരിക്കുവാന്‍... ദുനിയാവില് പൊറുക്കാന്‍ കഴിയാത്തത്ര പാപം ചെയ്യുന്ന പാപികളായ മനുഷ്യര്‍ക്ക് മരണസമയത്ത് കലിമ പറഞ്ഞു കൊടുത്താലും പറയാന്‍ കഴിയില്ലത്രേ. എനിക്ക് കലിമ പറയാന്‍ കഴിയുമായിരുന്നു. പക്ഷെ മരിക്കാനാണ് പോകുന്നതെന്ന് ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല. എന്റെ വാപ്പ പറയുമായിരുന്നു വാപ്പക്ക് ആറുവയസുള്ളപ്പോള്‍ വാപ്പയും ഉപ്പയുമായി ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി. സാധനങ്ങള്‍ വാങ്ങി ഒരു ചാക്കില്‍കെട്ടി വാപ്പയുടെ തലയില്‍ വച്ച് കൊടുത്ത ശേഷം തളര്‍ച്ച കാരണം ഉപ്പ വേഗത്തില്‍ വീട്ടിലേക്കു പോയി. വാപ്പ സാധനങ്ങളുമായി വീട്ടിനടുത്തെത്തിയപ്പോള്‍ ഉപ്പയുടെ ഉച്ചത്തിലുള്ള വിളി കേട്ടു; "ലായിലാഹ ഇല്ലല്ലഹ് മുഹമ്മദു റസുലുല്ലഹ് ".
വാപ്പക്കൊന്നും മനസിലായില്ല. വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് ഉപ്പ മരിച്ചെന്ന്. എങ്കിലും വാപ്പക്ക് അഭിമാനമായിരുന്നു. "എന്റെ വാപ്പ മരിച്ചപ്പോള്‍ ചന്ത വരെ കേള്‍ക്കത്തക്ക ഉച്ചത്തില്‍ ശഹാദത്ത് കലിമ പറഞ്ഞ് അല്ലാഹുവിന്റെ ശിഫാഅത്തോടെയാണ് മരിച്ചത് എന്ന്". എന്തായാലും മരിക്കാനാണ് പോകുന്നത് എന്നറിഞ്ഞെങ്കില്‍ ഞാനും ശഹാദത്ത് കലിമ പറയുമായിരുന്നു.
ഞാന്‍ മരിച്ചപ്പോള്‍ തന്നെ ഉമ്പായിയുടെ ഗസല്‍ നാദം നിലച്ചിരുന്നു. നിലാവ് എങ്ങോ മറഞ്ഞു. ആകാശം കാര്മേഘങ്ങളാല് ഇരുളായി. അത്താഴത്തിനു ഉമ്മ വന്നു വിളിച്ചു. നല്ല വിശപ്പുണ്ട്. പക്ഷെ എങ്ങനെയാ പോകുക; ഞാന്‍ മരിച്ചല്ലേ കിടക്കുന്നത്. എന്റെ അവസ്ഥ കണ്ടു പേടിച്ച ഉമ്മ നിലവിളിച്ചു; '' എന്റെ റബ്ബുല്‍ ആലമീനായ പടച്ച തമ്പുരാനേ'...! നാട്ടുകാര്‍, വീട്ടുകാര്‍ എല്ലാരും ഓടിക്കൂടി. എന്റെ മുറി പ്രകാശിതമായി. എന്നെ തിരിച്ചും മറിച്ചും നാട്ടുകാര്‍ പരിശോധിച്ചു. ഡോക്ടര്‍ വന്നു. നാഡിയിടിപ്പ് നിരീക്ഷിച്ച് ഉടനെ മരണം സ്ഥിതീകരിച്ചു. ഇങ്ങനെ രസകരമായിരുന്നു എന്റെ അന്ത്യം.
