ഇന്ത്യൻ ആധുനിക നാടകവേദിയിലെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്രാഹിം അൽക്കാസി 04 ഓഗസ്റ്റ് 2020 ന് 95 ആം വയസ്സിൽ മരണപ്പെട്ടു. ഭാരതം അതിന്റെ 74 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ അതിന്റെ 11 ദിവസം മുൻപ് അദ്ദേഹം യാത്രയായി. വാർദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ലോകനാടകവേദിയിലെ പ്രമുഖരെല്ലാം അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 1947 ലെ വിഭജനകാലഘട്ടത്തിൽ തന്റെ 8 സഹോദരന്മാരും പാകിസ്താനിലേക്ക് കുടിയേറിയപ്പോൾ ഇന്ത്യയിൽ തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്. നാടകത്തിലെ ഉപരിപഠനം ഇംഗ്ലണ്ടിൽ (RADA)പൂർത്തികരിച്ചിട്ട് അവിടെത്തന്നെ ഉയർന്ന അവസരങ്ങൾ പലതും ലഭിച്ചെങ്കിലും സ്വാതന്ത്രാനന്തര ഇന്ത്യയിലേക്ക് അദ്ദേഹം 1951 ൽ മടങ്ങിവരികയും ഇവിടത്തെ നാടകവേദിയെ പരിപോഷിപ്പിക്കുകയുമാണ് ചെയ്തത്. ആധുനിക നാടകവേദിക്ക് പുതിയ ദിശാബോധം നൽകിയതിൽ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. ഭാരതത്തെ അതിന്റെ സംസ്കൃതിയെ കലകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വേർപാട് ഈ ഭീതിപ്പെടുത്തുന്ന കാലത്തിൽ കൂടുതൽ പഠിക്കേണ്ടതും പകരേണ്ടതുമാണ്.
ഇബ്രാഹിം ആൽക്കാസിയുടെ ജീവിതത്തെക്കുറിച്ച് പരിശോധിക്കുമ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ചത് അദ്ദേഹം പ്രവർത്തിച്ചിരുന്ന കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. 1925 ൽ സ്വാതന്ത്ര്യ സമരങ്ങൾ അതിന്റെ തീക്ഷ്ണതയിൽ നിൽക്കുന്ന കാലത്താണ് സൗദി അറേബ്യയിലെ ധനികനായ കച്ചവടക്കാരന്റെയും കുവൈറ്റുകാരിയായ അമ്മയുടെയും മകനായി ഇന്ത്യയിൽ ജനിക്കുന്നത്. സ്വാതന്ത്രാനന്തര കാലഘട്ടത്തിൽ, കൂടെയുള്ള 8 സഹോദരങ്ങളും പാകിസ്താനിലേക്ക് കുടിയേറിയപ്പോൾ അദ്ദേഹം ഇന്ത്യയിൽ തുടരുകയാണ് ഉണ്ടായത്. ബോംബയിലെ കോളേജ് കാലഘട്ടത്തിലാണ് നാടകവുമായി അദ്ദേഹം കൂടുതൽ അടുക്കുന്നത്. അതിൽ കൂടുതലും ഷേക്‌സ്‌പിയർ നാടകങ്ങളായിരുന്നു. അതിന്റെ ഇമ്പാക്റ്റിലാകാം 1948ൽ നാടകം പ്രൊഫഷണലായി പഠിക്കാൻ RADA യിലേക്ക് Royal Academy for Dramatic Arts ലേക്ക് ലണ്ടനിൽ അദ്ദേഹം പോകുന്നു. 1951 ൽ മടങ്ങിവരുമ്പോൾ ബോംബെയിലെ അർബൻ തിയേറ്ററിന് വേണ്ട തരത്തിൽ പ്രൊഫഷണലിസത്തിൽ വിട്ടുവീഴ്ചയില്ലാതെ Perfection നോട് കൂടിയ നിരവധി നാടകങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അത് അദ്ദേഹത്തെ ഇന്ത്യൻ നാടകവേദിയുടെ മുൻനിരയിൽ എത്തിച്ചു. 1962 മുതൽ 1977 വരെയുള്ള കാലം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്റ്ററായി അദ്ദേഹം പ്രവർത്തിച്ചു. RADA യുടെ മാതൃകയിൽ 3 വർഷമായി കോഴ്സ് രൂപകല്പനചെയ്യുകയും സ്പെഷ്യലൈസേഷൻ അഭിനയത്തിലും ബാക്ക്സ്റ്റേജിലും കൊണ്ടുവരികയും കൃത്യവും ശക്തവുമായ സിലബസ് രൂപികരിക്കുകയും ചെയ്തു.
