കോരിച്ചൊരിയുന്ന മഴയെ കുത്തിത്തുളച്ചു കൊണ്ട് കടകട ശബ്ദത്തോടെ ചീറിപ്പായുന്ന ട്രിവാൻഡ്രം എക്സ്പ്രസ്സിന്റെ താളത്തോട് സമരസപ്പെട്ട് നീണ്ട ഉറക്കത്തിലായിരുന്ന വേളയിലാണ് ജീൻസിന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ ഫോൺ വീർപ്പ് മുട്ടിയത്. ഉറക്കം നഷ്ടപ്പെട്ട അസ്വസ്ഥതയോടെ ആരെന്ന് നോക്കാതെ ഫോൺ ചെവിയിലേക്ക് ചേർത്തുപിടിച്ചപ്പോഴാണ്, എതിരെ ഹോൺ മുഴക്കി കടന്നുപോയ ഏറനാട് എക്സ്പ്രസ്സിനെ നിശബ്ദമാക്കിക്കൊണ്ട് പ്രിൻസിപ്പലിന്റെ ശബ്ദം ഇരമ്പിയെത്തിയത്; " പിള്ളച്ചേട്ടൻ തൂങ്ങി മരിച്ചു".
മഴത്തുള്ളികൾ വീണ് ചിതറിത്തെറിക്കുന്ന ഗ്ലാസ് പാളികളിലെ പുറം കാഴ്ച അവ്യക്തമായിരുന്നു.
പുറത്തെപ്പോലെ അകത്തും മൂടൽമഞ്ഞ്.
"സാറിതു വരെ എന്റെ വീട്ടിൽ വന്നിട്ടില്ലല്ലോ? അടുത്ത മാസമാണ് മോന്റെ കല്യാണം. കല്യാണം വിളി തുടങ്ങിയിട്ടില്ല. സാറെന്തായാലും വരണം". കൃത്യം മൂന്നു വർഷങ്ങൾക്ക് മുൻപ് പിള്ളച്ചേട്ടൻ പറഞ്ഞ വാക്കുകൾ വികാര വിക്ഷുബ്ധതയിൽ മനസിലേക്ക് തള്ളിക്കേറി വന്നു. ഈ കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശേഷം കഴിഞ്ഞ നാലുവർഷമായി പിള്ളച്ചേട്ടൻ വീട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്. കൂടുതലും ക്ഷണിക്കുന്നത് കൃഷിയെക്കുറിച്ച് പറഞ്ഞു വികാരഭരിതനാകു മ്പോഴാണ്. കുടുംബവീട്ടിലെ ഓഹരിയിലൂടെ കിട്ടിയ പറമ്പിൽ കുരുമുളകും വാഴയും റബ്ബറും പച്ചക്കറികളും തുടങ്ങി നട്ടാൽ കുരുക്കുന്ന എല്ലാ വിത്തുകളും തൈകളും മണ്ണിൽ പരീക്ഷിച്ചിട്ടുണ്ട്. അത് കാണാനായിട്ടാണ് എപ്പോഴും ക്ഷണിക്കാറുള്ളത്. മകന്റെ വിവാഹത്തിന് പോകുമ്പോൾ പറമ്പു മുഴുവൻ നടന്നു കാണണമെന്ന് ഞാനന്ന് വിചാരിച്ചിരുന്നു. എന്നാൽ വിവാഹം കൂടാനോ ആ വീട്ടിലേക്ക് പോകാനോ ഇതുവരെയായി പലകാരണങ്ങളാൽ കഴിഞ്ഞിട്ടില്ല. ഇനിയൊരു ക്ഷണം ഉണ്ടാകുകയുമില്ല.
വികാരപരമായി സംസാരിക്കുമ്പോൾ വിക്കുണ്ടാകുകയും എല്ലാകാര്യങ്ങളിലും തന്റെ കൈപ്പടം പതിഞ്ഞിരിക്കണമെന്ന നിർബന്ധബുദ്ധിക്കാരനുമായ മെലിഞ്ഞു കുറുകിയ പ്രകൃതക്കാരനായിരുന്നു ഗോപിനാഥൻ പിള്ള. പിള്ളച്ചേട്ടനെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ മനസ്സിൽ പടർന്നുകേറുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയൊരു ആൽമരമാണ്. ഭൂമിയിലേക്ക് അതിന്റെ വേരുകൾ ആഴ്ത്തി എല്ലാചൂടും തന്നിലേക്ക് ആവാഹിച്ച് എപ്പോ നട്ടെന്നോ, ആര് നട്ടെന്നോ ആർക്കുമറിയാത്തൊരു വട വൃക്ഷം. അഞ്ചൽ കോളേജ് എന്ന് ചിന്തിക്കുമ്പോൾ തന്നെ കോളേജിനോളം പഴക്കത്തിൽ പിള്ളചേട്ടനുമുണ്ട്. കോളേജിലെ വിളക്കുകൾക്കും ബെഞ്ചുകൾക്കും ചുവരുകൾക്കും പറയാനുള്ളത് വ്യത്യസ്ത ബാച്ചുകളുടെ അതിവ്യത്യസ്തമായ കഥകളാണ്. പക്ഷെ എല്ലാകഥകളിലും പ്രധാനമായോ അപ്രധാനമായോ പിള്ള ചേട്ടൻ സാക്ഷിയായുണ്ടാകും.
