അരുൺ സമുദ്രയുടെ ഏറ്റവും പുതിയ കവിതാസമാഹരമായ 'മൂ' വിലെ ആമുഖ കവിതയിങ്ങനെയാണ്.
"സദാസമയവും അന്താക്ഷരി
കളിച്ചുകൊണ്ടിരിക്കുന്ന
ഒരു രാജ്യം.
അവിടെ
മൂ
എന്നൊരൊറ്റയക്ഷരം മാത്രം
കിട്ടുന്നൊരു ജനത".
അതെ,നമ്മുടെ ജനാധിപത്യവ്യവസ്ഥിതി മൃതാവസ്ഥയിലെത്തിയിട്ട് അനേക നാളുകളായി. 'മിനിയേച്ചർ ' എന്ന കവിതയിൽ റിപ്പബ്ലിക് ബോർഡ് തൂക്കി യാത്രപുറപ്പെടുന്ന ബസ്സിൽ, എന്റെ രാജ്യം എന്റെ രാജ്യമെന്ന് അക്രോശിച്ചുകൊണ്ട് യാത്രികരായ ജനങ്ങൾക്ക് നേരെ തുറിച്ചു നിൽക്കുന്ന ഗിയർ ലിവറിൽ പിടിച്ച് സ്വയംഭോഗം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഡ്രൈവറെക്കുറിച്ച് പറയുന്നുണ്ട്. ബസ്സ് കട്ടപ്പുറത്തായിട്ടും അതറിയാതെ റിപ്പബ്ലിക് ബോർഡ് നോക്കി ബസ്സിലെ തുരുമ്പുകൊണ്ട് സെപ്റ്റിക് ആയ യാത്രികർ.
രാജ്യമേ നീ വിരിച്ചിട്ട പച്ചക്കള്ളങ്ങൾക്ക് മുകളിൽ കിടന്നു ഞാൻ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു എന്ന് അരുൺ സമുദ്ര നെടുവീർപ്പിടുമ്പോൾ അതിൽ ശ്വാസം കിട്ടാതെ പിടയ്ക്കുന്നത് നമ്മളോരോ വായനക്കാരനുമാണ്.
മറ്റുള്ളവർക്ക് കണ്ടുരസിക്കാനുള്ള ഒരേർപ്പാട് മാത്രമാണ് വസന്തമെന്നും ചെടികൾക്കതെന്നും ഒരു ബാധ്യതയാണെന്നുമുള്ള അരുണിന്റെ ഉൾക്കാഴ്ച പുതിയ വീക്ഷണകോണിലൂടെ നോക്കിക്കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
ആദ്യ കവിതാസമാഹാരമായ 'അവർ ചിലക്ഷരങ്ങൾ തേടുമ്പോൾ' എന്നതിൽ നിന്നും ബഹുദൂരം മുന്നേറി 'മൂ' സമാഹാരത്തിൽ എത്തുമ്പോഴും മനസിലാക്കാനാകുന്ന കാര്യം അരുണിന്റെ അസ്വസ്ഥതകൾ, രാഷ്ട്രീയ ജാഗ്രതയെക്കുറിച്ചുള്ള ഉണർത്തു ചിന്തകൾ അയാളെ കൂടുതൽ കൂടുതൽ ജാഗരൂഗനും പ്രതീക്ഷ നഷ്ടപ്പെട്ടവനുമാക്കിതീർത്തിരിക്കുന്നു.
ചരിത്രപരമായ ബാബരി വിധി വന്നൊരു ദിവസമാണ് ഫേബിയൻ ബുക്സ് പുറത്തിറക്കിയ 'മൂ' കവിതാസമാഹാരം വായിക്കാൻ കഴിഞ്ഞത്. വിധിയിൽ ഒട്ടുമേ നിരാശ തോന്നിയില്ല. എന്താണീ വിധി വരാൻ ഇത്ര കാലതാമസമെടുത്തെന്നെ ചിന്തിച്ചുള്ളു. ത്രേതയുഗത്തിലെ രാമൻ ജീവിച്ചതിന് കോടതികളിൽ തെളിവുകൾ ഉള്ളപ്പോൾ പള്ളിപൊളിച്ചതിന് തെളിവുകൾ ഇല്ല.
'മൂ' സമാഹാരത്തിലെ ഒരു കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
"തിരക്കിൽ ചെരുപ്പില്ലാത്തവന്റെ
കാലുകളിൽ അറിഞ്ഞുകൊണ്ട്
ചവിട്ടി മുറിവുകളുണ്ടാക്കി
സ്വയം വികസിക്കുന്ന
രാജ്യസ്നേഹികൾ".
പ്രിയപ്പെട്ട അരുൺ നിങ്ങൾ പറഞ്ഞതുപോലെ വായന ഒരു സാധ്യതയാകുന്നു, പുതിയ വാർത്തകളിൽ പഴയതിനെ മുക്കിക്കളഞ്ഞ് ഒരു രാജ്യം അത്രമേൽ ഭരണഘടനാ വിരുദ്ധമായി പായുമ്പോൾ വായനയിലൂടെ നമുക്ക് ഓർത്തുകൊണ്ടേയിരിക്കാം; കവിതകളിലൂടെ നമുക്ക് പങ്കുവച്ചുകൊണ്ടിരിക്കാം, ഒരു രാജ്യം അതിലെ ജനാധിപത്യാവിശ്വസികളോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന്?

Comments