Skip to main content

അരങ്ങിനോട് ഭരതവാക്യം ചൊല്ലി പി. സി. സോമൻ

        പി സി സോമൻ അരങ്ങൊഴിഞ്ഞു. 1956ൽ കേരള സംസ്ഥാനം രൂപംകൊണ്ടത്തിനൊപ്പം ഉരുവം കൊണ്ട തിരുവനന്തപുരം കലാവേദിയുടെ  അവസാനപ്രവർത്തകനും ഭരതവാക്യം ചൊല്ലി അരങ്ങിനോട്, പ്രേക്ഷകനോട് വിട ചൊല്ലി. തിരുവനന്തപുരം അമേറ്റർ നാടകവേദിയിൽ അമ്പതാണ്ടോളം നടനായും സംഘാടകനായുമൊക്കെ സജീവസാന്നിധ്യമായിരുന്ന പി. സി. സോമൻ  വഞ്ചിയൂർ വായനശാല നാടകങ്ങളിലും കലാവേദിയുടെ നാടകങ്ങളിലുമായി   നിരവധി ചരിത്ര, യഥാതഥ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. സ്വയംവരം, മതിലുകൾ, കൊടിയേറ്റം, വിധേയൻ തുടങ്ങി അടൂർ ഗോപാലകൃഷ്ണന്റെ എല്ലാ സിനിമകളിലും
ഇരുപതാംനൂറ്റാണ്ട്, കൗരവർ, ധ്രുവം തുടങ്ങി ഇരുപത്തഞ്ചോളം മലയാള ചലച്ചിത്രങ്ങളിലും  Flammen im Paradies എന്ന ഫ്രഞ്ച് ചിത്രത്തിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

         2010ൽ ടാഗോറിന്റെ മുക്തധാര എന്ന ബംഗാളി നാടകം , പ്രൊഫ. ജി. ഗോപാലകൃഷ്ണന്റെ പരിഭാഷയിൽ, ഡോ. എൻ. രാജൻ നായരുടെ സംവിധാനത്തിൽ   കലാവേദി വി. ജെ. ടി. ഹാളിൽ അവതരിപ്പിച്ചിരുന്നു. ആ നാടകത്തിലൂടെയാണ് പി. സി. സോമൻ സാറിനെ ആദ്യമായി നേരിട്ട് കാണുന്നതും പരിചയപ്പെടാൻ സാധിക്കുന്നതും. നടനായും സംവിധായകനായും സാങ്കേതിക പ്രവർത്തകനായുമൊക്കെ കഴിഞ്ഞ 11വർഷത്തിനിടയിൽ പതിനഞ്ചോളം നാടകങ്ങളിൽ കലാവേദിയ്ക്കൊപ്പം പി. സി. സോമൻ സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കലാവേദിയുടെ നാടകങ്ങളിലൂടെ ഡോ. എൻ. രാജൻ നായരിൽ നിന്നും പി. സി. സോമൻ സാറിൽ നിന്നുമൊക്കെ നിരവധി നാടകപാഠങ്ങൾ സ്വയത്തമാക്കാൻ സാധിച്ചിട്ടുണ്ട്. അമേറ്റർ നാടകവേദിയിലെ നടനെ സംബന്ധിച്ചിടത്തോളം അഭിനയിക്കാനുള്ള അടക്കാനാകാത്ത ത്വരയോടെ അരങ്ങിലേക്ക് വരുന്നതാണ്. ഭൂരിപക്ഷം നടന്മാർക്കും  ജീവസന്ധാരണത്തിന് മറ്റൊരു തൊഴിൽ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ സാങ്കേതികപ്രവർത്തകർക്ക് ലഭിക്കുന്ന പോലുള്ള കൃത്യമായ പ്രതിഫലം പലപ്പോഴും നടന്മാർക്ക് ലഭിക്കാറില്ല. എന്നാൽ സാങ്കേതികപ്രവർത്തകർക്കൊപ്പം നടന്മാർക്കും അഭിനയിക്കുന്നതിന് കൃത്യമായ പ്രതിഫലം നൽകേണ്ടതാണെന്ന പാഠം ഉൾക്കൊള്ളാൻ കഴിഞ്ഞത് സോമൻ സാറിന്റെ സംഘാടനത്തിലൂടെയാണ്. അവതരണ ദിനം രാവിലെ തന്നെ എല്ലാവർക്കുമുള്ള പ്രതിഫലം വെവ്വേറെ കവറുകളിലാക്കി പേരുകളെഴുതി മാറ്റിവയ്ക്കുകയും അവതരണാനന്തരം കൃത്യമായി എല്ലാവർക്കും നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നാടകാനന്തരം തിരക്കിൽപ്പെട്ട് കവർ വാങ്ങാതെ പോയാൽ അടുത്ത ദിനം രാവിലെ തന്നെ വിളിച്ച് നമ്മൾ നിൽക്കുന്നിടത്ത് സ്‌കൂട്ടറിൽ വന്ന് കവർ നൽകി തലേന്നത്തെ നാടകത്തെക്കുറിച്ച് സംസാരിക്കുന്ന രണ്ടനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്.