ഇപ്പോള്‍ പറയത്തക്ക വിശേഷമൊന്നുമില്ല.ഒരു വിഷമമെയുള്ളൂ. കുളിപ്പിച്ച് വെള്ളത്തുണിയാല്‍ ചുറ്റി എന്നെ ഇവിടെയിങ്ങനെ കിടത്തിയിരിക്കുന്നതിലെനിക്ക് വിഷമമില്ല. എന്നാല്‍ എന്റെ നെഞ്ചില്‍ കയറ്റിവച്ചിരിക്കുന്ന റീത്തിന്റെ ഭാരം എന്റെ നെഞ്ചിന്‍കൂട് തകര്‍ക്കുന്നു. ആ രാഷ്ട്രീയ പ്രമുഖന് വച്ചതാണത്. അയാളോടൊപ്പം പലരുടെയും നെഞ്ചില്‍ ഞാനീ റീത്ത് കയറ്റി വച്ചിട്ടുണ്ട്. അന്നൊന്നും എന്റെ നെഞ്ചിലും ഒരു നാള് അയാളിത് കയറ്റി വയ്ക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നതെയല്ല.
ഇപ്പോഴെനിക്ക് സുഖമാണ്. എന്നെ ഈ വലിയ ഹാളിന്റെ നടുവില്‍ കിടത്തിയിരിക്കുന്നു. ചുറ്റും ധാരാളം പേര് നില്‍ക്കുന്നുണ്ട്. ഉമ്മ അടുത്ത് തന്നെ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിപ്പുണ്ട്. പാവം ഉമ്മ. ഉമ്മാക്ക് മരുന്ന് കഴിക്കാന്‍ സമയമായി.ഞാനിതുവരെ വാങ്ങി കൊടുത്തില്ല. വാപ്പ പുറത്തു കസേരയില്‍ ഇരിപ്പുണ്ട്. മാമന്മാരും അളിയന്മാരും വാപ്പയെ ആശ്വസിപ്പിക്കുന്നുമുണ്ട്.വാപ്പ എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ്. കരയണമെന്നുണ്ട്. എന്നാല്‍ വാപ്പയിലെ പൌരുഷം അതിനനുവദിക്കുന്നില്ല. വാപ്പ തന്റെ പതിനാറാം വയസു മുതല്‍ ജോലിക്ക് പോയി തുടങ്ങിയതാണ്.... ഓരോ പ്രാരാബ്ധങ്ങള്‍ കാരണം ജോലിയില്‍ നിന്നും മാറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വാപ്പയുടെ അവസാന ആഗ്രഹമായിരുന്നു എനിക്കൊരു ജോലി. അത് കിട്ടിയാല്‍ ഉടനെ തന്റെ ജോലിയില്‍ നിന്നും മാറണമെന്നാണ് അറുപത്തിരണ്ടു വയസായ വാപ്പയുടെ ആഗ്രഹം. ഇനി വാപ്പ ആര്‍ക്കുവേണ്ടി ജോലിക്ക് പോകും. ഞാന്‍ ജോലിക്ക് പോയിരുന്നെങ്കില്‍ വാപ്പക്ക് വീട്ടിലിരിക്കാമായിരുന്നു.ഇനി എങ്ങനെ വാപ്പ തന്റെ മടുപ്പിക്കുന്ന ജോലി വേണ്ടാന്നു വയ്ക്കും. പക്ഷെ വാപ്പയെക്കള് ഉമ്മയാണ് എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നത്. എന്റെ അയല്‍ക്കാരും ബന്ധുക്കളും സഹതാപത്തോടെ എന്റെ നേര്‍ക്ക് അയക്കുന്ന നോട്ടം എന്നെ വല്ലാതെ വലയ്ക്കുന്നു. എനിക്ക് സഹതാപം ഇഷ്ടമല്ല. എന്റെ ചുറ്റും നില്ക്കുന്നവരില് കൂടുതലും സ്ത്രീകളാണ്. ഞാന്‍ ആരുടേയും മുഖത്ത് നോക്കിയില്ല. അന്യസ്ത്രീകളുടെ മുഖത്ത് കാരണം കൂടാതെ നോക്കരുതെന്നാണ് ഇസ്ലാം എന്നെ പഠിപ്പിച്ചത്. ഞാന്‍ ജീവിച്ചിരുന്ന കാലത്ത് കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ അന്യസ്ത്രീകളുടെ മുഖത്ത് നോക്കുകയില്ലായിരുന്നു. അപ്പോള്‍ അവര്‍ പറയുമായിരുന്നു അവനു അഹങ്കാരമാണ്, ജാടയാണ് എന്നൊക്കെ. ഇനി അവരോടു പറയണം; നോക്കു മഹിളകളെ, സഹോദരിമാരെ അന്യസ്ത്രീകളുടെ മുഖത്ത് കാരണം കൂടാതെ നോക്കരുത് എന്നാണ് ഇസ്ലാം എന്നെ പഠിപ്പിച്ചത്. എന്റെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് കക്കയെയാണ്. ഉമ്മയും വാപ്പയും ദുഖിക്കുന്നുണ്ട്. അവരെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളുമുണ്ട്. കാക്കയ്ക്ക് ദുഖത്തോടൊപ്പം തന്നെ എന്നെ കാണാന്‍ വരുന്ന ആള്‍ക്കാരെ സ്വീകരിക്കണം. എന്റെ മരണാനന്തര കാര്യങ്ങള്‍ നോക്കണം. പിടിപ്പത് പണിയാണ്.