ആൽക്കസിക്ക് മുൻപ് എൻ എസ് ഡി യിൽ അവതരിപ്പിച്ചിരുന്ന പ്രൊഡക്ഷൻസ് ക്ലാസിക് പ്ലേകളുടെ ചില സീനുകളും One Act പ്ലേയ്‌കളുമായിരുന്നു. അതും വിദ്യാർത്ഥികളും അധ്യാപകരും മാത്രം വിലയിരുത്തിപോന്നിരുന്നു. ആൽക്കസി സ്കൂളിനെ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നു. നാടകാവതരണങ്ങൾ പബ്ലിക് ആക്കി. സ്‌കൂളിന്റെ സ്വാതന്ത്ര്യമായ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ഇടപെടുകയും കേന്ദ്രസംഗീത നാടക അക്കാഡമിയുടെ കീഴിൽ നിന്നും മാറി സാംസ്‌കാരിക വകുപ്പിന്റെ കീഴിലെ സ്വതന്ത്ര ബോഡി ആയി NSD വിഭാവനം ചെയ്യപ്പെട്ടു. സിലബസ്സിൽ സംസ്കൃതനാടകങ്ങളും, നാടോടി നാടകങ്ങളും മോഡേൺ ഇന്ത്യൻ പ്ലേയ്സും ഏഷ്യൻ പ്ലേയ്സും വെസ്റ്റേൺ പ്ലേയ്‌സും ഉൾപ്പെടുത്തി. യക്ഷഗാനം, ഭാവായ്, തമാശ, ഖയാൽ, നൗറ്റാങ്കി, ജാത്ര ഇവയും സിലബസിന്റെ ഭാഗമായി. പഴയ സംസ്കൃത നാടകങ്ങളെ പുനരുജ്ജീവിപ്പിക്കണമെന്ന ഉദ്ദേശത്തിൽ എൻ എസ് ഡി യിലെ അന്നത്തെ രണ്ട് സ്റ്റാഫിനെ, ദേവ് മഹാപാത്ര, ഗോവർദ്ധൻ പഞ്ചാൽ അവരെ കേരളത്തിലെ വിവിധ അമ്പലങ്ങളിലേക്ക് കൂടിയാട്ടം ആഴത്തിൽ മനസിലാക്കാനായി അയച്ചിരുന്നു. കൂത്തമ്പലങ്ങളിലെ കൂടിയാട്ടവും ജപ്പാനിലെ നോയും താരതമ്യം ചെയ്തുള്ള ദേവ് മഹാപാത്രയുടെ പഠനങ്ങൾ അനവധി പിന്നീട് വന്നിട്ടുണ്ട്.
പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്കായി ഒരു റെപ്പാർട്ടറി കമ്പനി മാതൃക, അദ്ദേഹം വിഭാവനം ചെയ്തത് ഇന്നും വിജയകരമായി എൻ.എസ്.ടി. മുൻപോട്ട് കൊണ്ടുപോകുന്നുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി നാടകങ്ങൾ റെപ്പാർട്ടറിയിലൂടെ ഒരുക്കുന്നതിനും സ്‌കൂളിലെ പ്രോഡക്‌ഷൻസ് വേറെ സ്ഥലങ്ങളിലേക്ക് റെപ്പാർട്ടറി വഴി അയക്കുകയും, അങ്ങനെ ഒരു നാടകസംസ്കാരം രൂപീകരിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രേദ്ധേയമാണ്.
അദ്ദേഹത്തിന്റെ കീഴിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ പ്രവർത്തിച്ച 15 വർഷക്കാലം അതിന്റെ വളർച്ചയിലും ഇന്ത്യൻ നാടകവേദിയുടെ മുന്നോട്ടുള്ള വളർച്ചയെ ത്വരിതമാക്കുന്നതിലും പ്രധാനപ്പെട്ടതായിരുന്നു എന്ന് നിരവധി നാടകക്കാർ അടയാളപ്പെടുത്തുന്നുണ്ട്.