പ്യൂൺ കം ഡേ വാച്ചർ തസ്തികയിൽ നിത്യശമ്പളക്കാരനായി, കോളേജ് പിറവിയെടു ക്കുമ്പോൾ തന്നെ കൂടെ കൂടിയതാണ് പിള്ളച്ചേട്ടൻ. നൈറ്റ് വാച്ചറിൽ നിന്നും രാവിലെ 8മണിക്ക് താക്കോൽ വാങ്ങിച്ചാൽ വൈകുന്നേരം 5മണി വരെ ആ ക്യാമ്പസ്സിനുള്ളിൽ പലയിടത്തായി പ്രത്യക്ഷപ്പെടുന്ന പിള്ളച്ചേട്ടനെ കാണാം. അധ്യാപകർക്ക് നൽകാനായി അറ്റന്റൻസ് ഷീറ്റ് തയ്യാറാക്കിക്കൊണ്ട്, കോളേജ് സംബന്ധമായ ബാങ്കിടപാടുകൾക്കായി സ്കൂട്ടറെടുത്ത് പാഞ്ഞു കൊണ്ട്, ചടങ്ങുകൾക്ക് കത്തിക്കാനുള്ള നിലവിളക്ക് ഒരുക്കിക്കൊണ്ട്, കോളേജ് വളപ്പിൽ പച്ചക്കറികൾ നടാൻ തടമെടുത്ത്കൊണ്ട് അങ്ങനെയങ്ങനെ കോളേജിന്റെ വിവിധഭാഗങ്ങളിലായി പലപ്രവർത്തികളിലായി ചേട്ടനെ കാണാൻ സാധിക്കും. എന്ത് കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തിയാലും ജീവിതാനുഭവങ്ങൾ കൊണ്ട് അതിൽ ആധികാരികമായി ഇടപെടാൻ ചേട്ടന് കഴിഞ്ഞിരുന്നു. കോളേജ് ആവശ്യങ്ങൾക്കും അധ്യാപകരുടെ സ്വകാര്യ ആവശ്യങ്ങൾക്കുമായി പലവട്ടം സ്കൂട്ടറുമായി പോകുന്നത് കണ്ടൊരുനാളിൽ ഞാൻ ചോദിച്ചു ' ചേട്ടാ ഇതിനൊക്കെ പെട്രോൾ ആര് തരും'? പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് അദ്ദേഹം അടുത്ത പണിയിലേക്ക് വ്യാപൃതനായി. കൃഷിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം കൂടുതൽ ഊർജസ്വലനായികാണപ്പെട്ടിരുന്നു. പല ദിവസങ്ങളിലും കോളേജിലേക്ക് വരുമ്പോൾ വീട്ടിൽ നിന്നും വെട്ടിയെടുത്ത വഴക്കുലയോ, മരിച്ചീനിയോ, വാഴക്കൂമ്പ് തോരനോ എന്തെങ്കിലും അദ്ദേഹം സഹപ്രവർത്തകർക്കായി കരുതിയിരുന്നു. നഗര ജീവിതത്തിൽ അടിപ്പെട്ട അധ്യാപകരുടെ നാവിന്റെ നവോന്മേഷമായിരുന്നു പിള്ളച്ചേട്ടന്റെ കൃഷി വിഭവങ്ങൾ.