എന്നെ ഈ ഹാളില്‍ കിടത്തിയിട്ട് എന്റെ മുറി കുറെ സ്ത്രീകളും കുട്ടികളും അപഹരിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ ആരെയും എന്റെ മുറിയില്‍ കയറ്റിയിട്ടില്ല. എന്നാലിപ്പോഴോ? അവിടെ അലമാര നിറയെ ഞാന്‍ വാങ്ങിച്ചു കൂട്ടിയ പുസ്തകങ്ങളാണ്.അതെല്ലാം ഇവര്‍ നശിപ്പിക്കുമോ? ഓടിച്ചെന്നു എല്ലാവരെയും പുറത്താക്കി കതകടച്ചാലോ? എന്നിട്ട് മനസമാധാനമായി ഏതെങ്കിലും ഒരു പുസ്തകമെടുത്ത് വായിക്കണം. ഏത് പുസ്തകം വായിക്കാം? മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണമടങ്ങിയ പുസ്തകമായാലോ? അപ്പോള്‍ ഭാവി കാര്യങ്ങള്‍ എളുപ്പത്തിലാകുമല്ലോ? ഖബറില്‍ വച്ച് മുന്കര്, നക്കീര്‍ എന്നീ മലക്കുകളെ ദൈവം അയക്കും. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെങ്കില്‍ ശിക്ഷ ഉറപ്പാണ്.. പാപികളായവര്‍ക്ക് പഠിച്ചുവച്ചാലും ഉത്തരം പറയാനാകില്ലത്രേ. പക്ഷെ ഞാന്‍ മരിച്ചു കിടക്കുകയല്ലേ. എങ്ങനെയാ മുറിയില്‍ പോകുക? എനിക്ക് ചിരി വന്നു.ദുഖമയമായ ചിരി. കണ്ണീരിന്റെ ചിരി.
ഞാന്‍ കിടക്കുന്ന മുറിയില്‍ സ്ത്രീകളാണ് കൂടുതലെന്ന് പറഞ്ഞല്ലോ. നാട്ടുകാര്‍ ഓരോരുത്തരായി വന്ന് ഭയഭക്തി ബഹുമാനത്തോടെ, ദുഃഖം കലര്‍ന്ന സന്തോഷകരമായ സഹതാപശൂന്യതയോടെ എന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയിട്ട് പുറത്തേക്കു പോകുന്നു. ഒരു ഫോര്മാലിറ്റിക്ക് നോക്കിയിട്ട് പോകുന്ന ചിലരുമുണ്ട്. ഞാന്‍ കാഴ്ചബംഗ്ലാവില്‍ ഇരുമ്പ് കൂട്ടിലിട്ടിരിക്കുന്ന സിംഹത്തെപ്പോലെ നിസ്സഹായനായി കിടന്നു. എനിക്ക് ജീവനുണ്ടായിരുന്ന കാലത്ത് ഒരു കവി പറഞ്ഞ സംഗതി രസകരമാണ്. അയാളുടെ വകയിലെ ഏതോ ഒരു ബന്ധു മരിച്ചപ്പോള്‍ അയാള്‍ പോയിരുന്നു. മരണവീട്ടിലിരുന്നു മുഷിഞ്ഞപ്പോള്‍ ഒന്ന്പുകവലിക്കാമെന്ന് കരുതി അയാള്‍ പുറത്തിറങ്ങി. റോഡിലൂടെ ധാരാളംപേര്‍ തമാശകള്‍ പലതും പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് കയ്യിലൊരു റീത്തുമായി മരണവീട് ലക്ഷ്യമാക്കി പോയ്കൊണ്ടിരിക്കുകയായിരുന്നു. അയാള്‍ പുകവലി കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ലോകം ഇപ്പോള്‍ അവസാനിക്കാന്‍ പോകുന്നതിന്റെ അവസാന നിമിഷം എന്ന നിലയിലാണ് ചിരിച്ചുകൊണ്ട് വന്ന ഓരോരുത്തരുടെയും മുഖഭാവം. മനുഷ്യമനസിലെ ചതിക്കുഴികള്‍ ചാണകക്കുഴികള്‍ എന്നാണ് ഈ സംഭവത്തെ മേല്പ്പടിയാന് ചിത്രീകരിച്ചത്.ഇതുപോലെയാകുമോ എന്നെ സന്ദര്‍ശിക്കാന്‍ വന്ന മനുഷ്യരുടെ മനസുകള്‍... അവരുടെ മനസ് എന്തുതരം ചിന്തകളാല്‍ മഥിക്കുകയാകും? എല്ലാവരുടെയും മുഖം ദുഖമയമാണ്. നിരാശ തളം കെട്ടി നില്‍പ്പുണ്ട്. മനസ്സോ?
പുതിയ വിശേഷങ്ങള്‍ ഒന്നും ഇല്ല. ഏറ്റവും പുതിയ വിശേഷം ഇതാണ്: അസ്സര്‍ നിസ്കാരത്തോടെ എന്നെ പള്ളിയിലോട്ടെടുക്കും. എന്റെ മൊബൈല്‍ഫോണ്‍ ശബ്ദിക്കുന്നു. ആരായിരിക്കും? വല്ല സുഹൃത്തുക്കളുമാണോ? എങ്കില്‍ തമാശയ്ക്കുള്ള ചില്ലറ സാധ്യതകളൊക്കെ ഉണ്ട്. ഏതെങ്കിലും സുഹൃത്തുക്കളാണെങ്കില്‍ കാക്ക ഫോണെടുക്കും. ഞാനാണെന്ന് വിചാരിച്ചു സുഹൃത്ത് പറയും. നാളെ ഒരു
മീറ്റിംഗുണ്ട്. അല്ലെങ്കില്‍ വി.ജെ.ടി ഹാളില്‍ പുസ്തകപ്രദര്ശനമുണ്ട്. അല്ലെങ്കില്‍ ഒരു നാടകത്തിനു പോകാം.
അതുമല്ലെങ്കില്‍ ഒരു സിനിമയ്ക്ക്. അപ്പോള്‍ എന്തായിരിക്കും കാക്ക പറയുക: അവനിവിടെ ഇല്ലെന്ന്. ഉടന്‍ സുഹൃത്ത് പറയും: പുറത്തുപോകുമ്പോള്‍ മൊബൈല്‍ കൊണ്ട് പോകണമെന്ന് ഒരായിരം വട്ടം ഞാന്‍ അവനോടു പറഞ്ഞിട്ടുള്ളതാ...എവിടെയാ പോയത്? കാക്ക നിസ്സംഗതയോടെ പറയും:"അവന് മരിച്ചു പോയി". എന്നിട്ട് ഫോണ്‍ കട്ട് ചെയ്യും.എന്തായിരിക്കും ആ സുഹൃത്തിന്റെ മാനസീകാവസ്ഥ. ആദ്യം ഫോണ്‍ കട്ട് ചെയ്തതില്‍ കാക്കയോടു ദേഷ്യവും വെറുപ്പും നീരസവും തോന്നും. പിന്നെ മറ്റു സുഹൃത്തുക്കളെയെല്ലാം വിളിച്ചു എന്റെ മരണം സ്ഥിതീകരിക്കും. പിന്നെ ഫോണ്‍ വിളിച്ചതില്‍ ചമ്മല്.., കാക്കയോടു സഹതാപവും സഹാനുഭുതിയും. തുടര്‍ന്ന് എന്നെപ്പറ്റി ആലോചിച്ചു ഒരു ചെറിയ വേദന കരളിന്റെ ഒരു ചെറിയ ഭാഗത്ത് അനുഭവപ്പെടും. പിന്നെ കുറെ നേരം മൌനം, ഇവിടെ വന്ന് എന്നെക്കാണുമ്പോള്‍ നിരാശ, പിന്നീടു ഒന്നുമില്ല.ഓര്മ മാത്രം. വെറും ഓര്മ.