സീനോഗ്രഫിയുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ സംവിധാന സംരംഭങ്ങൾ ശ്രേദ്ധേയമാണ്. ജൂലിയസ് സീസർ പ്രൊസീനിയം സ്റ്റേജിൽ റോമൻ മാതൃകയിൽ തൂണുകളും പടിക്കെട്ടുകളും ഉൾപ്പെടുത്തി അരങ്ങൊരുക്കിയപ്പോൾ മോഹൻ രാകേഷിന്റെ അഷാഡ് കി ഏക് ദിൻ അവതരിപ്പിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് പഴയ എൻ.എസ്ഡി യുടെ പുറകിലുള്ള കൈലാഷ് കോളനി ആയിരുന്നു. മേഘദൂത് അവതരിപ്പിക്കുമ്പോൾ പ്രകൃതിയുമായി ഇടകലർത്തി ചെയ്യാനായി മരങ്ങൾക്കിടയിൽ 275 പേർക്കിരിക്കാവുന്ന ഗാലറി ഒരുക്കി ചെളികൊണ്ടുള്ള തറയും മണ്ണുകൊണ്ടുള്ള ബാക്ഡ്രോപ്പും നിർമിച്ചിരുന്നു. രവീന്ദ്രഭവനിലെ Black box സ്റ്റുഡിയോ റൂമും, medium size ഓപ്പൺ എയർ തിയേറ്ററും ഡൽഹിയിലെയും ബോംബയിലെയും വീടുകളുടെ ടെറസുകൾ പോലും വേദിയാക്കി അദ്ദേഹം നിരവധി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു.
അതുപോലെ തന്നെ സ്റ്റേജിൽ നിന്നും ഡൽഹിയിലെ ചരിത്രസ്മാരകങ്ങളുടെ മുൻപിലേക്കുള്ള തുറസരങ്ങുകളിൽ നാടകാവതരണത്തിനായി അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുകയും വ്യത്യസ്തമായ നിരവധി നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അതിലേറ്റവും ശ്രേദ്ധേയമായത് ധരംവീർ ഭാരതിയുടെ അന്ധയുഗ്, ഫിറോഷാ കോട്ലയുടെ പടിക്കെട്ടുകളിൽ അവതരിപ്പിച്ചതായിരുന്നു. ആ നാടകത്തിന്റെ ആദ്യാവതരണത്തിന് ജവാഹർലാൽ നെഹ്രുവും കുടുംബവും സാക്ഷ്യം വഹിച്ചിരുന്നു. എൻ എസ് ഡി യുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് നെഹ്രുവും അൽക്കാസിയും തമ്മിലുള്ള ബന്ധം പ്രധാന കാരണമായിരുന്നു. ആ കാലത്ത് തന്നെ അത്തരം പരീക്ഷണ അരങ്ങുകൾ ഇവിടെ നടന്നിരുന്നുവെന്നതും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തെ കുറിച്ചുള്ള വായനയിൽ എനിക്ക് മനസിലാക്കാൻ കഴിഞ്ഞൊരു കാര്യം സമയത്തിന്റെ കാര്യത്തിൽ കൃത്യനിഷ്ഠ അദ്ദേഹം പുലർത്തിയിരുന്നു. നാടകമാരംഭിക്കുന്നതിന് മുൻപ് പൂർണമായ നിശബ്ദത അദ്ദേഹം പ്രേക്ഷകരിൽ നിന്നും പ്രതീക്ഷിച്ചു. സ്റ്റേജ്, ഗ്രീൻറൂം, ആഡീയൻസ്ഏരിയ എന്തിനധികം ഓഡിറ്റോറിയത്തിലെ ടോയ്‌ലെറ്റ് പോലും ക്ലീൻ ആയിരിക്കണമെന്നതിൽ അദ്ദേഹം നിർബന്ധം പിടിച്ചിരുന്നു. ഇല്ലെങ്കിൽ അതിന്റെ അസ്വസ്ഥത പ്ലേയ് ആസ്വദിക്കുന്നതിൽ പ്രേക്ഷകരെ ബാധിക്കുമെന്ന് വിശ്വസിച്ച് പ്രവർത്തിച്ചിരുന്ന ആളാണ് അൽക്കാസി. അത്രയും പ്രഫൊഷണലിസം അദ്ദേഹം ഡിമാൻഡ് ചെയ്തിരുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഇത്തരം ഗുണങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് അവരുടെ പ്രവർത്തനങ്ങളിൽ നമുക്ക് മനസിലാക്കാൻ സാധിക്കും. നാസിറുദ്ധീൻ ഷാ, അനുപം ഖേർ, സീമ വിശ്വാസ്, മനോഹർ സിംഗ്, പങ്കജ് കപൂർ, ഓം പൂരി തുടങ്ങിയ പ്രഗത്ഭരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യരിൽ ചിലരായിരുന്നു.
