Skip to main content

"ഭക്തിപുരസരമൊരു നിലവിളക്ക് കൊളുത്തല്‍"


ഏതൊരു കലാകാരനും ജാതിമതരാഷ്ട്രീയ ചിന്തകൾക്കതീതനായി രാഷ്ട്രമെന്ന കേവലം സാങ്കൽപിക തത്വചിന്തകളും മറികടന്ന് ലോകം മുഴുവൻ ഒന്നായി കാണാനുള്ള പ്രാപ്തി നേടിയിരിക്കണം. ആ ബോധം ലഭിക്കാനവൻ കഠിനാദ്ധ്വാനം ഒന്നും ചെയ്യേണ്ട കാര്യമില്ലാ. തന്‍റെ മാദ്ധ്യമമായ കലയെ ആത്മാർത്ഥമായി ഉപാസിച്ചാൽ മാത്രം മതി. അതേത് കലയായാലും ആ കലയിലൂടെ അവൻ സ്വയം വിമലീകരിക്കപ്പെട്ട് പരിശുദ്ധനാക്കിത്തീർക്കപ്പെടും. കലയെ ഉപാസിക്കാതെ ഭൗതീക ജീവിതത്തിലെ കേവല താത്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നവർ സ്വയം വിഷമുള്ളുകൾ വാരി വിതറി കലയെക്കൂടി മലീമസപ്പെടുത്തും. കലയിലൂടെ നവീകരിക്കപ്പെട്ട സാക്കീർ ഹുസൈന് നിലവിളക്ക് വിശ്വാസമല്ലാ. ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. 
ബിസ്മില്ലാഖാന്‍റെ ഷെഹ്നായ് വരണാസിയിലെ ഏല്ലാ മതവിശ്വാസികളുടെ കല്യാണത്തിനും ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഗംഗയുടെ തീരത്തെ വിശ്വനാദ ക്ഷേത്രത്തിലെ നട തുറക്കുമ്പോൾ ഷെഹ്നായ് കൊണ്ട് അർച്ചന നടത്തി ഉസ്താദ് അവിടെ ഉണ്ടായിരുന്നു. ഷെഹ്നായുടെ മന്ത്രിക ശബ്ദത്തിൽ മയങ്ങി ലണ്ടനിലെ തെംസ് നദിക്കരയില്‍ കൊട്ടാരസദൃശ്യമായ മണിമന്ദിരം വാഗ്ദാനം ചെയ്ത പ്രഭുവിനോട് ഉസ്താദ്‌ പറഞ്ഞത്‌: "നിങ്ങള്‍ക്കൊരു നദിയും ഒരു കൊട്ടാരവും തരാന്‍ കഴിയുമായിരിക്കും. പക്ഷെ അതൊരിക്കലും എന്‍റെ ഗംഗയോ വാരണാസിയോ ആകുകയില്ലല്ലോ" എന്നാണ്. ഇതിനിടയില്‍ എപ്പോഴാണ് അസഹിഷ്ണുതയുടെ വിത്തുകള്‍ നമുക്കിടയില്‍ വാരിവിതറപ്പെട്ടത്. അസഹിഷ്ണുതയുടെ വിത്തുകൾ എല്ലാക്കാലത്തും ഇവിടെ പല തരത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും വിദ്യാസമ്പന്നരാണ് ഇന്നതിനെ കൂടുതലായി പരിപോഷിപ്പിക്കുന്നത് എന്നത് ചിന്തനീയമാണ്.
മനുഷ്യന്‍ എത്ര വലിയ വിഡ്ഢിയാണ്...
സ്വയം ചിന്തിക്കാത്തവന്‍..
ലോക്കറിലെ അടുക്കിവച്ച പച്ചനോട്ടുകളും ശീതികരിച്ച ഫ്ലാറ്റും കാറും ഇന്റര്‍നെറ്റുമെല്ലാം പ്രകൃതിക്ക് മുന്‍പില്‍ വെറും അശുക്കളായി മാറുമ്പോള്‍ മതവും ജാതിയും വര്‍ണവും ചിഹ്നങ്ങളും മാറ്റിവച്ച്കൊണ്ട് ഹൃദയം ഹൃദയത്തെ തിരിച്ചറിഞ്ഞു സഹായഹസ്തം നീട്ടുമെന്നതിനു അവസാന ഉദാഹരണമായി ചെന്നൈ നഗരവും നമുക്ക്‌ മുന്‍പില്‍ നില്‍ക്കുന്നു. നമ്മളിലേക്ക് ഒരു ദുരന്തം എത്തിച്ചേരുംമുന്‍പ്‌ നമുക്ക് സഹായഹസ്തങ്ങള്‍ ഉയര്‍ത്താം... കൈകൾ കോർത്തു പിടിക്കാം. 
അല്ലെങ്കില്‍ നമുക്കിതുപോലെന്നും ചിന്തിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാം...

