Skip to main content

വീടുകളും നാടോടികളും ; ചില പുനർവിചിന്തനങ്ങൾ

             സ്ഥിരമായ ഒരു വീടില്ലാതെ വാടകവീടുകളിൽ മാറിമാറി താമസിക്കേണ്ടി വരുന്ന അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. ബാലുമഹേന്ദ്രയുടെ വീട് എന്ന ചിത്രം പറയുന്നത് അങ്ങനെ സ്ഥിരമായി ഒരു വീട് ആഗ്രഹിച്ച് അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ദമ്പതികളുടെ കഥയാണ്. വീടിനായി പ്രവാസജീവിതം പേറി അലയുകയും  ലോൺ എടുത്ത് വീട് വച്ച് അടയ്ക്കാനാകാതെ ആത്മഹത്യാ ചെയ്യേണ്ടി വന്നവരുടെ വാർത്തകൾ എന്നും നമുക്ക് ചുറ്റിലുമുണ്ടായിട്ടുണ്ട്. സ്വന്തമായൊരു വീട് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. "പ്രതീക്ഷയോടെ നിർമിക്കുന്ന വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ സമാധാനത്തോടെ ജീവിക്കാൻ മനുഷ്യർക്ക് അറിയില്ല. അതിനാൽ ഞാനിനി വീടുകൾ നിർമിക്കില്ല. ഗോപുരങ്ങളെ കെട്ടിപ്പൊക്കുകയുള്ളൂ" എന്ന് ഹെന്ററിക് ഇബ്സെൻ 'മാസ്റ്റർ ബിൽഡർ' നാടകത്തിലൂടെ സോൾനെസ്സിനെക്കൊണ്ട് പറയിക്കുന്നുണ്ട്. എന്നാൽ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒരുപാട് കാലം താമസിക്കാൻ കഴിയാതെ ജീവിതപ്രാരാബ്ധം കൊണ്ട് സ്വന്തം വാനിൽ  ഏകനായി താമസിക്കാൻ വിധിക്കപ്പെടുകയും തുടർന്ന് ആ ജീവിത താളത്തിൽ അനന്ദം കണ്ടെത്തി നിരന്തരം ഒരിടത്ത് കെട്ടിക്കിടക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്നവരുടെയും ലോകത്തിലേക്കാണ് "നോമഡ് ലാൻഡ്" നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്.


           ക്ലോയി ഷാവോ രചന, സംവിധാനം,എഡിറ്റിംഗ്, നിർമ്മാണം എന്നിവ നിർവ്വഹിച്ച 2020 ലെ അമേരിക്കൻ ചലച്ചിത്രമാണ് നോമാഡ്‌ലാന്റ്. ജെസീക്ക ബ്രൂഡർ 2017-ൽ എഴുതിയ "നോമാഡ്‌ലാന്റ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കയെ അതിജീവിക്കുന്നു" (Nomadland: Surviving America in the Twenty-First Century) എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  2021ലെ അക്കാദമി അവാർഡുകളിൽ, മൊത്തം ആറ് നാമനിർദ്ദേശങ്ങളിൽ നിന്ന് മികച്ച ചിത്രം,മികച്ച സംവിധായകൻ, മികച്ച നടി എന്നിവ ഈ ചിത്രം നേടി. അങ്ങനെയാണ് ഈ ചിത്രം കാണാനിടയായത്. അക്കാദമി അവാർഡിന് മുൻപും നിരവധി അവാർഡുകൾ പ്രസ്തുത ചിത്രം കരസ്‌ഥമാക്കിയിട്ടുണ്ട്.