വിദേശ നാടകങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ നാടകങ്ങളിൽ പ്രകടമായി കാണുന്നുവെന്ന വിമർശം അദ്ദേഹം പലപ്പോഴായി കേട്ടിട്ടുണ്ട്. അദ്ദേഹം വിഭാവനം ചെയ്ത നാടകസങ്കല്പങ്ങളിൽ നിന്നും ഇന്ത്യൻ നാടകവേദി വ്യത്യസ്തധാരകളിലൂടെ ഒരുപാട് ദൂരം ഇന്ന് സഞ്ചരിച്ചിരിക്കുന്നു. അതെന്തുതന്നെയായാലും ഇന്ത്യൻ നാടകവേദിയുടെ വ്യത്യസ്തധാരകൾ തനതുമായി ബന്ധപ്പെട്ട് വികസിക്കുന്നതും അങ്ങനെ വികസിക്കുന്നതിനുള്ള ആദ്യകാല ശ്രമങ്ങളിൽ ഇന്ത്യൻ നാടകവേദിയെ പ്രൊഫഷണലിസത്തിന്റെ കാര്യത്തിൽ ഒരു ടോട്ടൽ തിയേറ്ററായി വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭവനകൾ വിസ്മരിക്കാൻ കഴിയുന്നതല്ല.
ഇബ്രാഹിം ആൽക്കസി ചിത്രകാരനും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. ഇന്ത്യൻ കലകളിൽ അദ്ദേഹത്തിന് വളരെയേറെ താത്പര്യവും അറിവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് 1977 NSD യുടെ ചുമതലകളിൽ നിന്നും വിരമിച്ചപ്പോൾ ഭാര്യ റോഷനുമായി ചേർന്ന് ഒരു ആർട്ട് ഹെറിറ്റേജ് ഗ്യാലറി ഡൽഹിയിൽ ആരംഭിക്കുകയും നിരവധി ആർട്ട് എക്സിബിഷൻസ് സംഘടിപ്പിക്കുകയും ചെയ്തു. 1950 ൽ ബി.ബി.സി.യുടെ ബ്രോഡ്കാസ്റ്റിംഗ് അവാർഡ്, പരമോന്നത ഫ്രഞ്ച് സാംസ്കാരിക ബഹുമതിയായ നൈറ്റ് ഓഫ് ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് അംഗീകാരവും ലഭിച്ച ഇബ്രാഹിം ആൽക്കസിക്ക് വിവിധ കാലങ്ങളിൽ പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ എന്നിവ നൽകി ഭാരതസർക്കാരും ആദരിച്ചിട്ടുണ്ട്. വളരെ കലുഷിതമായ ഈ വർത്തമാനരാഷ്ട്രീയ സാഹചര്യത്തിൽ ആൽക്കസിയുടെ ജീവിതം, പ്രവർത്തനങ്ങൾ എന്നിവ പുതിയ നാടകകകർക്ക് വളരെ ഊർജ്ജം നൽകുന്നവയാണ്. ഇബ്രാഹിം ആൽക്കസി പകർന്നുനൽകിയ നാടകവഴികളിലൂടെ അദ്ദേഹത്തിന്റെ ശിഷ്യർ നിരവധി പാതകൾ സൃഷ്ടിച്ച് മുന്നേറുമ്പോൾ കലകൾ ഈവിടെയുള്ളിടത്തോളം കാലം നാടകമുള്ളിടത്തോളം കാലം നാടകക്കാരുടെ മനസ്സിന്റെ അരങ്ങിൽ ഊർജ്ജമായി പ്രകാശമായി അദ്ദേഹം എന്നുമുണ്ടാകും.




Comments