"ടിവിയില്‍ ഗുസ്തി കണ്ട് പ്രചോദിതനായ ജ്യേഷ്ഠന്‍ തന്‍റെ ആദ്യ ശത്രുവായി പ്രഖ്യാപിച്ചു യുദ്ധം ചെയ്തത് എന്നോടാണ്. അയല്‍ക്കാരനുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഞങ്ങളൊന്നിച്ചു നിന്ന് അയല്‍ക്കാരന്‍റെ വേലി പൊളിച്ചു. അടുത്ത പഞ്ചായത്തുമായുള്ള വഴിത്തര്‍ക്കത്തില്‍ ഞങ്ങളും അയല്‍ക്കാരനും ഒന്നിച്ചു നിന്ന് പുതിയ റോഡ്‌ വെട്ടി. അടുത്ത ജില്ലയില്‍ പുതിയ ഇലക്ട്രിക്‌ ശ്മശാനം വരുന്നെന്നറിഞ്ഞു ഞങ്ങള്‍ എല്ലാ പഞ്ചായത്തുകാരും ഒന്നിച്ചു നിന്ന് നിവേദനം തയ്യാറാക്കി: "മരണസംഖ്യ ഞങ്ങളുടെ ജില്ലയിലാണ് കൂടുതല്‍.അതിനാല്‍ ആദ്യ ശ്മശാനം ഞങ്ങളുടെ ജില്ലയിലാണ് വരേണ്ടതെന്ന്". അടുത്ത സംസ്ഥാനവുമായി ജലത്തര്‍ക്കമുണ്ടായപ്പോള്‍ ഞങ്ങള്‍ എല്ലാ ജില്ലക്കാരും ഒന്നിച്ചു: ഇത് ഞങ്ങടെ ജലം.ഞങ്ങള്‍ തീരുമാനിക്കും ആര്‍ക്കു കൊടുക്കണമെന്ന്". ഞങ്ങളുടെ രാജ്യത്തിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതോടെ അയല്‍രാജ്യത്തിനെതിരെ ഞങ്ങള്‍ എല്ലാ സംസ്ഥാനക്കാരും ഒന്നിച്ചു.ആഗോളതാപനത്തിനെതിരായുള്ള ഉച്ചകോടിയില്‍ അടുത്ത ഭൂഖണ്ഡത്തിനെതിരെ ഞങ്ങളുടെ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളും ഒന്നിച്ചു.ഭൂമിയില്‍ ഉല്‍ക്കകള്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് നാസ പറഞ്ഞപ്പോള്‍ അതെങ്ങനെ തടുക്കമെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ എല്ലാ ഭൂഖണ്ഡക്കാരും ഒന്നിച്ചു. 
അയല്‍ക്കാര്‍ക്കും പഞായത്തുകള്‍ക്കും ജില്ലകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമതീതമായി മതങ്ങള്‍
ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു.
സംസ്കാരങ്ങള്‍ ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു. 
പ്രകൃതിദുരന്തങ്ങള്‍ ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു.
രാഷ്ട്രീയ ചിന്തകള്‍ ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു.
കലാരൂപങ്ങള്‍ ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു.
ലിംഗത്വ പ്രശ്നങ്ങള്‍ ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു. 
വ്യത്യസ്ത രോഗങ്ങള്‍ ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു. 
വ്യത്യസ്ത വര്‍ണ്ണങ്ങള്‍ ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു.
വ്യത്യസ്ത ആഘോഷങ്ങള്‍ ഞങ്ങളെ ഒന്നിപ്പിച്ച് ഭിന്നിപ്പിച്ചു. 
എങ്കിലുമൊരിക്കലും ഞങ്ങള്‍ ചിന്തിക്കില്ല ഞങ്ങളെല്ലാവരും മിത്രങ്ങളാണെന്നും കാര്യമില്ലാത്ത കാര്യത്തിനാണ് ശത്രുക്കളായതെന്നും.... 
ഞങ്ങളെന്നുമിങ്ങനെ പട വെട്ടിക്കൊണ്ടേയിരിക്കും അതില്‍ യാതൊരുവിധ അര്‍ത്ഥങ്ങളുമില്ലെങ്കിലും".

