Skip to main content

TRAPPED

          സാമൂഹ്യ ജീവിയായി ജീവിതം മുന്നോട്ട് നയിക്കാൻ കഴിയുന്നരീതിയിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സാഹചര്യങ്ങൾ അവനെ ഒറ്റപ്പെട്ട തുരുത്തുകളിലേക്കു തള്ളുമ്പോൾ അതിജീവിക്കാൻ അവൻ സ്വയം പ്രാപ്തനാകും. ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ അതിജീവന കഥകൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. പ്രകൃതിയെ പാഠശാലയാക്കി അവൻ ആദ്യം മുതൽ പ്രകൃതിയറിവുകൾ സ്വയം പഠിച്ച് മനുഷ്യക്കൂട്ടത്തിലേക്കു മടങ്ങി വരുന്ന കഥകൾ നമ്മെ ഉൾപ്പുളകം കൊള്ളിച്ചിട്ടുമുണ്ട്. എന്നാൽ നഗരമധ്യത്തിലെ തിരക്കേറിയ വീഥിയിലെ ആളൊഴിഞ്ഞ ഫ്ലാറ്റിൽ ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ കഥ നമ്മളിൽ പലരും അറിഞ്ഞിരിക്കില്ല. നൂറാമത്തെയോ നൂറ്റിഅമ്പതാമത്തെയോ നിലയിലെ ഫ്ലാറ്റിൽ കുടുങ്ങിപ്പോയാൽ കൈയ്യിലെ മൊബൈൽ തകരാറിലായാൽ വാതിലുകളെല്ലാം പൂട്ടപ്പെട്ടുപോയാൽ...... 


              അത്തരമൊരു സാധ്യതയിലേക്കാണ് 2016ൽ പുറത്തിറങ്ങിയ വിക്രം മോട്വാനിയുടെ  'ട്രാപ്പ്ഡ്' എന്ന ഹിന്ദി ചിത്രം നമ്മളെ ക്ഷണിക്കുന്നത്. കൂട്ടുകാരോടൊപ്പം കഴിയുന്ന കാൾ സെന്റർ ജീവനക്കാരനായ ശൗര്യ (രാജ്കുമാർ റാവു) സഹജോലിക്കാരിയായ  നൂറിയുമായി (ഗീതാഞ്ജലി ഥാപ്പ) അവളുടെ നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിന്റെ ഏതാനും നാളുകൾക്ക് മുൻപേ പ്രണയത്തിലാകുന്നു. ഒളിച്ചോടി ജീവിക്കാനായി നിയമക്കുരുക്കിൽപെട്ട് പണി പകുതിയായ നൂറോളം നിലകളുള്ള ഫ്ലാറ്റിൽ താമസം തരപ്പെടുത്തുന്നു. ആ റൂമിൽ അബദ്ധവശാൽ ഡോർ ലോക്ക് ആയി ശൗര്യ പെട്ടുപോകുന്നു. വൈദ്യുതിയും വെള്ളവും അപൂർവമായ ഫ്ലാറ്റിൽ ചാർജ് തീർന്ന മൊബൈലുമായി അയാൾ പൂർണമായും കുടുക്കിൽ പെടുന്നു. പിന്നെ കടന്നുവരുന്നത് ദുരന്തത്തിന്റെ ദിനങ്ങളാണ്, പ്രതീക്ഷയുടെയും... 
        പുറത്തിറങ്ങാനുള്ള വിഫലമായ ശ്രമങ്ങൾക്ക്ശേഷം ആ അവസ്ഥയുമായി ഇണങ്ങി ജീവിക്കാൻ അയാൾ തയ്യാറാകുന്നു. പ്രതീക്ഷിക്കാത്ത ജീവിത സാഹചര്യങ്ങളിലൂടെ ശൗര്യ കടന്നുപോകുമ്പോൾ ആൾക്കൂട്ടവും കളിചിരികളുമെല്ലാത്തിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്ന ആധുനിക മനുഷ്യൻ അവൻ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് ശൗര്യയിൽ നിന്നും തീർച്ചയായും ബോധവാനാകും. അതിജീവിക്കുന്നവൻ മാത്രമേ നിലനിൽക്കുകയുള്ളു. അവസാന നിമിഷം വരെ അതിജീവിക്കാൻ പ്രശ്നങ്ങൾ തരണം ചെയ്യാൻ ശൗര്യ കഠിനമായ ഇച്ഛശക്തിയോടെ പ്രവർത്തിക്കുന്നുണ്ട്. 
         അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആധുനിക മനുഷ്യനോടുള്ള തുറന്ന വെല്ലുവിളിയാണ് 'ട്രാപ്പ്ഡ്'. അനുരാഗ് കശ്യപിന്റെയും ദീപ മെഹ്തയുടെയും സ്കൂളുകളിലൂടെ സിനിമ രംഗത്തെത്തിയ സംവിധായകനാണ്  വിക്രമാദിത്യ മൊട്‍വാനി. ഇരുത്തം വന്ന സംവിധായകകാഴ്ചപ്പാടുകൾ സിനിമയിലുടനീളം കാണാൻ സാധിക്കും. ഏകപാത്രഭിനയത്തിന്റെ സൂക്ഷ്മതയിലൂടെ നമ്മെ പലപ്പോഴും അമ്പരപ്പിക്കുന്നു 'രാജ്‌കുമാർ റാവു'. അഭിനയത്തിനപ്പുറം ആരും ഏതു നഗരത്തിലും എപ്പോൾ വേണൊ ഇത്തരം ഒറ്റപ്പെടലുകളാൽ ചുറ്റപ്പെടാമെന്നുമുള്ള സ്വാഭാവികത ജനിപ്പിച്ച് നമ്മെ വിശ്വസിപ്പിക്കാനും രാജ്‌കുമാറിന്റെ  സൂക്ഷ്മാഭിനയത്തിന് കഴിയുന്നുണ്ട്. 2017മാർച്ചിൽ പുറത്തിറങ്ങിയ അതിഗംഭീരമായ ഈ ഇന്ത്യൻ ചിത്രം ആമസോൺ പ്രൈം വഴി ഇപ്പോഴാണ് കാണാൻ സാധിച്ചത്. 

സിനിമ കണ്ടുകഴിഞ്ഞുള്ള ആലസ്യത്തിൽ നഗരമധ്യത്തിലെ ബൈക്കിലൂടെയുള്ള കറക്കത്തിൽ അനുവാദമില്ലാതെ എന്റെ കണ്ണുകൾ ചുറ്റും കാണുന്ന ഫ്‌ളാറ്റുകളുടെ ഉയരങ്ങളിലേക്ക് പരക്കം പായുന്നുണ്ട്. സഹായത്തിനായി ആരെങ്കിലും പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ടോ എന്ന്.

Comments

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...