ഡി. സി. ബുക്സ് 2020ൽ പ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ 'ആസാദി' എന്ന ലേഖനസമാഹാരം വായനയുടെ മാത്രമല്ല നവചിന്തകളുടെ അതിനുമപ്പുറം, കടന്നുവന്ന പാതകളുടെ അടയാളപ്പെടുത്തലാണ്. ഒന്നാമത്തെ ലേഖനമായ "പീഡിത നഗരങ്ങളിൽ മഴപെയ്യുന്നത് ഏത് ഭാഷയിൽ" എന്ന പബ്ലോ നെരൂദയുടെ ചോദ്യത്തിന് ഉത്തരം തേടുന്ന അരുന്ധതി റോയി ഉയർത്തുന്ന ഭാഷയെക്കുറിച്ചുള്ള ചിന്തകൾ നിർബന്ധിത രാജ്യസ്നേഹത്തിന്റെ കാലത്തിൽ കടുത്ത വെല്ലുവിളിയാണ് പങ്കുവയ്ക്കുന്നത്. ഭാഷയെക്കുറിച്ചുള്ള അജ്ഞതയിൽ ഹിന്ദി ഹിന്ദുവിന്റെയും ഉർദു മുസ്ലിമിന്റേതുമായിത്തീരുന്ന വാർത്തമാനകാല സമസ്യകളെ അടയാളപ്പെടുത്തുന്നുണ്ട്. ഭരതന്റെ രാജ്യമായ ഭാരതമെങ്ങനെ, പിതൃരാജ്യമാകാതെ മാതാവിനാൽ അടയാളപ്പെടുത്തപ്പെട്ട് മാതൃരാജ്യമായെന്ന ചിന്തകളെ എയ്തുവിടുന്നുണ്ട്. ഭാഷയുടെ അതിർത്തികളിലൂടെ വിഭജനം നടത്തുന്ന കാലത്ത് ഗുജറാത്ത് കലാപാനന്തരം അഭയാർത്ഥിക്യാമ്പുകളിൽ അതിജീവനത്തിനായി ഗായത്രിമന്ത്രം പഠിച്ചുവയ്ക്കേണ്ടി വന്ന ഒരു തലമുറയുടെ അടയാളപ്പെടുത്തൽ കൂടിയായി തന്റെ രചനകൾ മാറുന്നതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട് ലേഖിക. ഭാഷയുടെ സ്വത്വം തേടിയുള്ള പരക്കംപാച്ചിലിൽ ഓരോരുത്തരും ഉപയോഗിക്കുന്നത് അവനവന്റെ ഭാഷയാണെന്നും അവന്റെ കാലത്തോടെ ആ ഭാഷ മരിക്കുമെന്നുമുള്ള ചിന്തകൾ വായനക്കാരനിൽ ഈ ലേഖനം പകർന്നു നൽകുന്നുണ്ട്. സംഘടിത ജനതയുടെ ഉണർത്തുമുദ്രാവാക്യങ്ങളായി തീരുന്ന 'ആസാദി' പേർഷ്യയിലൂടെ ഇറാനിലൂടെ കാശ്മീർ താഴ്‌വാരകളിൽ എത്തിയതാണെന്നും 'ഇൻക്വിലാബ് സിന്ദാബാദി'ന്റെ കല്പിത ഭാഷതിർത്തി ഭേദിച്ചുള്ള കടന്നുവരവ് അവനവന്റെ ഭാഷ,ദേശമെന്ന കപടതവാദത്തിന് കൃത്യമായ മറുവാദമായി മാറുന്നുണ്ട്. ഗുജറാത്ത് കലാപത്തിലൂടെ തകർക്കപ്പെട്ട വലി ദഖ്നിയുടെ ദർഗ നിന്നിടത്തിന്ന് ടാറിട്ട റോഡാണെന്നും ആ റോഡിൽ ഇപ്പോഴും നിരന്തരം പൂക്കളുമായി ആളുകളെത്താറുണ്ടെന്നുമുള്ളത് അരുന്ധതി റോയി ചൂണ്ടിക്കാണിക്കുമ്പോൾ തകർക്കപ്പെട്ട സ്മാരകങ്ങൾക്കെല്ലാം ഉത്തരമായി ടോറി മോറിസന്റെ 'പുനരോർമ'(Rememory)എന്ന കവിത വലിയ പ്രതിരോധമായി ഉയർന്നു നിൽക്കുന്നുണ്ട്.