Comments

Anonymous said…
nalla chinthakalaanu.
Anonymous said…
orupaadu vaayikkanam.nalla shyli

Popular posts from this blog

തൊട്ടുതൊട്ടു നടക്കുമ്പോൾ...

                അലസമായ ഞായറാഴ്ച അലസാലസമായ പത്രവായനയും കഴിഞ്ഞു ചാരുകസേരയിൽ കൂനിക്കൂടി ഇരുന്നപ്പോൾ, കാമുകിയുടെ ഓർമ്മകൾ അകാരണമായി വേട്ടയാടുകയും തത്ഫലമായി അവൾ തന്ന പുസ്തകങ്ങൾ ഷെൽഫിൽ പരതാൻ തുടങ്ങുകയും കൂടി ചെയ്തപ്പോൾ കയ്യിൽ തടഞ്ഞ പുസ്തകമാണ്  "വീരാൻ കുട്ടിയുടെ" 'തൊട്ടുതൊട്ടു നടക്കുമ്പോൾ' . അരമണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഹൈക്കു കവിതകൾ പോലെ കുറഞ്ഞ അക്ഷരങ്ങളിൽ കൂടുതൽ ആന്തരാർത്ഥങ്ങൾ അടക്കം ചെയ്തിരിക്കുന്ന കവിതാവലി. നൂറ്റിമുപ്പത്തിനാല് കുഞ്ഞുകവിതകൾ. പലതും  സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പിലൂടെയും വായിച്ചിട്ടുള്ളവാ. ഏകദേശം 13X10 സെ.മി നീളവും വീതിയുമുള്ള ഈ കുഞ്ഞു പുസ്തകവും അതിലെ നരച്ച മഞ്ഞനിറത്തോടുകൂടിയ പേപ്പറുകളും മനസ്സിൽ ഗൃഹാതുരത്വം അനുഭവിപ്പിക്കാൻ പോന്നവ തന്നെയാണ്.                               റൂമിയുടെയും ഓഷോയുടെയും പ്രണയാർദ്രമായ മൊഴിമുത്തുകൾ കേൾക്കുന്ന സുഖം പ്രധാനം ചെയ്യാൻ വീരാൻ കുട്ടിക്കും കഴിയുന്നുണ്ട്. കവിതകളെല്ലാം പ്രണയത്തിന്റെ തേനിൽ ചാലിച്ചെട...