യൂണിവേഴ്സിറ്റിയുടെ കീഴിലെ സ്ഥിരത യില്ലാത്ത ജോലിയായതിനാൽ എല്ലാവരും അസ്വസ്ഥരായിരുന്നു. 'സാറേ ഇതിൽ കുടുങ്ങിക്കിടക്കാതെ എങ്ങനെയും വേറെ ജോലി വാങ്ങി രക്ഷപ്പെടണേ' എന്നൊക്കെ പലരും പലപ്പോഴായി പറയുമ്പോൾ അതിൽ വ്യത്യസ്തനായിരുന്നു പിള്ളച്ചേട്ടൻ. അവിടെ ജോലി ചെയ്യുന്നതിൽ അദ്ദേഹം വല്ലാതെ അഭിമാനിച്ചിരുന്നു. ബാങ്കിലും മറ്റു സാംസ്കാരിക ഇടങ്ങളിലും പോകുമ്പോൾ അഞ്ചൽ കോളേജിലെ പ്യൂൺ എന്നത് അദ്ദേഹത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. 'സാറേ, സ്ഥിരതയില്ലാത്ത ജോലിയുമായി ഇങ്ങനെ ഓരോ വർഷവും കടന്നുപോകുമ്പോഴും എന്റെ സ്വകാര്യ ജീവിതം വലിയ വിജയമാണ്. മൂത്തമകൻ ബാങ്ക് ടെസ്റ്റ് എഴുതി ബാങ്കിൽ കേറി പ്രമോഷനായി ഇപ്പോൾ മാനേജർ ആണ്. രണ്ടാമത്തെ മകൻ ആദ്യമൊക്കെ പഠിപ്പിൽ ഉഴപ്പി. ഓരോ പി. എസ്. സി. പരീക്ഷ കഴിഞ്ഞു വരുമ്പോഴും ഞാൻ ആ ചോദ്യ പേപ്പർ മുഴുവൻ അവനോട് ചോദിക്കും. അതിൽ പേടിച്ച് അവൻ പരീക്ഷ കഴിഞ്ഞ് വരുന്ന വഴി ആ ചോദ്യപേപ്പർ നോക്കി ഉത്തരം കണ്ടെത്തി പഠിച്ചിരിക്കും. ഇപ്പോഴവൻ പഞ്ചായത്ത് സെക്രട്ടറിയാണ്. അങ്ങനെ എന്റെ ജീവിതം ഇങ്ങനെയായെങ്കിലും മക്കൾ രക്ഷപ്പെട്ടു. സാറേ ഇപ്പോഴത്തെ രക്ഷകർത്താക്കൾ മക്കളെ ഉയർന്ന പഠിപ്പുകൾ പഠിപ്പിക്കുമെങ്കിലും അവരോടൊപ്പം മിനക്കെടില്ല. നമ്മൾ കൂടി അവരോടൊപ്പം ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും മിനക്കെട്ടാൽ സാറേ ഉറപ്പായും അവർക്ക് പി.എസ്. സി. വഴി ജോലി കിട്ടും'.
കോളേജ് ജീവനക്കാരിൽ ഏറ്റവും കുറച്ച് അവധിയെടുത്തിട്ടുള്ളതും പിള്ളച്ചേട്ടനാണ്. ആരും അനിവാര്യരല്ല, താനില്ലെങ്കിലും ഇവിടത്തെ കാര്യങ്ങൾ കൃത്യമായി നടക്കുമെന്ന് മറ്റുള്ളവർ മനസ്സിലാക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ എല്ലാദിനവും എത്തുകയും എല്ലാ ജോലിയും ആവേശത്തിൽ ചെയ്തുതീർക്കുകയും ചെയ്യുമായിരുന്നു.
പൊതുവെ ശാന്തപ്രകൃതക്കാരനായ പിള്ളച്ചേട്ടൻ ഒരിക്കൽ സഹജീവനക്കാരുമായി തർക്കത്തിലായിരുന്നു. കാര്യമന്വേഷിച്ചപ്പോഴാണ് ബഹുരസം. താൻ ചെയ്തു കൊണ്ടിരുന്ന പണി മറ്റുജീവനക്കാർ ചെയ്തത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. താൻ തന്നെ തന്റെ പണികൾ ചെയ്യണമെന്ന നിർബന്ധബുദ്ധി. താൻ ചെയ്തു കൊണ്ടിരിക്കുന്ന പണികൾ എന്തുമാകട്ടെ അത് തൂക്കുകയോ, തുടയ്ക്കുകയോ എഴുതുകയോ എന്തും, അതൊന്നും തന്നെ മറ്റൊരാൾ ചെയ്യുന്നത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എതിരേകടന്നുപോയ പരശുറാം എക്സ്പ്രസ്സിന്റെ ഹോൺ പിള്ളച്ചേട്ടന്റെ ട്രാക്കിൽ നിന്നും മനസ്സിനെ വീണ്ടും ട്രെയിനിലേക്ക് എത്തിച്ചു.