![]() |
'വിപൽജനാധിപത്യത്തിലെ തിരഞ്ഞെടുപ്പുകാല'മെന്ന ലേഖനത്തിലൂടെ വാർത്തമാനകാല ഇന്ത്യ കടന്നുപോകുന്ന വിപത്തുക്കളെ ചൂണ്ടിക്കാണിക്കുകയാണ്. തീർത്തും ഭരണപരാജയമായിരുന്ന ഒരു സർക്കാർ എങ്ങനെയാണ് ജനശ്രദ്ധതിരിച്ചുവിട്ട് ഭൂരിപക്ഷകേന്ദ്രീകൃതമായി അധികാരത്തെ വീണ്ടും കൈവെള്ളയിൽ ഒതുക്കിയതെന്ന് പരിശോധിക്കുന്നു. ഭീമ കൊറേഗാവും മാവോയിസവും മുസ്ലിം സ്വത്വവും ദളിത് രാഷ്ട്രീയവുമെല്ലാം കൃത്യമായ ഇടവേളകളിലൂടെ വേട്ടയാടപ്പെടുകയും എന്നാൽ തിരഞ്ഞെടുപ്പിൽ താങ്കൾക്ക് അനുകൂലമാക്കി മാറ്റുന്ന അധികാരരാഷ്ട്രീയത്തിന്റെ അപകടകരമായ പാതകൾ പരിശോധിക്കുന്നു.
കൂട്ടിലകപ്പെട്ട മുറിവേറ്റ ഹൃദയമെന്ന ലേഖനത്തിൽ കശ്മീർ പ്രശ്നം സമകാലീന രാഷ്ട്രീയം വച്ചുകൊണ്ട് ലേഖിക നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന അതിർത്തിയിലെ രക്‌തച്ചൊരിച്ചിലുകളുടെ യഥാർത്ഥ നിറങ്ങളിലേക്കു ഊളിയിട്ട് ചിന്തകൾ സഞ്ചരിക്കുന്നുണ്ട്. കശ്മീരികൾക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്നു നിർഭയമായി ലോകത്തോട് പറയാൻ കഴിയാത്തകാലത്തോളം ഈ മുറിവ് നീറിക്കൊണ്ടുതന്നെയിരിക്കും എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിശബ്ദതയുടെ പെരുമ്പറ മുഴക്കത്തിലൂടെ കാശ്മീരികളോട് ഒരു ഭരണകൂടം ചെയ്ത പാതകങ്ങളെ കൃത്യമായി അടയാളപ്പെടുത്തി സംസാരിക്കുന്നു അരുന്ധതി റോയി. കശ്മീർ സംസാരിച്ചു തുടങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് ആ ലേഖനത്തിന് അവർ വിരാമമിടുന്നത്.
![]() |
| അരുന്ധതി റോയി |
സാഹിത്യത്തിന്റെ ഭാഷയിൽ താൻ കടന്നുവന്ന പാതകൾ, തന്നെ നടക്കാൻ പ്രേരിപ്പിച്ച പുതിയ പാതകൾ എന്നിവയെക്കുറിച്ച് പറയുകയാണ് എഴുത്തുകാരി. ഗോഡ് ഓഫ് സ്മാൾ തിങ്‌സിൽ തുടങ്ങി കല്പനീക സാഹിത്യത്തിൽ നിന്നും വഴിമാറി കോർപ്പറേഷനുകൾക്കും, കർഷകർക്കും, ജലസേചനത്തിനും, കാടുകൾക്കുമായി തന്റെ എഴുത്ത് തിരിഞ്ഞൊഴുകിയ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി അവസാനം മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സിൽ എത്തിച്ചേർന്നതുവരെയുള്ള പാതകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഗോഡ് ഓഫ് സ്മാൾ തിങ്‌സിന് ഇന്ത്യൻ സംസ്കാര സൂചിക പറയുന്ന നിലവാരമില്ലാത്തതിന്റെ പേരിൽ 10വർഷം കോടതി കയറിയിറങ്ങേണ്ടി വന്നതിനെക്കുറിച്ചും ബുക്കർ പ്രൈസിലൂടെ വായനക്കാർ അധികമായി വായിക്കപ്പെട്ട് ഇഷ്ടപ്പെട്ടതുമൊക്കെ 20വർഷങ്ങൾക്കിപ്പുറമിരുന്ന് കേൾക്കുമ്പോൾ കൗതുകത്തിനപ്പുറം നമ്മൾ ഒന്നിച്ചു കടന്നുവന്ന ഇരുൾമൂടിയ പാതകളുടെ ഭയാനകമായ നിശബ്ദത വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്.
