Skip to main content

"രഹസ്യജാലകത്തിലൂടെയൊരു ഒളിനോട്ടം"...



             

              വി.വി.കുമാറിന്റെ കഥകൾ വെറും കഥകളല്ല. നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. നാം ശ്രദ്ധിക്കാതെ പോകുന്ന ദൈനംദിന അനുഭവങ്ങളിൽ നിന്നും സമകാലീന വാർത്തകളിൽ നിന്നും അയാൾ കഥകൾ കണ്ടെടുത്തിരിക്കുന്നു. മിക്ക കഥയിലേയും കഥാപാത്രങ്ങൾ നമുക്ക് പരിചിതരാണ്. അവർ ഇന്നലത്തെ പത്രവാർത്തയിലെ പ്രധാനനായകനോ അയൽക്കൂട്ട സംഭാഷണങ്ങൾക്കിടയിൽ കടന്നുവരുന്ന  മുഖ്യവില്ലനോ ആകാം. നമ്മളൊന്നിച്ചു കടന്നുപോയ വഴികളിൽ കണ്ടകാര്യങ്ങൾ  നമ്മളറിയാത്ത ഭൂതക്കണ്ണാടിയിലൂടെ വേറിട്ട വീക്ഷണകോണിൽ കുമാർ നോക്കിക്കാണുകയാണ്. ആ ചില്ലിട്ട ഭൂതക്കണ്ണാടിയാണ് 'ചിന്ത പബ്ലിഷേഴ്സ്' പ്രസിദ്ധീകരിച്ച പതിനഞ്ചു ചെറുകഥകളടങ്ങിയ 'രഹസ്യജാലകങ്ങൾ'.              

         ഓരോ കഥകളെയും വ്യത്യസ്തമായ ആഖ്യാനശൈലികളിലൂടെയാണ് ഈ കഥ പറച്ചിലുകാരൻ പറഞ്ഞു വച്ചിരിക്കുന്നത്. 'സാമൂഹ്യപാഠമെന്ന' കഥയിലെ വിപ്ലവകാരി ഫാസിസ്റ്റ് ശക്തികളാൽ ഒരു വീടിനു ബോംബിടാൻ വിധിക്കപ്പെട്ട് ചായ്പ്പിൽ കാത്തിരിക്കുമ്പോൾ അകത്തെ മുറിയിലെ പെൺകുട്ടി വായിച്ചു പഠിക്കുകയാണ്. "നാം നമ്മുടെ യഥാർത്ഥ ശത്രുവിനെയോ പ്രശ്നത്തെയോ കാണുന്നില്ല. രാഷ്ട്രീയത്തിലെ പ്രശ്നവും ഇതുതന്നെയാണ്. ജപിച്ചുവിടപ്പെട്ട ഒരാളെക്കൊണ്ട് വലിയ ക്രൂരതകൾ ചെയ്യിക്കാം.കപ്പലുകൾ മാത്രമല്ല, ഭരണകൂടങ്ങളേയും സംഘടനകളെയും തുരങ്കം വയ്ക്കാം. പാപം ചെയ്തുകൊണ്ട് തന്നെ പാപബോധത്തിൽ നിന്നും മുക്തി നേടുവാൻ വിശ്വാസങ്ങൾ മനുഷ്യനെ സന്നദ്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് ചരിത്രഗതിയെക്കുറിച്ചുള്ള ബോധം പോലെ തന്നെ മനുഷ്യമനസ്സിന്റെ അന്തർധാരകളെക്കുറിച്ചുള്ള ബോധവും ഒരു വിപ്ലവകാരിക്ക് അനിവാര്യമായിത്തീരുന്നു". വിപ്ലവകാരിയുടെ മനഃശാസ്ത്രത്തെ വിശകലനം ചെയ്യാൻ ഇതിനേക്കാൾ മനോഹരമായ മറ്റേതവസരമാണുള്ളത്. തത്വശാസ്ത്രങ്ങൾ മുഴച്ചു നിൽക്കാതെ കഥയോട് ലയിപ്പിച്ചു ചേർക്കുന്ന എഴുത്തുരീതി.


           'ഒറ്റവൈക്കോൽ വിപ്ലവത്തിൽ' നഗരത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ഉയർന്നുവന്നപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട ദിവാകരൻ മാഷിനെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്; "മധ്യവയസ്ക്കനും പ്രാകൃതനുമായ ഒരാൾ ഏഴാം നിലയിലെ കോറിഡോറിൽ പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ടു എന്ന വാക്ക് അളന്നുതൂക്കി തന്നെയാണ് പ്രയോഗിച്ചത്. സദാ പോലീസിന്റെ നിരീക്ഷണത്തിലുള്ള, സെക്യൂരിറ്റി ഗാർഡിന്റെ മൂന്ന് വലയങ്ങളുള്ള, ചുറ്റും നിരീക്ഷണ ക്യാമറകളുള്ള ഫ്ലാറ്റിനുള്ളിലെ ഏഴാം നിലയിലൊരപരിചിതൻ കടന്നുവരികയെന്നത് സങ്കല്പാതീതം തന്നെ. അപ്പോൾ പ്രത്യക്ഷപ്പെട്ടു എന്നല്ലാതെ മറ്റെന്തു വാക്കാണ് പ്രയോഗിക്കേണ്ടത്?".