        പഴയകാല നാടകപ്രവർത്തകൻ ആയതിനാൽ അദ്ദേഹം പലപ്പോഴും നാടകത്തിൽ പറയേണ്ട വചനങ്ങൾ മനപാഠമാക്കുന്നതിൽ ശ്രദ്ധിച്ചിരുന്നില്ല. ആദ്യകാലങ്ങളിൽ Prompter നാടകത്തിൽ ഏറ്റവും അനിവാര്യനായിരുന്നല്ലോ. എന്നാൽ Prompter വിങ്ങ്സിനിടയിൽ മറഞ്ഞുനിന്ന് പറഞ്ഞുകൊടുക്കുന്ന സംഭാഷണങ്ങൾ ശ്രവിച്ചുകൊണ്ട് യഥാതഥ നാടകങ്ങളിൽ ചാതുരിയോടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ്.

    കോവിഡാനന്തരമുള്ള ഈ ലോകാനാടകദിനത്തിൽ ചുറ്റിലും അവതരണങ്ങളും നാടകപ്രഭാഷണങ്ങളും സജീവമായി നിറയുമ്പോൾ 2019 വരെയുള്ള ലോകനാടകദിനത്തിൽ കലാവേദിയുടെ പേരിൽ മുടങ്ങാതെ നടന്നിരുന്ന നാടകാവതരണം ഇനിമുതൽ ഇല്ല, ഇനിയുണ്ടാകുമോ എന്നുമറിയില്ല. ആ തിരിച്ചറിവ് നൽകുന്ന വേദന വളരെ വലുതാണ്.




        2019ൽ കലാവേദിയുടെ അമരക്കാരനായ ഡോ. എൻ. രാജൻ നായർ  യാത്രചൊല്ലി പിരിഞ്ഞപ്പോൾ മനസ്സിനെ ഏറ്റവും അലട്ടിയ കാര്യം അദ്ദേഹത്തിന്റെ സന്തത സാഹചരിയായ സോമൻ സർ ഇനിയുള്ള ദിനങ്ങൾ എങ്ങനെ മറികടക്കുമെന്ന ചിന്തയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക് സോമൻ സർ ചുരുങ്ങിയിരുന്നു. ഏറ്റവും വേണ്ടപ്പെട്ടവരുടെ വിടവാങ്ങലിൽ നിന്നും കരകയറാൻ നമ്മൾ ഓരോരോ കാരണങ്ങൾ സ്വയം കണ്ടെത്തും. അതുപോലെ ഡോ. എൻ. രാജൻ നായരുടെ അടുത്തേക്ക് പി. സി. സോമൻ  യാത്രയായി എന്ന് കരുതി ആശ്വസിക്കാം.   തിരുവനന്തപുരം അമേറ്റർ നാടകവേദിയിൽ, ചരിത്രനാടകങ്ങൾ അവതരിപ്പിക്കുന്നതിൽ വലിയൊരു ശൂന്യത ഇനിയുണ്ടാകും. എങ്കിലും അദ്ദേഹം ജീവൻ നൽകിയ മാമ വെങ്കിടനും തെന്തനാംകോട് ഹരിശ്ചന്ദ്രനും ശങ്കു ആശാനുമൊക്കെ അനന്തപുരിയുടെ  ചരിത്ര നാടക പ്രണയിതാക്കളുടെ മനസ്സിൽ എന്നുമുണ്ടാകും.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...

"അരങ്ങിലെന്നോടൊപ്പമുള്ള നിന്നെക്കുറിച്ച്"

അഭിനിവേശത്തിന്റെ ഭൂമികയാണീ അരങ്ങ്! ഞാൻ നിന്നെ കണ്ടുമുട്ടിയതിവിടെ! ലോകമഹായുദ്ധങ്ങൾ പേമാരി പെയ്തതിവിടെ! എന്റെ വാക്കുകളിൽ തീപ്പൊരി ചിതറിയതിവിടെ! കടലും ആകാശവും നദികളും മലകളുമായി നമ്മൾ പകർന്നാട്ടങ്ങൾ പലതും നടത്തിയതിവിടെ! കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നവരസങ്ങളായി പരിണമിച്ചതിവിടെ! ഇരുളും വെളിച്ചവുമേറ്റുവാങ്ങി ഒളിച്ചുകളികൾ പലത് നമ്മൾ നടത്തിയതുമിവിടെ! സംഗീതം ശ്രവിച്ച് പ്രണയാർദ്രനായി ചുവടുകൾ അളന്നു വച്ചതിവിടെ! ചായങ്ങൾ പലത് പൂശി സ്വത്വം വിസ്മരിച്ച് പല പാത്രങ്ങൾ പകർന്നാടിയതിവിടെ! എന്നിൽ നിന്നും നീ വിട പറഞ്ഞു പിരിഞ്ഞതുമിവിടെ, അടുത്ത അരങ്ങിൽ വീണ്ടുമൊന്നിക്കാമെന്ന നിന്റെയുറപ്പിൽ നിന്നെ ഞാൻ തേടിനടക്കുന്നതുമിവിടെ...!                    'ഹസിം അമരവിള' (Inspired by Anna Kamieńska'S poem)