എന്റെ ഈ നാടുനീങ്ങലിനെപ്പറ്റി അറിയുമ്പോള്‍ എന്തായിരിക്കും നാട്ടുകാരുടെ പ്രതികരണം? ആദ്യം അത്ഭുതമായിരിക്കും? അവന് മരിച്ചോ? എങ്ങനെ? എപ്പോള്‍? ഇതെല്ലമറിയുമ്പോള് ഒരു ഒഴുക്കന്‍ ചോദ്യമുണ്ടാകും. എത്ര മണിക്ക് മയ്യിത്തെടുക്കും? എത്ര മണിക്കാണടക്കം? എല്ലാര്ക്കും അറിയേണ്ടത് അതാണ്. എങ്കിലേ അവരുടെ തിരക്ക് പിടിച്ച ലൈഫില്‍ നിന്നും വിലപിടിച്ച ഒരു അരമണിക്കൂര്‍ എനിക്ക് വേണ്ടി സ്പെന്ന്റ്റ് ചെയ്യാന്‍ കഴിയൂ. അതും എന്നെ കാണാനല്ല. എന്റെ വാപ്പയെ തൃപ്തിപെടുത്താനാണ്. ഒന്ന് തല കാണിച്ചിട്ട് വലിയുക. എങ്കിലല്ലേ അവരുടെ മകളുടെ കല്യാണത്തിനോ ഉമ്മുമ്മയുടെ മരണത്തിനോ വാപ്പ പോകൂ. ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ എല്ലാര്ക്കും ഒരു ഭാരമായിരുന്നു.എന്റെ കനം ആര്‍ക്കും താങ്ങാനാവുന്നില്ല. പലരും എന്നോടത് തുറന്നു പറഞ്ഞിട്ടുമുണ്ട്. പക്ഷെ ഇപ്പോഴവര്‍ക്ക് ഞാന്‍ ഭാരമല്ല. മരിച്ചപ്പോള്‍ കനം കുറഞ്ഞിരിക്കാം. എല്ലാര്ക്കും എന്നെപ്പറ്റി പറയാന്‍ ഒരു കഥ വീതം ഇപ്പോഴുണ്ട്. ഞാന്‍ അവരെ സഹായിച്ച കഥ, ഞാന്‍ ജനങ്ങളെ സേവിച്ച കഥ, ഞാന്‍ സമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കഥ, കടലില്‍ മുങ്ങിപ്പോയ കപ്പലിനെ ഞാന്‍ മുങ്ങാംകുഴിയിട്ടു പൊക്കിക്കൊണ്ട് വന്ന കഥ, സ്ത്രീകളുടെ മാനം രക്ഷിച്ച കഥ, പാളം തെറ്റിയ തീവണ്ടിയെ പൊക്കിയെടുത്ത് തിരികെ പാളത്തില്‍ കൊണ്ട് വച്ച് ആയിരക്കണക്കിനുപേരുടെ ജീവന് രക്ഷിച്ച കഥ. അങ്ങനെയങ്ങനെ കഥ നീളും.