അയാളുടെ മാനസികനില വ്യക്തമാക്കിയിരിക്കുന്നതിങ്ങനെയാണ്; "കുറേക്കൂടി വിശദമായി പറഞ്ഞാൽ നിങ്ങളെ പ്രഹരിക്കാൻ ഉൽക്കടമായി ആഗ്രഹിക്കുകയും എന്നാൽ നിങ്ങൾ പ്രഹരിച്ചേക്കുമെന്ന് ഭയപ്പെടുകയും ചെയ്യുന്ന ഒരുവനെ പോലെയായിരുന്നു ആ മനുഷ്യൻ". ഒരാളുടെ അന്തർസംഘർഷങ്ങളായ ഭയവും രോഷവും ഇതിലും മനോഹരമായി അവതരിപ്പിക്കുന്നതെങ്ങനെ..!

               'പരമകാരുണികനായ ദൈവമേ' എന്ന കഥയിൽ വിശ്വാസത്തിനും അവിശ്വാസ ത്തിനും ഇടയിൽ ശ്വാസം കിട്ടാതെ പിടച്ച ഹരിനാരായണൻ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ കെ.എസ്. ധീരനായി മാറുമ്പോൾ വായനക്കാരന് മനസിലാകും അത് മറ്റാരുമല്ല, താൻ തന്നെയാണെന്ന്, തനിക്ക് നേരെപിടിച്ച മുഖക്കണ്ണാടിയാണതെന്ന്.

         കഥകളെല്ലാം നമുക്ക് ഭൂതകാലത്തിന്റെ സ്മരണകളാണ്. എന്നാൽ 'റസാഖിന്റെ ജീവചരിത്രം' ഭൂതകാലത്തിൽ തുടങ്ങി, അവസാന അദ്ധ്യായം പിരിമുറുക്കം ഒട്ടുംചോർന്നുപോകാതിരിക്കാൻ തത്സമയം സംപ്രേക്ഷണം ചെയ്യുകയാണെന്ന  കഥാകാരന്റെ  മുഖവുരയോടെ,  വർത്തമാനകാലത്തിൽ പറഞ്ഞവസാനിപ്പിക്കുന്ന എഴുത്തിന്റെ രസതന്ത്രം.


                         എഴുത്തുകാരൻ ഒളിച്ചുനിൽക്കുകയോ തെളിഞ്ഞു നിൽക്കുകയോ ചെയ്യുന്നില്ല. കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച്, അവരിലൊരാളായി, വൈകാരികതയിൽ കഥാപാത്രങ്ങൾ വിട്ടുപോകുന്ന ഭാഗങ്ങൾ കൂട്ടിച്ചേർത്തു കഥാസംഗ്രഹിക്കാൻ സഹായിയായി മാറുന്ന സമകാലീന എഴുത്തിന്റെ ഏറ്റവും പുതിയ മുഖം. പുസ്തകത്തിന്റെ ബ്ലർബിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ സാമൂഹിക പ്രതിബദ്ധതയിലും രാഷ്ട്രീയ ഇച്ഛാശക്തിയിലും ഉരുവായ വിമർശനങ്ങൾ കറുത്ത ഫലിതത്തിനുള്ളിൽ അടക്കം ചെയ്തു പറയുന്ന രചനാകൗശലം. വി.വി.കുമാർ ജാലകങ്ങളിലൂടെ ഒളിഞ്ഞു നോക്കിയ അനുഭവങ്ങൾ പങ്കുവയ്ക്കുകയല്ല ചെയ്യുന്നത്, മറിച്ച് അതേ "രഹസ്യജാലകങ്ങളിലൂടെ" നോക്കാൻ നമ്മെയും പ്രേരിപ്പിക്കുകയാണ്.


Comments

V V Kumar said…
പ്രിയ ഹാസിം
ഒരു കഥ വായിച്ചിട്ടു കൊള്ളാം എന്ന ഒഴുക്കൻ മട്ടിലുള്ള അഭിപ്രായങ്ങൾക്കപ്പുറം കഥയിലെ സത്ത കണ്ടെത്തുമ്പോഴാണ് പരമമായ സന്തോഷം തോന്നുന്നത്. ഇവിടെ ഒരു കഥയിൽ കഥാപാത്രം കടന്നു വരുന്നിടത്തു " പ്രത്യക്ഷപെട്ടു " എന്ന പ്രയോഗം പോലും കൃത്യമായി കണ്ടെത്തിയിരിക്കുന്നു. എത്ര സൂക്ഷ്മമായാണ് പ്രിയപ്പെട്ട ഹസിം എന്റെ കഥകളെ വായിച്ചിരിക്കുന്നത് ..നന്ദിയും സ്നേഹവും ..

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...