ഒടുക്കത്തിന്റെ സൂചനകളിലൂടെ ദേശീയ പൗരത്വബില്ലും പൗരത്വ രെജിസ്റ്ററും എങ്ങനെയാണ് ഒരു പ്രദേശത്തെ ജനങ്ങളെ കൃത്യമായി ഭിന്നിപ്പിക്കുന്നതിന് അധികാരിവർഗം ഉപയോഗപ്പെടുത്തിയത് എന്ന് മനസിലാക്കാം. ആസ്സാമിന് മാത്രം ബാധകമാക്കി കഴിഞ്ഞ 40 വർഷം അവിടത്തെ എല്ലാജനവിഭാഗങ്ങളും നടത്തണമെന്ന് ആഗ്രഹിച്ച എൻ. ആർ. സി. എങ്ങനെയാണ് ഒരു രാജ്യത്തിന് മുഴുവൻ ബാധകമാക്കി വർഗീയ ധ്രുവീകരണം അധികാരിവർഗം തന്നെ നടത്തി പോരുന്നതെന്ന് നിരീക്ഷിക്കുന്നു.
![]() | ||
മഹാമാരി എന്ന കവാടത്തിലൂടെ ഒരു രാജ്യത്തെ ജനബാഹുല്യത്തിന്റെ, സാമ്പത്തിന്റെ പതപ്പ്, ലോക്ക് ഡൌൺ പ്രഖ്യാപനത്തിലൂടെ ഒഴുകി മാറിയപ്പോൾ നഗരങ്ങളിൽ തെളിഞ്ഞുവന്ന ലക്ഷക്കണക്കായ അഭയാർത്ഥികളുടെ ജീവിതങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ജന്മനാട്ടിലേക്ക് വെറും കയ്യോടെ ചിലപ്പോൾ അസുഖവും പേറി പോകേണ്ടിവരുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം ഇവിടെ ഒരു അധികാരിവർഗവും അടയാളപ്പെടുത്തി വച്ചിട്ടില്ല. എന്നാൽ രായ്ക്ക് രാമാനം ഹത്രസിലെ ക്രൂരമായ ബലാത്സംഗത്തെ വെറും അക്രമണമാക്കി തീർത്ത് ശവദഹം നടത്തി ഇല്ലായ്മ ചെയ്യുന്നതിന് കണക്കുകളും തെളിവുകളും അധികാരികളുടെ കൈയിൽ ആവോളമുണ്ട്. പേരും വർഗവും രാഷ്ട്രീയവും നിമിത്തം തേടിപ്പിടിച്ച് വേട്ടയാടപ്പെടുന്ന തെരുവ്കൂട്ട ജനാധിപത്യത്തിന്റെ കാലത്തിൽ ഇത്തരം ശക്തമായ എഴുത്തുകൾ വായിക്കപ്പെടുക തന്നെ വേണം.
![]() |
| ടോണി മൊറിസൺ |
പുനരോർമയിൽ(Rememory) ടോണി മൊറിസൺ പറഞ്ഞതുപോലെ ഓർമ അവിടെത്തന്നെയുണ്ട്. ഒരു വീട് കത്തിയാൽ അതിന്റെ ഭൗതീക അസ്ഥിത്വമേ കത്തിച്ചമ്പലാകുന്നുള്ളു. എന്റെ ഓർമയിൽ, നിന്റെ ഓർമയിൽ ആ വീട് നിലനിൽക്കുന്നുണ്ട്. നമ്മൾ മരിച്ചാലും ആ ഓർമ അവിടെ നിലനിൽക്കും. കാരണം ഓർമ്മകൾ നമ്മുടെ തലയ്ക്കുള്ളിലല്ല. ഇടിച്ചുനിരത്തിയാൽ അതോടൊപ്പം മണ്ണടിയുന്നതല്ല ഓർമ്മകൾ. അതിങ്ങനെ യാത്രചെയ്തുകൊണ്ട് അവിടെത്തന്നെ നിൽപ്പുണ്ടാകും. സ്ഥലനാമങ്ങൾ മാറ്റിയും സ്മാരകങ്ങൾ ഇടിച്ചു നിരത്തിയും ചരിത്രത്തെ വിസ്‌മൃതിയിലേക്ക് തള്ളാമെന്ന് കരുതുന്നവർ ഓർക്കുക നശിപ്പിക്കാനാകാത്ത പുനരോർമകളെക്കുറിച്ച്......




Comments