           ഒരു നീണ്ടകവിത പോലെ ഹൃദ്യമായി ആസ്വദിക്കാവുന്ന ചലച്ചിത്രമാണിത്. വ്യത്യസ്തമായ ജോലികൾ ചെയ്ത് സ്വന്തം ജീവിതം ഏറ്റവും പരിമിതപ്പെടുത്തി ജീവിക്കുമ്പോഴും ജീവിതത്തിലെ ആനന്ദം നാടോടികൾക്ക് നഷ്ടമാകുന്നില്ല. ഓരോ ദിവസവും പ്രതിസന്ധികളുടെ അപ്രവചനീയതയിലൂടെ എന്നാൽ ആനന്ദത്തോടെ ചിലവിടാൻ അവർക്ക് കഴിയുന്നുണ്ട്. അമേരിക്കയിലെ മനോഹരമായ പ്രകൃതിഭംഗി ജീവിതയാത്രകൾക്ക് മാറ്റുകൂട്ടുന്നുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും കേന്ദ്രകഥാപാത്രമായ  ഫേണിനേ   അവരോടൊപ്പം താമസിക്കാൻ പലപ്പോഴും ക്ഷണിക്കുമെങ്കിലും തന്റെ വണ്ടിക്ക് പകർന്നു നൽകാൻ കഴിയുന്ന സുരക്ഷിതബോധവും മനസുഖവും അവർക്ക് വേറൊരിടത്ത് നിന്നും ലഭിക്കുന്നില്ല. കാൻസർ ബാധിച്ച് ഭർത്താവ് മരണപ്പെടുമ്പോഴാണ് വീടും നാടും ഉപേക്ഷിച്ച് തൊഴിൽ തേടാൻ അവർ വിധിക്കപ്പെടുന്നത്. എന്നാൽ തൊഴിലിലെ അസ്ഥിരതയും ഇടയ്ക്കിടെയുള്ള മാറ്റവുംസ്വന്തം വാനിൽ തന്നെ താമസിക്കാൻ അവരെ നിർബന്ധിതമാക്കി. വീടെന്നത് സ്ഥിരമായി കെട്ടിപ്പൊക്കി താമസിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ അല്ലെന്ന് സമാനമാനസ്കരായ നിരവധി യാത്രികരെക്കാണുമ്പോൾ ഫേൺ തിരിച്ചറിയുന്നുണ്ട്. ഫേണിനൊപ്പം സഞ്ചരിക്കുമ്പോൾ നമ്മൾ തീർച്ചയായും തിരിച്ചറിയും ഈ ലോകത്തിൽ എങ്ങനെ അടയാളങ്ങൾ അവശേഷിപ്പിക്കാതെ കടന്നുപോകാമെന്ന്. ഏറ്റവും മനോഹരമായി  പ്രകൃതിയോട് ഇഴുകിചേർന്ന് ഭൂമി നൽകുന്ന വസ്തുക്കൾ പരമാവധി പ്രയോജനപ്പെടുത്തി പരിസ്ഥിതിയെ  നോവിക്കാതെ എങ്ങനെ മനുഷ്യായുസ്സ് ക്രിയാത്മകമാക്കി ചലിപ്പിക്കാമെന്ന് ഈ ചിത്രം നമ്മോട് പറയുന്നുണ്ട്.

ഫ്രാൻസിസ് ലൂയിസ് മക്ഡോർമന്റ് 


               
നോമഡ് ലാൻഡിലെ പ്രധാനകഥാപാത്രമായ ഫേൺ ആയി കാഴ്ചക്കാരെ അമ്പരപ്പിച്ചത്/ അനുഭവിപ്പിച്ചത് അമേരിക്കൻ അഭിനേത്രിയായ ഫ്രാൻസിസ് ലൂയിസ് മക്ഡോർമന്റാണ്. ഏറ്റവും വിശ്വാസനീയമായി നാടോടിയുടെ ജീവിതം അനുഭവിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ  1982-ൽ യേൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദാനന്തരബിരുദം നേടി അഭിനയലോകത്തേക്ക് എത്തിയതാണെന്ന് മനസിലാക്കാൻ സാധിച്ചു. നോമഡ് ലാൻഡിന് മുൻപും അവരെത്തേടി നിരവധി നാടകസിനിമ പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. ഒരേസ്ഥലത്ത് ദിവസങ്ങളായി അടച്ചിടപ്പെട്ട  ഈ ലോക്ക്ഡൌൺ കാലത്തിൽ ഏറ്റവും ഹൃദ്യമായി മനസിനെ രസിപ്പിക്കാൻ ഈ ചിത്രത്തിന് കഴിയും.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...