എന്തൊക്കെയായാലും അവള് എന്നെ ഞെട്ടിപ്പിക്കുക തന്നെ ചെയ്തു. അതെ അവള്..., എന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങിയവള്, തുളസിക്കതിരിന്റെയും തേങ്ങയെണ്ണയുടെയും ഗന്ധത്തോടുകൂടിയ മുടിയുള്ളവള്‍, എന്റെ കവിളില്‍ കടിച്ചവള്‍, എന്റെ ചുടുനിശ്വാസങ്ങള്‍ ഏറ്റു വാങ്ങിയവള്‍, ചെമ്പരത്തിദളത്തിന്റെ നിറത്തോടുള്ള ചെഞ്ചുണ്ടുള്ളവള്, ചന്ദനക്കുറി എന്റെ കവിളില്‍ പതിപ്പിച്ചവള്‍, എന്റെ അയല്‍ക്കാരി അവള് വെറുമൊരു അയല്‍ക്കാരനെ നോക്കുമ്പോലെ നിസ്സംഗതയോടെ എന്നെ നോക്കുമ്പോള്‍ എന്റെ മരിച്ചു മരവിച്ച കരളില്‍ നിന്നും ചോര പിഴിഞ്ഞെടുക്കുംപോലെ. എന്തിനു വേദനിക്കണം? അവള് ജീവിക്കാനറിയാവുന്നുള്ളവളാണ്. അവള്‍ക്കെങ്കിലും നല്ലൊരു ഭാവിയുണ്ടാകട്ടെ...എന്നെക്കാള്‍ നല്ലൊരു കാമുകനെ അവള്‍ക്കു കിട്ടാന്‍ പ്രയാമുണ്ടാകില്ല.
പല്ലക്കില്‍ എന്നെ കിടത്തിയപ്പോഴുണ്ടായ ഉമ്മയുടെ നിലവിളി എന്റെ കരളിനെ കടിച്ചു തിന്നുന്നു. തക്ബീര്‍ വിളികളോടെ എന്നെ അവര്‍ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് എനിക്കറിയാം. മരിച്ചാലും വെറുതെ വിടാത്ത കൂട്ടര്.... എന്നെ എന്റെ മുറിയില്‍ ഇരിക്കാന്‍ അനുവദിച്ചെങ്കില്‍,എന്റെ ഉമ്മയുടെ മടിയില്‍ ഒരിക്കല്‍ക്കൂടി തല ചായ്ച്ചുറങ്ങാന്‍ കഴിഞ്ഞെങ്കില്‍, ഈ നാട്ടിടവഴികളിലൂടെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഓടിനടക്കാനയെങ്കില്, അവളുടെ ചെഞ്ചുണ്ടുകളുടെ സ്വാദ് ഒരിക്കല്‍ക്കൂടി ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍.....................ഞാന്‍ വാങ്ങിച്ചുകൂട്ടിയ പുസ്തകങ്ങള്‍, എന്റെ ഗസല്‍ ഗാനങ്ങള്‍, എന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള കസേര, രാത്രിയിലെ നിലാവ്, പ്രഭാത സൂര്യന്, മലനിരകള്‍, പുഴകള്‍, പുല്‍മേടുകള്‍, സമുദ്രങ്ങള്‍, ശലഭങ്ങള്‍, കാടുകള്‍, മേഘങ്ങള്‍ എല്ലാം............ എല്ലാം............എനിക്കിനി അന്യമാണോ?
ആഗ്രഹങ്ങള്‍......................ആഗ്രഹങ്ങള്‍...................... അടങ്ങാത്ത ആഗ്രഹങ്ങള്‍......................മനസ് നിറയെ ആഗ്രഹങ്ങള്‍......................ചെയ്തു തീര്‍ത്തതെല്ലാം വെറും പാഴ്ക്കിനാക്കള്‍, ചെയ്യാനുള്ളത്.............സ്വപ്നങ്ങള്‍.................... ഒന്നിനും ഒടുക്കനാവാത്ത ആഗ്രഹങ്ങള്‍........... ബാക്കി നില്ക്കുന്നു.