സ്റ്റേഷൻ എത്താറായി. എല്ലാവരും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇവിടെനിന്നിറങ്ങി നേരെ ബസ്സിൽ കേറി പിള്ളച്ചേട്ടന്റെ വീട്ടിലേക്ക് പോകണം, ആദ്യമായും അവസാനമായും. ഇങ്ങനെ ആ പടികൾ കടക്കണമെന്നാകും വിധി. ആ കൃഷിത്തോട്ടത്തിൽ വെറുതെയൊന്ന് ചുറ്റിയടിക്കണം. പിള്ളച്ചേട്ടൻ പറയാൻ ബാക്കി വച്ച കഥകൾ ചിലപ്പോൾ അവിടത്തെ ചെടികൾക്കും മരങ്ങൾക്കും പകർന്നു നൽകാനാകും. അലോപ്പതി മരുന്നുകളെയും ആശുപത്രിവാസത്തെയും വെറുത്തിരുന്ന ആ മനുഷ്യനെ നിത്യവും പച്ചില മരുന്നുകളാൽ ഉത്തേജിപ്പിച്ചിരുന്ന കൃഷിത്തോട്ടം. അവസാന ആഴ്ച വിടാതെ പിടികൂടിയ നെഞ്ചു വേദനയെ ശമിപ്പിക്കാൻ ഡോക്റ്ററിനെ കാണണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന് മുൻപിൽ അലോപ്പതി ഇഷ്ടപ്പെടാത്ത പിള്ളച്ചേട്ടൻ അസ്വസ്ഥനായിരുന്നു. തനിക്ക് വേണ്ടി ആശുപത്രിയിലും മറ്റും ഒരാൾ കൂടി കൂട്ടുവന്ന് ബുദ്ധിമുട്ടേണ്ടിവരുക എന്നത് അദ്ദേഹത്തിന്റെ ചിന്തകൾക്കും അപ്പുറത്തുള്ള കാര്യമാണ്.
അഞ്ചാംക്ളാസ്സിൽ ഒളിച്ചിരുന്ന് മൂക്കുപ്പൊടി വലിച്ചതിന് പള്ളിക്കൂടത്തിലെ മാഷ് കയ്യോടെ പിടികൂടി ഉപദേശിച്ചത്രേ; നിങ്ങൾ നിങ്ങളുടെ ശരീരത്തോട് ചെയ്യുന്ന വലിയ പാപമാണ് മൂക്കുപ്പൊടി. അത് നിർബന്ധപൂർവം മൂക്കിൽ കടത്തി വിട്ട് അതിനെ പുറം തള്ളാൻ ശരീരം സ്വയമേവ പ്രതിരോധിക്കുന്ന പ്രവർത്തനമാണ് തുമ്മലെന്ന്. അതോടുകൂടി മൂക്കുപ്പൊടിയെന്നല്ല സർവ്വവിധ ലഹരികളും ഉപേക്ഷിച്ചെന്ന് അഭിമാനപൂർവം പറഞ്ഞ ആ പിള്ളച്ചേട്ടനാണിപ്പോൾ ഒരു മുഴം കയറിൽ തൂങ്ങിയാടുന്നത്.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയർത്തുന്നതിനായി കയർ വാങ്ങാൻ പിള്ളച്ചേട്ടനൊപ്പം പോയത് മനസ്സിൽ തെളിഞ്ഞു വന്നു. നാലഞ്ച് കടകൾ കഴിഞ്ഞിട്ടാണ് ഒരു കടയിൽ നിന്നും കയർ വാങ്ങിയത്. ആ കട തിരഞ്ഞെടുക്കാൻ കാരണവും അവിടത്തെ കയറിന്റെ ഗുണമേന്മയും മറ്റു കയറുകളിൽ നിന്നും അവിടത്തെ കയറിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളെക്കുറിച്ചും പിള്ളച്ചേട്ടൻ വാചാലനായി. കെ. ആർ. മീരയുടെ ആരാച്ചാർ ഒരിക്കലും പിള്ള ചേട്ടൻ വായിച്ചിരിക്കാനിടയില്ല. എന്നാൽ പതാകയിൽ കയർ കെട്ടുംനേരം എന്നോട് പറഞ്ഞു; 'സാറേ കയറിൽ കുടുക്കുകൾ ഇടുക എന്നത് ഒരു കലയാണ്. കൃത്യമായ കുടുക്കുകൾക്ക് ബലം കൂടും. കയർ കാണുമ്പോൾ അത് എത്രത്തോളം ഭാരം വഹിക്കുമെന്ന് നാം കരുതുവോ അതിന്റെ ഇരട്ടി ഭാരം വഹിപ്പിക്കാൻ കുടുക്കുകൾ കൃത്യമാക്കുക വഴി നമുക്ക് സാധിക്കും'. ട്രെയിനിൽ നിന്നിറങ്ങി പിള്ളച്ചേട്ടന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ എന്റെ മനസ്സിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു. ' സ്വന്തം കയറും കുടുക്കുകളും എങ്ങനെയായിരിക്കും ആ മനുഷ്യൻ കണ്ടെത്തി തയ്യാറാക്കിയിട്ടുണ്ടാവുക? ആ കയർ കണ്ടെത്തണം. അതിലെ കുടുക്കുകൾ ഇനിയാർക്കും ഒരിക്കലും കുടുക്കുകൾ സൃഷ്ടിക്കാനാകാത്ത വിധം അഴിക്കണം'.
Comments