സാക്ഷ്യം

ചീറിപ്പാഞ്ഞുവന്ന കാര്‍ അയാളെ തട്ടിത്തെറിപ്പിച്ചു.ചോരയില്‍ കുളിച്ചുകിടന്ന ആ ശരീരത്തെ നോക്കി പരിതപിക്കാനല്ലാതെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലാ.ഉടനെ വന്നു പരസ്യം. ടിവിയില്‍ ആ ദാരുണ രംഗം കണ്ടുകൊണ്ടിരുന്ന അവന്‍ പൊട്ടി വന്ന ക്ഷോഭത്താല്‍ പറഞ്ഞു; 'ബാസ്റ്റ്ഡ്....ഒരുത്തനെങ്കിലും അയാളെ വേഗം ഹോസ്പിറ്റലിലെത്തിച്ചെങ്കില്‍'.പരസ്യം വരാന്‍ കാത്തുനിന്ന അമ്മ അവനോടു പറഞ്ഞു;മോനെ വേഗം ഒരു കവര്‍ പാല് വാങ്ങിച്ചിട്ടു വാ?..... പരസ്യം തീരും മുന്‍പ് തിരിച്ചെത്തണം.അതിനാലവന്‍ രൂപയുമായി കടയിലേക്കോടി.തനിക്കും മുന്‍പെ സാധനം വാങ്ങാ‍ന്‍ കടയിലെത്തിയവരെ ഗൌനിക്കാതെ അവന്‍ വിളിച്ചു പറഞ്ഞു; പെട്ടെന്ന് ഒരു കവര്‍ പാല് വേണം? പാലുമായി പോകാന്‍ തിരിഞ്ഞപ്പോള്‍ ലോറിയിടിച്ച് റോഡില്‍ വീണു രക്തം വാര്‍ന്നു പോകുന്ന ഒരു ശരീരമവന്‍ കണ്ടു.പക്ഷേ അതും നോക്കി സമയം കളയാനവനു താത്പര്യമില്ലായിരുന്നു.ടിവിയില്‍ കണ്ട നായകനെ ആരെങ്കിലും ഹോസ്പിറ്റലില്‍ എത്തിച്ചോ? അതോ രക്തം വാര്‍ന്നു മരിച്ചോ? എന്ന ചോദ്യമായിരുന്നു അവന്റെ മനസു നിറയെ.വീട്ടിലേക്കോടിയ അവന്റെ മനസു നിറയെ പ്രാര്‍ത്ഥനയായിരുന്നു.......................

"ഒസ്സാത്തി"

            " ഒസ്സാത്തി " പേര് കേട്ടപ്പോൾ തന്നെ വല്ലാത്ത ആകർഷണം തോന്നി . കാരണം ഈ പേര്   ഒരുവിധപ്പെട്ട എല്ലാ മുസ്ലിം ഭവനങ്ങളിലും സാധാരണയായി   കേള്‍ക്കുന്ന   പേരാണ് . " ഒസ്സാക്കുടിയിലെ ഇരുന്ത് ലൈലാമ്മ മോള്‌ക്കെ കല്യാണം വിളിച്ച് വന്തിരുന്ത് ". ഉമ്മയുടെ വാക്കുകളാണ് . ഒസ്സാന്മാരായിരുന്നു പഴയ മുസ്ലിം വീടുകളിൽ ബാർബർമാരായി വന്നിരുന്നത് . ഡോക്ടർമാരുടെയും ആശുപത്രിയുടെയും അധിപത്യങ്ങൾക്കുമുൻപേ സുന്നത്ത് കല്യാണത്തിന്റെ ( ചേലാ കർമ്മം ) പേറ്റന്റും ഇവർക്കായിരുന്നു . ഒരു ഒസ്സായും സുന്നത്ത് കല്യാണത്തിൽ പിഴവ് വരുത്തിയതായി കേട്ടിട്ടില്ല . പാരമ്പര്യതൊഴിൽ അവരെ കൂടുതൽ ശക്തരാക്കിയിരിക്കണം . റമളാനിൽ വീട്ടിൽ സാക്കാത്ത് ( ദാനം ) ചോദിച്ച് വരുന്ന സാബർമാർക്കിടയിൽ ( പാവങ്ങൾ ) ഒസ്സാമാരുടെ കുടുംബാംഗങ്ങൾ ധാരാളമുണ്ടാകും . ബ്യൂട്ടിപാർലർകളും ആശുപത്രികളും പെരുകിയപ്പോൾ ഒസ്സാന്മാർക്ക് ജീവിതത്തിനായി സക്കാത്ത് തേടി ഇറങ്ങേണ്ടി വന്നു . എന്റെ ചെറുപ്പത്തിൽ എല്ലാ റമളാൻ മാസത്തിലും സക്കാത്ത്   തേടി പല്ലൊക്കെ വ...