പത്തൊന്‍പതാം കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായമെന്ന് കേട്ട ശേഷം രണ്ടാമത്തെ സ്ക്രീനിംഗിന് അനിയന്ത്രിതമായ തിരക്കിനിടയില്‍ രണ്ട് മണിക്കൂര്‍ സീറ്റ് കിട്ടാതെ പൂര്‍ണമായി നിന്ന് കണ്ട ചിത്രമായിരുന്നു മുഹ്സിന്‍ മഖ്ബല്‍ബഫിന്‍റെ 'പ്രസിഡന്‍റ്'. ചെറിയ കാന്‍വാസില്‍ മികച്ച സിനിമകള്‍ വരച്ചുകൂട്ടിയ സംവിധായകന്‍റെ പുതിയൊരു ചെറുചിത്രം എന്ന നിലയിലാണ് ചിത്രം കണ്ടുതുടങ്ങിയത്. എന്നാല്‍ രണ്ട് മണിക്കൂറും നില്‍ക്കുകയാണെന്ന കാര്യംപോലും വിസ്മരിച്ച് ശ്വാസമടക്കിപ്പിടിച്ച് സ്ക്രീനിലേക്ക് നോക്കിനിന്നുപോയി.
അധികാരഭ്രാന്ത് മൂത്ത എകാധിപധിയായ പ്രസിഡന്‍റ് അധികാരത്തിന്‍റെ മയക്കുന്ന ലഹരി ചെറുമകനിലേക്ക് പകരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. വിമതരാല്‍ അധികാരഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍ സ്വന്തം ജീവന് ഭയന്ന് തന്‍റെ കൊച്ചുമകനെയും കൊണ്ട് പ്രസിഡന്‍റ് രാജ്യത്തിലൂടെ പലവേഷങ്ങളില്‍ സഞ്ചരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി തന്‍റെ ദുര്‍ഭരണം വരുത്തിവച്ച നാശനഷ്ടങ്ങളെക്കുറിച്ചയാള്‍ അപ്പോഴാണ് ബോധവാനാകുന്നത്. പുതിയ വിമത ഭരണവും പഴയതിന്‍റെ തുടര്‍ച്ചയായേ പരിണമിക്കുന്നുള്ളൂ. ഏകാധിപതികളുടെ അവര്‍ത്തന വിരസമായ ചരിത്രമല്ല, മറിച്ച് ജനാധിപത്യത്തിന്‍റെ ശക്തിയും വിശ്വാസവുമേ ആത്യന്തികമായി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുകയുള്ളൂ എന്ന ശുഭപ്രതീക്ഷയില്‍ ചിത്രം അവസാനിക്കുന്നു.
മഗരിബ് രാഷ്ട്രങ്ങളിലെ അറബ് വസന്തം, സദ്ദാം ഹുസൈന്‍, കേണല്‍ ഗദ്ദാഫി ഇവരുടെയെല്ലാം ചരിത്രമായി കൂട്ടിവായിക്കാമെങ്കിലും കാബൂളില്‍ 1920ല്‍ ഭരിച്ചിരുന്ന അമാനുള്ളഖാനും വിമതരാല്‍ തകര്‍ക്കപ്പെട്ട അയാളുടെ കൊട്ടാരമായ ദാറുല്‍ അമാനുമാണ് തന്നെ ഈ ചിത്രത്തിലേക്ക് എത്തിച്ചതെന്ന് മുഹ്സിന്‍ മഖ്ബല്‍ബഫ് പറയുന്നുണ്ട്. അധികാരം, ഏകാധിപത്യം തുടങ്ങിയവയ്ക്കെതിരേയുള്ള ശക്തമായ രാഷ്ട്രീയ സിനിമ തന്നെയാണ് മുഹ്സിന്‍ മഖ്ബല്‍ബഫിന്‍റെ 'പ്രസിഡന്‍റ്'. ഇറാന്‍ പോലുള്ള ഒരു രാഷ്ട്രത്തില്‍ ശക്തമായ ഏകാധിപത്യത്തിന് കീഴില്‍ നിന്നുകൊണ്ട് ഈ ചിത്രം നിര്‍മ്മിക്കാന്‍ മഖ്ബല്‍ബഫിന് കഴിഞ്ഞത് അത്ഭുതം തന്നെയാണ്. രാജ്യാന്തര ചലച്ചിത്രമേളയിലെ മാത്രമല്ല ഈ വര്‍ഷം ഞാന്‍ കണ്ട ചിത്രങ്ങളില്‍ തന്നെ ഏറ്റവും മികച്ചതും 'പ്രസിഡന്‍റ്' തന്നെയാണ്...

Comments