Skip to main content

ഹാജിറയുടെ കുതിരകളിലൂടെ സവാരി ചെയ്യുമ്പോൾ......



   കോളേജിലേക്കുള്ള ആറുമണിക്കൂർ ദൈർഘ്യമുള്ള ബസ്സിലെ പോക്കുവരവാണ്‌ എന്റെ സ്ഥിരമായുള്ള വായനാ  സമയം. ശക്തമായ കഴുത്തു വേദന കഴിഞ്ഞ ഒരുമാസക്കാലമായി വായനയിൽ നിന്നും എഴുത്തിൽ നിന്നുമൊക്കെ അകറ്റിയിരുന്നു. വേദനക്ക്  നേരിയശമനം അനുഭവപ്പെട്ടപ്പോൾ വായിക്കാൻ ഒന്നുമില്ലല്ലോ എന്നോർത്ത് വെറുതെ ബാഗ് പരിശോധിച്ചപ്പോഴാണ് 'ഹാജിറയുടെ കുതിരകളുടെ' കടിഞ്ഞാൺ കയ്യിൽ കുരുങ്ങിയത്. 

   സ്ഥിരമായി വരാറുള്ള മാസികകളുടെ കൂട്ടത്തിലാണ് 'ഹാജിറയുടെ കുതിരകളെന്ന' അസീം പള്ളിവിളയുടെ ചെറുകഥാ സമാഹാരം എന്റെ പോസ്റ്റ് ബോക്സിൽ കഴിഞ്ഞ മാസം  ഇടം പിടിച്ചത്. കയ്യിൽ കിട്ടി ഒരുമാസം കഴിഞ്ഞെങ്കിലും പുസ്തകമൊന്ന് തുറക്കാൻ പോലും കഴുത്ത്‌ അനുവദിച്ചില്ല. ഇന്ന് ഒറ്റയിരുപ്പിലിരുന്ന്  അതിലെ കഥകൾ വായിച്ചു തീർത്തപ്പോൾ അസീമിനോട് വല്ലാത്ത അസൂയയും അഭിമാനവും. ഇതിലെ കുറേക്കഥകൾ എന്റെ അനുഭവമാണ്. ഈ പഹയന്  അതൊക്കെ എങ്ങനെകിട്ടി. എന്നിലൂടെ ഇത്തരം അനുഭവങ്ങൾ കടന്നുപോകുമ്പോൾ ഞാനതിൽ കഥയുടെ അംശങ്ങൾ കണ്ടിട്ടേയില്ല. സമാനാനുഭവം അസീമിലൂടെ കടന്നുപോകുമ്പോൾ അത് രസകരമായ കഥയായി ഗൃഹാതുരത്വമായി ചിന്തയായി നമ്മെ തഴുകുന്നു. നാഗരികനായ എന്നെ പഴമയിലേക്ക് ഗ്രാമത്തിലേക്ക് പൂർവസൂരികളിലേക്ക് വലിച്ചടുപ്പിക്കാനായെത്തിയ അറബിക്കഥകളിലെ ബദൂവിയനായി കഥകളിലൂടെ ഈ പള്ളിവിളക്കാരനെ എനിക്കനുഭവപ്പെട്ടു. 

        ഈ നവലോകക്രമത്തിലും തിരക്കിലും അസീം ജീവിക്കുന്നത് ഭൂതത്തിലാണ്. ഭൂതത്തിലിരുന്നുകൊണ്ട് ചൂണ്ടയെറിഞ്ഞ് വായനക്കാരനെ കുടുക്കി ഭൂതത്തിലെത്തിക്കുന്ന എഴുത്ത്. കാളവണ്ടി, തപാൽപ്പെട്ടി, കമ്പിളിയാസ്, ആദ്യ നോയമ്പിന്റെ ഓർമ ഇവയെല്ലാം ബിംബങ്ങളാണ്. ഏതൊരു വായനക്കാരനെയും അവന്റെ ഓർമകളിലൂടെ സഞ്ചരിക്കാൻ നിർബന്ധിക്കുന്ന ബിംബങ്ങൾ.  അവയിലൂടെ വായനക്കാരന്റെ ഓർമകളെ ഗൃഹാതുരത്വത്തെ ഉണർത്തി ചൂഷണം ചെയ്ത് തന്റെ ചിന്തകൾ പങ്കുവയ്‌ക്കുന്നതിലൂടെ  ആ ചിന്തകളെല്ലാം വായനക്കാരന്റെ സ്വാനുഭവമായി അവന് അനുഭവപ്പെട്ട്  കഥയെ നെഞ്ചോട് ചേർക്കുന്ന എഴുത്തിന്റെ മന്ത്രം.  
      കിളിയനും രാമനാഥനും കാളവണ്ടിക്കാരൻ കുറുപ്പും കൊർണിഷിലെ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന വൃദ്ധനും വാവച്ചനുമെല്ലാം വേറെപേരുകളിൽ വേറെ ജീവിത സാഹചര്യങ്ങളിൽ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ നമ്മളവരെ അവഗണിച്ച് കടന്നുപോകുമ്പോൾ ഈ പള്ളിവിളക്കാരൻ തന്റെ ഓർമകളിലേക്ക്, താളുകളിലേക്ക് അവരെ തളച്ചിടുന്നു. നിറങ്ങളുടെ വൈവിധ്യപൂർണമായ കൊളാഷുകൾ ഈ കഥാകാരന്റെ പ്രേത്യേകതയാണ്. ക്യാൻവാസിലേക്ക് ചിത്രകാരൻ നിറങ്ങൾ കോരിയൊഴിക്കുമ്പോലെ  പലകഥാപാത്രങ്ങളുടെമേലും ജീവിതാവസ്ഥകളിന്മേലും കടും വർണങ്ങൾ എഴുത്തുകാരൻ വാരിപൂശുന്നുണ്ട്. പെന്റോഗ്രാഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പത്തു കഥകളടങ്ങിയ ഈ ചെറുകഥാസമാഹാരത്തിന്റെ ആദ്യതാളിൽ തന്നെ തന്റെ ജീവിതവീക്ഷണം  അസീം കുറിച്ചിട്ടിരിക്കുന്നതിങ്ങനെ;
"മിച്ചമെന്തുണ്ട്
നല്ല പാതി ചോദിപ്പൂ
തുച്ഛമാം ജീവിതത്തിൽ
മെച്ചമാം ഓർമകളല്ലോ സഖീ മിച്ചം"
ഹാജിറയുടെ കുതിരയിൽ കേറിയുള്ള  പഴമയിലേക്കുള്ള മിത്തിലേക്കുള്ള അനുഭവങ്ങളിലേക്കുള്ള യാത്ര വായനക്കാർക്ക് നവ്യാനുഭവം തന്നെയായിരിക്കും. തീർച്ച......

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...