പള്ളിയില്‍ എന്നെക്കിടത്തി എല്ലാവരും മയ്യിത്ത് നിസ്കരിച്ചപ്പോള്‍ എനിക്ക് മരിച്ചതില്‍ അതിയായ സന്തോഷം തോന്നി. എന്റെ ആഗ്രഹമായിരുന്നു, അല്ല ആവശ്യമായിരുന്നു മയ്യിത്ത് നിസ്കാരം പഠിക്കല്‍. ഒരാള്‍ ജനിക്കുമ്പോള്‍ തന്നെ അയാളുടെ മരണവും തീരുമാനിക്കപ്പെടുന്നു. അതയാളുടെ പിറകെ എപ്പോഴും ഉണ്ട്. തിരിഞ്ഞുനോക്കിയാല്‍ നിങ്ങള്‍ക്ക് മരണത്തെ കാണാം.നേരെ നോക്കിയാല്‍ ജീവിതത്തെയും.മരണം നിങ്ങളുടെ പിറകെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. അതിനനുസരിച്ച് നിങ്ങളും സഞ്ചരിച്ചുകൊണ്ടിരിക്കണം. തളര്‍ന്നിരുന്നാല്‍ മരണം നിങ്ങളുടെ കഴുത്തില്‍ പിടി മുറുക്കാം. എന്റെ ഉമ്മയോ വാപ്പയോ എപ്പോള്‍ വേണമെങ്കിലും എന്നില്‍ നിന്നും വേര്‍പിരിയാം. അവര്‍ മരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടി ശരിയായി മയ്യിത്ത് നിസ്കരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍ എന്തായിരിക്കും അവരുടെ അവസ്ഥ? ഞാന്‍ മയ്യിത്ത് നിസ്കാരം പഠിക്കാത്തതില്‍ എപ്പോഴും കുറ്റബോധം നിറഞ്ഞവനായിരുന്നു. മയ്യിത്ത് നിസ്കാരം പഠിക്കാന്‍ തുടങ്ങുമ്പോള്‍ തോന്നും ഇതൊക്കെ എന്തിനു ഇപ്പോള്‍ പഠിക്കണം? ഇതിനുള്ള സമയമായില്ല എന്ന്. ഇപ്പോള്‍ സമാധാനമായി. അവര്‍ക്ക് വേണ്ടി ഞാന്‍ മയ്യിത്ത് നിസ്കരിക്കേണ്ടി വന്നില്ലല്ലോ..!
കുഴിയിലേക്ക് എന്നെ ഇറക്കി വച്ച് മുകളില്‍ പലക അടുക്കുന്നതുവരെ ഞാന്‍ വാപ്പയെ നോക്കിക്കൊണ്ടിരുന്നു. അവസാനത്തെ നോട്ടം. എന്റെ ലോകം പെട്ടെന്ന് ചെറുതായി. വളരെ ചെറുത്. നാല് മണ്‍തിട്ടകള്‍... മുകളിലെ പലകയിലിട്ടു മൂടുന്ന മണ്ണ് എന്റെ ദേഹത്ത് ചെറുതായി വീണുതുടങ്ങി. എന്റെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍, എന്റെ വലിയ മുറി, ജനാലകള്‍, അലമാര, വിയര്പ്പിന് ഗന്ധമുള്ള കസേര, പുസ്തകങ്ങള്‍ നിറഞ്ഞ ഷെല്‍ഫുകള്‍, വാപ്പ ആദ്യമായി വാങ്ങിത്തന്ന പേന, എന്റെ ഗസല്‍ഗാനങ്ങള്‍, എവിടെ? എല്ലാം എവിടെ? ഞാന്‍ മാത്രം. ഇനി ഈ സുന്ദര ശരീരവും എന്നെ വിട്ടുപോകും. മുന്കര്, നക്കീര്‍ മലക്കുകള്‍ ഇനി എപ്പോഴാണ് വരിക? എന്താണ് ചോദിക്കുക? അജ്ഞാതം...എല്ലാം...എല്ലാം.......
എന്റെ ഖബര്കുഴി മൂടിക്കഴിഞ്ഞാല്‍ അവര്‍ രണ്ട് പലകയെടുത്ത് എന്റെ തലഭാഗത്തും കാല്‍ഭാഗത്തും കുത്തി നിര്‍ത്തും. എന്റെ സ്ഥാനം അറിയാന്‍ വേണ്ടിയായിരിക്കണം. പലകയോട് ചേര്‍ത്ത് ഒരു ശവംനാറിച്ചെടിയും നടും. എന്റെ നെഞ്ചിലൂടെ അതിന്റെ വേരോടണം. കാരണം ഞാനിപ്പോള്‍ വളമല്ലേ....വെറും വളം...!!!
Comments